Home rss national malayalam പുതിയ വാർത്ത പി എയുടെ വീട്ടിലെ ഇ ഡി റെയ്ഡ്; കോണ്‍ഗ്രസ്സിലെ പദവികളില്‍ നിന്ന് രാജിവച്ച് ഉത്തരാഖണ്ഡ് മുന്‍...

പി എയുടെ വീട്ടിലെ ഇ ഡി റെയ്ഡ്; കോണ്‍ഗ്രസ്സിലെ പദവികളില്‍ നിന്ന് രാജിവച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സിലെ പദവികളില്‍ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം, പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്നീ പദവികളില്‍ നിന്നാണ് ഒഴിവായത്.

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി, തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദന്‍ സിംഗ് ജീനയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് രാജി. ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ (UKSSSC) 2016ല്‍ നടത്തിയ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.

ജീനയുടെ വസതിയില്‍ നിന്നുള്ള കണ്ടെത്തലുകളും ഇ ഡി റെയ്ഡും
മുന്‍ യു കെ എസ് എസ് എസ് സി ഉദ്യോഗസ്ഥര്‍, ഒ എം ആര്‍ ഷീറ്റുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സി ഉടമ, ഇടനിലക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഡെറാഡൂണിലെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയതായി ഇ ഡി അറിയിച്ചു. പരിശോധനക്കിടെ ജീനയുടെ വസതിയില്‍ നിന്ന് 32 ലക്ഷം രൂപയും സ്വര്‍ണവും ആഡംബര വാച്ചുകളും ഏജന്‍സി പിടിച്ചെടുത്തു.

2016-ല്‍ യു കെ എസ് എസ് എസ് സി നടത്തിയ ‘ഗ്രാം പഞ്ചായത്ത് വികാസ് അധികാരി’ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും വിജിലന്‍സ് ബ്യൂറോയും രജിസ്റ്റര്‍ ചെയ്ത നാല് എഫ് ഐ ആറുകളെ അടിസ്ഥാനമാക്കിയാണ് ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം, സുരക്ഷിതമായ സൂക്ഷിപ്പുകേന്ദ്രത്തില്‍ നിന്ന് ഒ എം ആര്‍ ഉത്തരക്കടലാസുകള്‍ മാറ്റുകയും കമ്മീഷന്റെ അന്നത്തെ സെക്രട്ടറിയുടെ വസതിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെവെച്ച്, പൂര്‍ണമായി പൂരിപ്പിക്കാത്ത ഉത്തരക്കടലാസുകളിലെ റോള്‍ നമ്പറുകള്‍ രേഖപ്പെടുത്തി ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് കൈമാറി. ഇടനിലക്കാര്‍ വഴിയുള്ള അനധികൃത പണമിടപാടുകള്‍ക്ക് ശേഷം, ഈ ജീവനക്കാര്‍ ഉത്തരക്കടലാസുകളിലെ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയ വൃത്തങ്ങള്‍ (bubbles) കൃത്രിമമായി പൂരിപ്പിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്ന് അവ വീണ്ടും സീല്‍ ചെയ്തു.

ജീനയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപയും, ഏകദേശം 200.5 ഗ്രാം ഭാരമുള്ള സ്വര്‍ണ നാണയങ്ങളും മാലകളും റോളെക്‌സ്, റാഡോ, പിയാജെ, മൊവാഡോ, ടിസോ, കാസിയോ എഡിഫൈസ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള 12 ആഡംബര വാച്ചുകളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു. കൂടാതെ, ജീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള, 52.16 ലക്ഷം രൂപ നിക്ഷേപമുള്ള ബേങ്ക് അക്കൗണ്ടുകള്‍ ഏജന്‍സി മരവിപ്പിക്കുകയും, ഫോറന്‍സിക് പരിശോധനക്കായി അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.

