Source :- SIRAJLIVE NEWS
കേരളം കൊച്ചു സംസ്ഥാനമെങ്കിലും സര്‍ക്കാര്‍ നിയന്ത്രിത ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും വികസന സമിതികളുടെയും എണ്ണം വലിയ സംസ്ഥാനങ്ങളിലെ എണ്ണത്തോളം വരും. ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളും 16 ക്ഷേമബോര്‍ഡുകളും എട്ട് കമ്മീഷനുകളും മൂന്ന് വികസന അതോറിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണ സമിതി അധ്യക്ഷന്മാര്‍, ഡയറക്ടര്‍മാര്‍, ക്യാബിനറ്റ് പദവിയുള്ള ചെയര്‍മാന്മാർ തുടങ്ങിയവർക്ക് ഔദ്യോഗിക വാഹനം, ഇന്ധന അലവന്‍സ്, പേഴ്‌സനല്‍ സ്റ്റാഫ്, ആഭ്യന്തര- വിദേശ യാത്രകള്‍, ഓഫീസ് ചെലവുകള്‍ തുടങ്ങി ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനു വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാത്തവരെയും രാഷ്ട്രീയത്തില്‍ കാലാവധി അവസാനിച്ച പാര്‍ട്ടി നേതാക്കളെയും വേണ്ടപ്പെട്ടവരെയും കുടിയിരുത്താനുള്ള ഒരിടം എന്നതില്‍ കവിഞ്ഞ് ഈ സ്ഥാപനങ്ങളില്‍ പലതും സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്) ഡയറക്ടര്‍ വീരമണിയുടെ അഭിപ്രായത്തില്‍ പല അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കാനല്ല. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടപ്പെട്ടവരെയും ബന്ധപ്പെട്ടവരെയും തിരുകിക്കയറ്റാനുമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നില്‍. പല കോര്‍പറേഷനുകളും ബോര്‍ഡുകളും ഒരേജോലിയാണ് നിര്‍വഹിച്ചു വരുന്നത്. ഇവയെ സംയോജിപ്പിച്ച് ഒറ്റ സ്ഥാപനമാക്കിയാല്‍ നികുതിപ്പണം ലാഭിക്കാനും ഭരണകാര്യക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
സമാനമായ ഒന്നിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അധികാര പരിധിയെക്കുറിച്ചുള്ള തര്‍ക്കങ്ങളും നയരൂപവത്കരണത്തിലെ വൈരുധ്യങ്ങളും സാധാരണമാണ്. പരമ്പരാഗത വ്യവസായ മേഖലകളില്‍ ഒരേ ലക്ഷ്യത്തോടെ നിരവധി വികസന സ്ഥാപനങ്ങളും കോര്‍പറേഷനുകളും നിലവിലുണ്ട്. ഇവ പലപ്പോഴും സമാന്തര പദ്ധതികള്‍ നടപ്പാക്കുകയും ഫണ്ട് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒരേ മേഖലയില്‍ ഒന്നിലധികം ക്ഷേമബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായുള്ള തുക, ബോര്‍ഡിന്റെ ഗുണഭോക്താക്കളായ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങളില്‍ നിന്നാണ് കണ്ടെത്തുന്നത്. ഇത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറയാന്‍ ഇടയാക്കുന്നു. ഈ ക്ഷേമപദ്ധതികള്‍ ഏകീകരിക്കുക വഴി അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ കുറയ്ക്കുകയാണെങ്കില്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ സാധിക്കും. സ്ഥാപനങ്ങള്‍ കൂടുന്നതിനനുസരിച്ച് സേവനങ്ങളുടെ നിലവാരം ഉയരുന്നില്ലെന്നു മാത്രമല്ല, ചുവപ്പുനാടകളുടെ കുരുക്ക് വര്‍ധിക്കുകയാണ് ചെയ്യുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, സാമൂഹിക ക്ഷേമപദ്ധതികള്‍, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളുടെ സുഗമമായ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവക്ക് ആവശ്യമായ തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഭരണവൃത്തങ്ങള്‍. അനുവദനീയ പരിധിക്കു മുകളില്‍ വായ്പ തരപ്പെടുത്തിയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതിനൊപ്പം അത്ര അനിവാര്യമല്ലാത്ത അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് സാമ്പത്തിക ഭാരം പിന്നെയും വര്‍ധിപ്പിക്കും. പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രതിമാസ വരുമാനത്തേക്കാള്‍ കൂടുതലാണ് അതിലെ ഭരണസമിതിയെയും ഉന്നത ഉദ്യോഗസ്ഥരെയും പരിപാലിക്കാന്‍ ചെലവിടുന്ന തുക. പാര്‍ട്ടികളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഉത്പാദനക്ഷമതയോ വ്യക്തമായ പ്രവര്‍ത്തന ലക്ഷ്യമോ ഇല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും ബോര്‍ഡുകളെയും നിലനിര്‍ത്തിപ്പോരുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ജനക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചാണ് സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നത്. ഇതിനു പകരം അനാവശ്യമായ ഭരണച്ചെലവുകളാണ് നിയന്ത്രിക്കേണ്ടത്. സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, സമാന സ്വഭാവവും ലക്ഷ്യവുമുള്ള സ്ഥാപനങ്ങളെയും ബോര്‍ഡുകളെയും ഒരു കുടക്കീഴിലാക്കുകയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗം. ഉദാഹരണത്തിനു വിവിധ വികസന അതോറിറ്റികളെ ഏകീകരിച്ച് ഒരൊറ്റ സംസ്ഥാന വികസന ഏജന്‍സിയാക്കാവുന്നതാണ്. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും വര്‍ത്തമാന കാലത്ത് യാതൊരു സാമ്പത്തിക- സാമൂഹിക പ്രസക്തിയില്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ സ്വകാര്യ- പൊതുമേഖലാ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരികയോ ആണ് മറ്റൊരു മാര്‍ഗം. കോര്‍പറേഷനുകളിലെ അനിവാര്യമല്ലാത്ത പേഴ്‌സനല്‍ സ്റ്റാഫ് നിയമനങ്ങളും വാഹന ആഡംബരവും ഒഴിവാക്കുകയും വേണം. പ്രൊഫഷനല്‍ രീതിയില്‍ കാര്യക്ഷമതയോടെ സ്ഥാപനങ്ങളെ നയിക്കാന്‍ കഴിവുള്ളവരെ തലപ്പത്ത് കൊണ്ടുവരികയും ഐ ടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചെലവ് കുറയ്ക്കുകയും ചെയ്യാവുന്നതാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണവലിപ്പത്തിലല്ല, സേവനത്തിന്റെ കാര്യക്ഷമതയിലാണ് സര്‍ക്കാറിന്റെ മികവും കരുത്തും. എത്ര ബോര്‍ഡുകളുണ്ട്, എത്ര കമ്മീഷനുകളുണ്ട്, എത്ര ചെയര്‍മാന്മാരുണ്ട് എന്നതല്ല, അവ ജനങ്ങള്‍ക്കും നാടിനും എന്താണ് ചെയ്യുന്നതെന്നാണ് വിലയിരുത്തേണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഭാവിതലമുറയുടെ അവകാശങ്ങളും മുന്നില്‍ കണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ വിദഗ്ധരും ഭരണപരിചയമുള്ളവരും ബന്ധപ്പെട്ട മേഖലകളിലെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന വിദഗ്ധ സമിതി രൂപവത്കരിക്കുക എന്നതാകണം ആദ്യഘട്ടം. പ്രസ്തുത റിപോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യുകയും പൊതുജനാഭിപ്രായത്തിനു വിധേയമാക്കുകയും വേണം.




