Home rss national malayalam പുതിയ വാർത്ത പ്രകീർത്തന സാഗരമായി സ്വപ്നനഗരി

പ്രകീർത്തന സാഗരമായി സ്വപ്നനഗരി

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | പ്രവാചകാനുരാഗത്തിന്റെ ആത്മീയ അനുഭൂതി പകർന്ന് അന്താരാഷ്ട്ര മീലാദ് സമ്മേളനം പ്രൗഢോജ്ജ്വലമായി. ദഫിന്റെ താളവും മൗലിദിന്റെ ഈണവും പ്രഭാഷണങ്ങളും ഇഴചേർന്ന സമ്മേളനത്തെ നെഞ്ചേറ്റി ആയിരങ്ങൾ സ്‌നേഹസാന്നിധ്യമായി. സ്വപ്നനഗരിയിലെ സമ്മേളനവേദിക്കകവും പുറവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വർണശബളമായ ഘോഷയാത്ര നവ്യാനുഭൂതി പകർന്നു. ഇസ്‌ലാമിക ചരിത്രസത്യങ്ങളെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി വളച്ചൊടിക്കുന്നവർക്കുള്ള താക്കീതായി സമ്മേളനം മാറി. തനിമയാർന്ന ഇസ്‌ലാമിക അധ്യാപനങ്ങൾ പണ്ഡിതോചിതമായി സമൂഹത്തിന് പകർന്നുനൽകുന്ന കാന്തപുരം ഉസ്താദിനുള്ള പിന്തുണ കൂടിയായി സമ്മേളനം.

സമസ്ത സെന്റിനറിയുടെ ഭാഗമായി “ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ 1501ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിച്ച സമ്മേളനത്തിൽ ലോകപ്രശസ്ത ഗായകസംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തി.
സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം നിർവഹിച്ചു. പ്രമുഖ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

പ്രശസ്ത ഗായകസംഘമായ അൽ നൂർ ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് സമ്മേളനത്തെ അപൂർവ അനുഭവമാക്കി. വൈകിട്ട് നാലരയോടെ 1,500 കലാപ്രതിഭകൾ അണിനിരന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് സമ്മേളന ചടങ്ങുകൾക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്ഡോ. മുഹമ്മദ് അബ്ദുൽഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, എസ് എസ് എഫ് പ്രസിഡന്റ്സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സംസാരിച്ചു.

സയ്യിദ് ഹുസൈൻ അഹ്‌മദ് ശിഹാബ് തിരൂർക്കാട്, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുർറഹ്‌മാൻ ഫൈസി മാരായമംഗലം, പി ഹസൻ മുസ്‌ലിയാർ വയനാട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മജീദ് കക്കാട്, മൻസൂർ ഹാജി ചെന്നൈ, അബ്ദുർറഹ്‌മാൻ ഹാജി കുറ്റൂർ, നാസർ ഹാജി ഓമച്ചപ്പുഴ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: The International Milad Conference organized by Markaz at Swapnanagari in Kozhikode witnessed a massive turnout of thousands of believers. Samastha President E Sulaiman Musliyar inaugurated the event and Indian Grand Mufti Kanthapuram A P Aboobacker Musliyar delivered the Madhurrasool address. A grand mega daff procession featuring 1500 artists and spiritual performances highlighted the grand gathering.