Home rss national malayalam പുതിയ വാർത്ത പോലീസുകാരും മനുഷ്യരാണ്

പോലീസുകാരും മനുഷ്യരാണ്

4
0

Source :- SIRAJLIVE NEWS

അഭിനന്ദനാർഹമായ ഒരു മാനുഷിക ഇടപെടലാണ് പോലീസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പ്രതിവാര അവധി പ്രഖ്യാപിച്ച ഡി ജി പി. പി വിജയന്റെ നടപടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയിലൊരു ദിവസവും കുട്ടികളുടെ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ കുടുംബ ചടങ്ങുകള്‍ക്കും നിര്‍ബന്ധമായും അവധി അനുവദിക്കുകയും അത് മുന്‍കൂട്ടി ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യമില്ലെങ്കില്‍ അര്‍ഹതപ്പെട്ട അവധി നിഷേധിക്കരുത്. നിഷേധിക്കുന്ന പക്ഷം കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

മറ്റു ജീവനക്കാരെപ്പോലെയല്ല പോലീസുകാര്‍. ക്രമസമാധാന ചുമതലയായതു കൊണ്ട് ജോലി നിശ്ചിത സമയത്തില്‍ ക്ലിപ്തപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. 24 മണിക്കൂറും ഓൺ ഡ്യൂട്ടിയിലിരിക്കേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും. സ്റ്റേഷന്‍ ഡ്യൂട്ടി, കേസ് അന്വേഷണം, നൈറ്റ് പട്രോളിംഗ്, കോടതി സമന്‍സുകള്‍ എത്തിക്കല്‍, വി ഐ പി സെക്യൂരിറ്റി, പ്രകടനങ്ങളും സമരങ്ങളും നിയന്ത്രിക്കല്‍, ഉത്സവങ്ങളിലെ ക്രമസമാധാനപാലനം എന്നിങ്ങനെ നീളുന്നു അവരുടെ ദൈനംദിന ചുമതലകള്‍. അതിനിടെ ആഴ്ചയിലെ നിയമപരമായ അവധിയെടുക്കാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല.

സേനാംഗങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട് അമിതജോലി ഭാരം. കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥ, ആവശ്യത്തിന് ഉറക്കമില്ലായ്മ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാത്തത് മൂലം അനുഭവപ്പെടുന്ന മാനസിക അസ്വസ്ഥത തുടങ്ങിയവ പലരെയും വിഷാദരോഗത്തിലേക്ക് നയിക്കുന്നു. കുട്ടികളുടെ ജന്മദിനച്ചടങ്ങിലും വിവാഹ വാര്‍ഷികത്തിലും കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളിലും പോലും അവധി ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ചിലപ്പോള്‍ മാനസികമായി തകര്‍ത്തുകളയും. മേലുദ്യോഗസ്ഥരുടെ അധിക്ഷേപവും വേട്ടയാടലും കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. പോലീസുകാരില്‍ വര്‍ധിച്ചുവരുന്ന പ്രമേഹം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ക്കും അനിയന്ത്രിതമായ കോപപ്രകടനങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന ആത്മഹത്യക്കും മുഖ്യകാരണം അമിതജോലിഭാരം സൃഷ്ടിക്കുന്ന മാനസിക സമ്മർദമാണെന്ന് പഠനങ്ങള്‍ പറയുന്നു. എട്ട് വര്‍ഷത്തിനിടെ 130 സേനാംഗങ്ങളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായി ജോലി ചെയ്ത പോലീസുകാര്‍ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. ജോലിക്ഷമതയെ പോലും ബാധിക്കുന്നുണ്ട് അമിതജോലി. ക്ഷീണിതനായ ഉദ്യോഗസ്ഥനില്‍ നിന്ന് മികച്ച സേവനം പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല.

പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കേണ്ടതും നിയമപരമായ അവധികള്‍ അനുവദിക്കേണ്ടതും അവരുടെ വ്യക്തിപരമായ പ്രശ്‌നം മാത്രമല്ല, സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുകൂടി അനിവാര്യമാണ്. 2014ൽ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെന്റ്നടത്തിയ പഠനത്തില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കിയ സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍, പെരുമാറ്റം, പൊതുജനങ്ങളോടുള്ള ഇടപെടല്‍, നിയമക്രമ പ്രവര്‍ത്തനം തുടങ്ങിയവയില്‍ പുരോഗതി കൈവന്നതായി കണ്ടെത്തിയിരുന്നു.
ലോകത്തെവിടെയും ഏത് തൊഴില്‍ മേഖലയിലും അംഗീകരിക്കപ്പെട്ട അടിസ്ഥാനതത്ത്വമാണ് എട്ട് മണിക്കൂര്‍ ജോലിയും ആഴ്ചയിലൊരു അവധിയും. പോലീസില്‍ പക്ഷേ ജീവനക്കാരുടെ എണ്ണക്കുറവ് മൂലം ഈ തത്ത്വം നടപ്പാക്കാന്‍ സാധിക്കാറില്ല. കേരളത്തില്‍ ആവശ്യമായ പോലീസ്- ജനസംഖ്യാ ആനുപാതം ഒരു ലക്ഷം പേര്‍ക്ക് 177.60 ആണ്. സംസ്ഥാനത്ത് നിലവിലുള്ള ആനുപാതം ഒരു ലക്ഷത്തിന് 152.49ഉം. ഓരോ സ്റ്റേഷനിലും ജീവനക്കാരുടെ എണ്ണം കുറവാണെന്നതിനുപുറമെ ദിനംപ്രതി സ്‌റ്റേഷന്റെ പരിധിക്കുപുറത്തുള്ള കോടതി ഡ്യൂട്ടി, സമന്‍സ് അയക്കല്‍, നൈറ്റ് പട്രോളിംഗ്, വി ഐ പി ഡ്യൂട്ടി തുടങ്ങിയ കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നതിനാല്‍ സ്റ്റേഷനിലെ ജീവനക്കാരുടെ എണ്ണം പലപ്പോഴും അഞ്ചോ ആറോ ആയി ചുരുങ്ങുന്നു. ജോലിഭാരവും മാനസിക സമ്മർദവും കുറയ്ക്കാന്‍ സേനയുടെ അംഗബലം വര്‍ധിപ്പിക്കണമെന്ന് 2024 ജൂലൈയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പായിട്ടില്ല.
ഈ സാഹചര്യത്തില്‍ പ്രതിവാര അവധി നിര്‍ബന്ധമാക്കിയത് കൊണ്ടായില്ല; സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ അതിനാവശ്യമായ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുമുണ്ട്. 15-20 ശതമാനം അധിക ജീവനക്കാര്‍ നിയമിതരായെങ്കില്‍ മാത്രമേ ഡി ജി പിയുടെ ഉത്തരവ് നടപ്പാക്കാനാകുകയുള്ളൂ. ഇല്ലെങ്കില്‍ ഒരാള്‍ക്ക് അവധി നല്‍കുമ്പോള്‍ മറ്റൊരാളുടെ ജോലിഭാരം ഇരട്ടിയാകും. ഡിജിറ്റല്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിച്ചാല്‍ സ്റ്റേഷനിലെ പോലീസുകാര്‍ നിർവഹിച്ചുവരുന്ന എഴുത്തുജോലികൾ കുറയ്ക്കാൻ സാധിക്കും. കോടതി സമന്‍സുകളും നോട്ടീസുകളും എത്തിക്കുന്നത് പോലുള്ള സിവില്‍ജോലികള്‍ക്കായി പുറത്തുനിന്നുള്ള വിശ്വസ്ത ഏജന്‍സിയെ ആശ്രയിക്കുന്നതും ചിന്തിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ അവധി നല്‍കുന്നതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ കൗണ്‍സലിംഗ് നല്‍കുന്നതും മാനസിക സമ്മർദം കുറയ്ക്കാന്‍ സഹായകമാണ്.
യൂനിഫോമണിഞ്ഞ ഉദ്യോഗസ്ഥനെങ്കിലും ഒന്നാമതായി ഒരു മനുഷ്യനാണ് പോലീസുകാരന്‍. മാനുഷികമായ എല്ലാ വിചാര, വികാരങ്ങളുമുള്ള വ്യക്തി. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശവും അന്തസ്സോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം അവര്‍ക്കും ബാധകമാണ്. സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്ത ഒരാളില്‍ നിന്ന് സമൂഹത്തോട് എല്ലായ്‌പോഴും നിറഞ്ഞ മനസ്സോടെയും പുഞ്ചിരിയോടെയും പെരുമാറണമെന്ന് ആവശ്യപ്പെടുന്നത് നീതിയാണോ?