Home rss national malayalam പുതിയ വാർത്ത പശ്ചിമേഷ്യ: ഈ തീക്കളി അവസാനിപ്പിച്ചേ തീരൂ

പശ്ചിമേഷ്യ: ഈ തീക്കളി അവസാനിപ്പിച്ചേ തീരൂ

4
0

Source :- SIRAJLIVE NEWS

ഇറാന് നേരെ യു എസും ഇസ്‌റാഈലും ഏകപക്ഷീയ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ അത് മേഖലയിലാകെ സര്‍വനാശം വിതക്കുമെന്ന് ആശങ്കയുയര്‍ന്നതാണ്. ലബനാനിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിക്കുന്നതാണ് പിന്നെ കണ്ടത്. ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ വിജയം കണ്ടാലും പ്രതിസന്ധി അവസാനിക്കരുതെന്ന ദുഷ്ടലാക്കിലാണ് ഇസ്‌റാഈല്‍ ലബനാനിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. ഹോര്‍മുസില്‍ പിടിമുറുക്കിയ ഇറാനെ തകര്‍ക്കാന്‍ വന്‍ ശക്തികളുടെ സഹായം തേടി സംഘര്‍ഷവ്യാപനത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശ്രമിച്ചിരുന്നു. പക്ഷേ, അക്കാര്യത്തില്‍ മറ്റാരും സഹകരിക്കാത്തതിനാല്‍ ആ ഭീഷണിയൊഴിഞ്ഞു. അപ്പോഴും പ്രശ്‌നപരിഹാരത്തിന്റെ സാധ്യതകള്‍ അടയ്ക്കുന്ന തരത്തിലുള്ള ഭീഷണികളാണ് ട്രംപ് മുഴക്കിയത്. അങ്ങേയറ്റത്തെ പ്രതിച്ഛായാ നഷ്ടങ്ങള്‍ക്കിടയിലും ട്രംപ് മുഴക്കുന്ന വീരവാദങ്ങള്‍ മേഖലയില്‍ സമാധാനം പുലരുന്നതിന് തടയിടുകയായിരുന്നു. ഏറ്റവുമൊടുവില്‍ യമനിലെ ഹൂതിവിമതരും സഊദിയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനെയും ഈ സംഭവപരമ്പരകളുടെ തുടര്‍ച്ചയായി തന്നെയാണ് കാണേണ്ടത്. ഹൂതി- സഊദി സംഘര്‍ഷം അവസാനിപ്പിക്കണമെങ്കില്‍ ഇറാനും ഇസ്‌റാഈലും യു എസും ഉള്‍പ്പെട്ട തര്‍ക്കങ്ങളും കുതന്ത്രങ്ങളും അവസാനിപ്പിക്കണമെന്ന് ചുരുക്കം.