നിയമപരമായ വരുമാന സ്രോതസ്സുകളൊന്നും തെളിയിക്കാന്‍ കഴിയാത്ത തരത്തില്‍ ജീന വലിയ തുക പണമായി ചെലവഴിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ ഡി ആരോപിച്ചു. യു കെ എസ് എസ് എസ്സിയിലെ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നും അവരുമായി ബന്ധപ്പെട്ടവരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായും ഏജന്‍സി അറിയിച്ചു. നിലവില്‍ റാവത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ജീന, 2014-നും 2017-നും ഇടയില്‍ റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് റാവത്ത്
ജീനയുമായുള്ള തന്റെ ബന്ധം സമ്മതിച്ചെങ്കിലും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട്’എക്‌സി’ല്‍ പങ്കുവെച്ച വിശദമായ കുറിപ്പില്‍ റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്. ‘ഡെറാഡൂണിലുള്ള എന്റെ പി എയുടെ വസതിയില്‍ നിന്ന് വലിയ തുകയും ആഭരണങ്ങളും കണ്ടെത്തിയെന്നോ അല്ലെങ്കില്‍ കണ്ടെത്തിയതായി വരുത്തിത്തീര്‍ത്തെന്നോ ഉള്ള വാര്‍ത്തകള്‍ ടെലിവിഷനില്‍ വരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ വരും ദിവസങ്ങളില്‍ പുറത്തുവരും. ഞാന്‍ സര്‍ക്കാരിലോ പാര്‍ട്ടിയിലോ ആയിരുന്നപ്പോഴെല്ലാം മിസ്റ്റര്‍ ജീന എന്റെ ഒ എസ ്ഡി (ഛടഉ) ആയി പ്രവര്‍ത്തിക്കുകയും സുപ്രധാന ചുമതലകള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്.- റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ്സ് പദവികള്‍ ഒഴിയാന്‍ തീരുമാനിച്ചത് എന്തുകൊണ്ട്?
പാര്‍ട്ടി പദവികള്‍ രാജിവെക്കാനുള്ള തീരുമാനത്തെക്കുറിച്ച് വിശദീകരിക്കവേ, ഉത്തരാഖണ്ഡ് രാഷ്ട്രീയം തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണെന്നും തനിക്കെതിരെ ഒരു പ്രചാരണം കെട്ടിച്ചമക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

‘തിരഞ്ഞെടുപ്പ് എപ്പോഴായിരിക്കുമെന്ന് ആളുകള്‍ ചോദിക്കുമ്പോഴെല്ലാം, സി ബി ഐ എന്റെ വാതിലില്‍ മുട്ടുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഞാന്‍ തമാശരൂപേണ പറയാറുണ്ടായിരുന്നു. ഇത്തവണ എന്റെ വീട്ടിലല്ല, മറിച്ച് എന്റെ ഒരു സഹപ്രവര്‍ത്തകന്റെ വീട്ടിലാണ് ആ ‘മുട്ട്’ കേട്ടത്; അതിലൂടെ എനിക്കെതിരെ ഒരു പ്രചാരണം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണ്.’- അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ കോണ്‍ഗ്രസ്സും അതിന്റെ പ്രവര്‍ത്തകരും പോരാടുമ്പോള്‍, ‘ഛാത്രോം കി ഗൂഞ്ച്’ (Chhatron Ki Goonj) എന്ന പ്രചാരണത്തിലൂടെ വിദ്യാഭ്യാസ മേഖലയിലെ അഴിമതി വിഷയം രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി. ‘അത്തരമൊരു സാഹചര്യത്തില്‍, ഞാനുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടി പാര്‍ട്ടിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടയാകുന്നത് ഒട്ടും ആഗ്രഹിക്കുന്നില്ല.’

രാജിവെക്കാന്‍ പാകത്തിലുള്ള സര്‍ക്കാര്‍ പദവികളൊന്നും താന്‍ വഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റാവത്ത്, കോണ്‍ഗ്രസ്സിലെ സംഘടനാപരമായ ചുമതലകളില്‍ നിന്ന് ഒഴിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Former Uttarakhand Chief Minister Harish Rawat has resigned from key Congress party positions following Enforcement Directorate raids on his personal assistant. The ED seized cash and valuables during searches linked to a recruitment exam investigation. Rawat stated he stepped down to ensure the party’s political fight remains uncompromised.