Source :- SIRAJLIVE NEWS
പന്തളം | പന്തളത്ത് എം ഡി എം എ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടയില്‍ മുഖ്യസൂത്രധാരനായ അന്തര്‍സംസ്ഥാന ലഹരിമരുന്ന് സംഘത്തിലെ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശിയായ സാമുവല്‍ ക്ലെഫ്സണ്‍ ഒകാഫോനെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ എം മനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കഴിഞ്ഞ മെയ് 15ന് പന്തളം വലിയപാലത്തിന് സമീപം വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ഡീസല്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച് നിലയില്‍ ബംഗളുരുവില്‍ നിന്നും ഇടനിലക്കാരന്‍ മുഖാന്തിരം കടത്തിക്കൊണ്ടുവന്ന 395.30 ഗ്രാം എം ഡി എം എയാണ് പോലിസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന ഒന്നാം പ്രതി അടൂര്‍ ഏഴംകുളം സ്വദേശി മുഹമ്മദ് ഷാ(36), രണ്ടാം പ്രതി പറക്കോട് സ്വദേശി ഷംനാദ്(36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നുള്ള കേസിന്റെ അന്വേഷണത്തിനായി പത്തനംതിട്ട ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രകാശ് കെ എസ്, അടൂര്‍ ഡിവൈ എസ് പി പ്രദീപ് കുമാര്‍ വി എസ് എന്നിവരുടെ നേതൃത്വത്തില്‍ പന്തളംഎസ് എച്ച് ഒ സജീഷ് കുമാര്‍ വി, എസ് ഐമാരായ എം മനീഷ്, വിഷ്ണു യു എസ്, എ എസ് ഐ ഷൈന്‍, പോലീസ് ഉദ്യോഗസ്ഥരായ അന്‍വര്‍ ഷാ, രഞ്ജിത്ത്, ശ്രീരാജ്, ജിതിന്‍ എന്നിവരെ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ ആന്ദന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. ഇവര്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വന്‍ ലഹരിപ്പണമിടപാടുകള്‍ പുറത്തുവന്നത്.
ഒന്നാം പ്രതി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും 3,12,000 രൂപ സാമുവല്‍ ക്ലെഫ്സണ്‍ ഒകാഫോറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ഷെബീന ഖാനെ മെയ് 18ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ മുന്നാം പ്രതിയാക്കിയ സാമുവല്‍ ക്ലെഫ്സണെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ക്ക് ഹിമാചല്‍ പ്രദേശിലെ ഷിംല സദര്‍ പോലീസ് സ്റ്റേഷനില്‍ സമാനമായ രീതിയില്‍ എന്‍ ഡി പി എസ് ആക്ട് പ്രകാരം നിലവില്‍ കേസുണ്ടെന്ന് വ്യക്തമായി. പ്രതി ഡല്‍ഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു യു എസ്, ഡാന്‍സാഫ് എസ് ഐ മനീഷ് എം എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് ഡല്‍ഹിയിലെത്തി ജൂണ്‍ അഞ്ചിന് സാമുവല്‍ ക്ലെഫ്സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പന്തളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കേരളത്തിലേക്ക് വന്‍തോതില്‍ മാരക ലഹരിമരുന്നുകള്‍ എത്തിക്കുന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ സാമുവല്‍ ക്ലെഫ്സണ്‍ ഒകാഫോറെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ആന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലും ലഭ്യമാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.