ഹൂതികള്‍ക്ക് ഇറാന്റെ ശക്തമായ സൈനിക, സാമ്പത്തിക പിന്തുണയുണ്ടെന്നത് വസ്തുതയാണ്. യമനിലെ ഔദ്യോഗിക സര്‍ക്കാറിനെ സഊദി പിന്തുണക്കുകയും ഹൂതികള്‍ ശക്തിസംഭരിക്കുന്നത് തടയാന്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. ഇറാനെതിരായ ആക്രമണം തുടങ്ങും മുമ്പ് തന്നെ സഊദിയും ഹൂതികളും ഏറ്റുമുട്ടുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ അത് കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയില്‍ വലിയൊരു സുരക്ഷാ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആക്രമണ, പ്രത്യാക്രമണങ്ങള്‍ യമനിനെ വീണ്ടുമൊരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ഭീതിയിലാണ് ആഗോള സമൂഹം. തന്ത്രപ്രധാനമായ ബാബ് അല്‍ മന്‍ദബ് കടലിടുക്കും മോഖാ തുറമുഖവും ഹൂതികള്‍ പിടിച്ചടക്കിയതോടെ, പ്രാദേശിക തര്‍ക്കമെന്നതിനപ്പുറം ആഗോള സാമ്പത്തിക- പ്രതിരോധ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതായി ഈ സംഘര്‍ഷം മാറിയിരിക്കുന്നു. സഊദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ സ്വാഭാവികമായും സഊദിയെ ശക്തമായി കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഊദി സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ വലിയ ആള്‍നാശത്തിനും മാനുഷിക പ്രതിസന്ധിക്കും കാരണമാകുന്നുവെന്നാണ് റിപോര്‍ട്ട്. ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതും ആഗോള ചരക്കുനീക്കം തടസ്സപ്പെടുന്നതും വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക സമ്പദ്്വ്യവസ്ഥക്ക് കടുത്ത ആഘാതമാകും. പുതിയ സംഘര്‍ഷത്തില്‍ ഇതിനകം തന്നെ 1,25,000ത്തിലധികം പേര്‍ അഭയാര്‍ഥികളായെന്നാണ് അല്‍ ജസീറ പോലുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഇറാന് നേരെ ആരംഭിച്ച ആക്രമണ പരമ്പരകളില്‍ തുടക്കത്തില്‍ ഇടപെടാതിരുന്ന ഹൂതികളെ അപകടകരമായ ആയുധക്കളിയിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ശിയാ രാഷ്ട്രത്തിന് വിട്ടുനില്‍ക്കാനാകില്ല. ഊര്‍ജ, ഉത്പന്ന പ്രവാഹത്തിന്റെ നാഡീവ്യൂഹമായ ജലപാതകള്‍ തടഞ്ഞുകൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിച്ചേ തീരൂ. അത് പക്ഷേ, സൈനിക നീക്കം കൊണ്ട് മാത്രം സാധ്യമാകേണ്ടതല്ല. കൂട്ടമരണത്തിലേക്കും കൊടും പട്ടിണിയിലേക്കും കൂപ്പുകുത്തുന്ന യമനിലെ സാധാരണ ജനങ്ങളെ മുന്നില്‍ക്കണ്ടെങ്കിലും ഐക്യരാഷ്ട്രസഭയും ആഗോള ശക്തികളും അടിയന്തരമായി ഇടപെട്ട് ഇരുപക്ഷത്തെയും ചര്‍ച്ചകളിലേക്ക് കൊണ്ടുവരണം. ഈ വിനാശകരമായ പ്രതിസന്ധി മറികടക്കാനുള്ള ഏക മാര്‍ഗമതാണ്.
പശ്ചിമേഷ്യയിലെ ഈ തീക്കളി ഇന്ത്യയുടെ ആഭ്യന്തര വിപണിയെയും സാമ്പത്തിക വളര്‍ച്ചയെയും നേരിട്ട് ബാധിക്കുന്നതാണ്. ആവശ്യമായ ക്രൂഡിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കറന്റ് അക്കൗണ്ട് കമ്മി വന്‍തോതില്‍ വര്‍ധിപ്പിക്കും. എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ 10 ഡോളറിന്റെ വര്‍ധനവും ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, മാംസം തുടങ്ങിയവയുടെ യൂറോപ്പിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കുമുള്ള കയറ്റുമതി ചെങ്കടല്‍ പ്രതിസന്ധി മൂലം വലിയ തിരിച്ചടി നേരിടുകയാണ്. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ യമനിലെ പ്രത്യേക പ്രതിനിധി അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്ത് ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചത് ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്. ഗള്‍ഫ് മേഖലയെയാകെ അസ്ഥിരപ്പെടുത്താനുള്ള ഇസ്‌റാഈലിന്റെ വിശാല പദ്ധതിക്ക് യു എസ് കൂട്ടുനില്‍ക്കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ സംശയിക്കുന്നുണ്ട്. മുമ്പൊന്നുമില്ലാത്തവിധം സന്ദേഹങ്ങളോടെയാണ് അവര്‍ ഡൊണാള്‍ഡ് ട്രംപിനെ കാണുന്നത്. യു എസിന്റെയും ഇസ്‌റാഈലിന്റെയും ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവന്നത് ഗള്‍ഫ്, അറബ് രാജ്യങ്ങളാണല്ലോ. അതുകൊണ്ട് മുഴുവന്‍ സംഘര്‍ഷമുഖങ്ങളിലും ആക്രമണവിരാമം സാധ്യമാക്കാന്‍ ഇറാനെ കൂടി ഉള്‍പ്പെടുത്തി അര്‍ഥവത്തായ ചര്‍ച്ചകളാണ് നടക്കേണ്ടത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാനാകും.