Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഒരൊറ്റ ചിരിയിലൂടെ സോഷ്യൽ മീഡിയയിൽ ‘പൂക്കി സിഎം’ ആയി തിളങ്ങിയ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇപ്പോൾ കടുത്ത ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചുള്ള അദ്ദേഹത്തിന്റെ ‘പൂക്കി സ്മൈൽ’ പുത്തൻ തലമുറ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
എന്നാൽ, മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താൻ ശക്തമായി വിമർശിച്ച പല നിയമങ്ങളും മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ അതേപടി നടപ്പാക്കുകയാണ് സതീശൻ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആക്ഷേപം.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനം നിരോധിച്ച മുൻ സർക്കാരിന്റെ നടപടിയെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
സാധാരണക്കാരായ ബൈക്കുകാരന്റെയും ഓട്ടോറിക്ഷക്കാരന്റെയും നികുതിപ്പണം കൂടി ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നതെന്നും, അതിനാൽ അവരെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു സതീശന്റെ അന്നത്തെ നിലപാട്. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരികയും സതീശൻ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഈ നിരോധനം കർശനമായി നടപ്പിലാക്കാനാണ് നിലവിലെ നീക്കം.
നേരത്തെ തന്നെ നിരോധന ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും, കോഴിക്കോട് ബൈപ്പാസിൽ ഇപ്പോഴാണ് ഇത് കർശനമായി നടപ്പാക്കിത്തുടങ്ങുന്നത്. ബൈപ്പാസിലെ എല്ലാ പ്രധാന എൻട്രി പോയിന്റുകളിലും വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി വിലക്ക് പൂർണ്ണതോതിൽ നടപ്പാക്കുമെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിവേഗ പാതയിലെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിരിക്കുമ്പോൾ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ജനപ്രിയ പ്രസ്താവനകൾ നടത്തുകയും, ഭരണത്തിലെത്തുമ്പോൾ അതിൽ നിന്നും പൂർണ്ണമായി പിന്നോട്ടുപോവുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. എൻ.എച്ച് 66-ലെ ബൈക്ക്-ഓട്ടോ നിരോധനവുമായി ബന്ധപ്പെട്ട് വി. ഡി. സതീശന്റെ പഴയ പ്രസംഗങ്ങളും പുതിയ സർക്കാർ നടപടികളും കോർത്തിണക്കിയുള്ള ട്രോളുകളാണ് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നത്.

