Source :- SIRAJLIVE NEWS
സമീപ കാലത്തായി മഹാരാഷ്ട്ര തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകമാണ് പശ്ചിമബംഗാളിലും നടക്കുന്നത്. ഒന്നര പതിറ്റാണ്ടു കാലം ബംഗാള്‍ രാഷ്ട്രീയത്തെ നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ സംഭവിച്ച പിളര്‍പ്പ്, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നോ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ അസംതൃപ്തിയുടെ ഫലമായോ മാത്രമാണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസം. കേന്ദ്രത്തിലും ബംഗാളിലും ഭരണം കൈയാളുന്ന ബി ജെ പിയുടെ ഗൂഢാലോചനയും അണിയറ നീക്കങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതിപക്ഷ കക്ഷികളെ ഒന്നിനു പിറകെ ഒന്നായി പിളര്‍ത്തിയും വിലക്കെടുത്തും നിഷ്പ്രഭമാക്കുന്ന ബി ജെ പിയുടെ ഈ കളി കടുത്ത രാഷ്ട്രീയ അധാര്‍മികതയും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു നേരെയുള്ള കനത്ത പ്രഹരവുമാണ്.
ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷ നിരയില്‍ മതേതര പാര്‍ട്ടികളുടെ ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളിലും ഏറെക്കുറെ സമാനമായ അട്ടിമറികളാണ് കണ്ടുകൊണ്ടിരിക്കുന്നത്. കര്‍ണാടകയിലും മധ്യപ്രദേശിലും ഗോവയിലും പ്രതിപക്ഷ കക്ഷികള്‍ നയിക്കുന്ന സര്‍ക്കാറുകള്‍ വീണതും മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍ സി പിയും പിളര്‍ന്നതും ബി ജെ പിയുടെ കുടില തന്ത്രങ്ങളുടെ ഫലമായിരുന്നു. ബംഗാളിലിപ്പോള്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറിയാണ് നടന്നത്. നിയമസഭാ തോല്‍വിക്കു പിന്നാലെ തൃണമൂലിലുണ്ടായ ചെറിയ ഭിന്നതകളെ കൗശലപൂര്‍വം ഉപയോഗിച്ച് 58 എം എല്‍ എമാരെ ബി ജെ പി അടര്‍ത്തിയെടുക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട നിയമസഭാ സ്പീക്കര്‍ പോലും തൃണമൂലിന്റെ പ്രതിനിധിയെ തള്ളി വിമതനായ ഋതബ്രത ബാനര്‍ജിയെ ധൃതിപ്പെട്ട് പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. തൃണമൂലില്‍ ഒപ്പുവിവാദം പുകയുന്നതിനിടെ വിമത എം എല്‍ എമാരായ ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും സ്പീക്കര്‍ക്ക് പരാതി നല്കിയ വിവരം ആദ്യം പുറത്തുവിട്ടത് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയാണെന്നത് ശ്രദ്ധേയം. ബി ജെ പി നേതൃത്വവുമായി വിമതര്‍ക്ക് നേരത്തേ തന്നെ കൃത്യമായ ആശയവിനിമയമുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഒരു പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച ജനവിധിയെ മറികടന്ന് നിയമസഭാ അംഗങ്ങളെ കൂട്ടത്തോടെ സ്വാധീനിച്ച് പുതിയ അധികാര സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നത് അസ്വാഭാവികവും ജനാധിപത്യത്തിന് നിരക്കാത്തതുമാണ്. മഹാരാഷ്ട്രയിലെ എന്‍ സി പിയില്‍ സംഭവിച്ച പിളര്‍പ്പില്‍ പല ഭരണഘടനാ വിദഗ്ധരും ഈ കാര്യം ചൂണ്ടിക്കാട്ടുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളിലൊന്നാണ് ഇപ്പോഴും മമതാ ബാനര്‍ജി. തൃണമൂലിനെ ദുര്‍ബലപ്പെടുത്തേണ്ടത് ബി ജെ പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ആവശ്യമാണ്.
നേരത്തേ ‘കോണ്‍ഗ്രസ്സ്മുക്ത ഇന്ത്യ’യായിരുന്നു ബി ജെ പിയുടെ മുദ്രാവാക്യം. ഇന്നിപ്പോള്‍ പ്രാദേശിക കക്ഷികളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന തരത്തിലേക്ക് ബി ജെ പിയുടെ രാഷ്ട്രീയ ആക്രമണം കടന്നുകയറിയിരിക്കുന്നു. ഫെഡറല്‍ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ വൈവിധ്യമാര്‍ന്ന പ്രാദേശിക സംസ്കാരങ്ങളും ഭാഷകളും കാത്തുസൂക്ഷിക്കുന്നതില്‍ പ്രാദേശിക കക്ഷികള്‍ക്ക് വലിയ പങ്കുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡി എം കെ, സമാജ്്വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ അതാത് ജനങ്ങളുടെ സവിശേഷമായ താത്പര്യങ്ങളെ കാത്തുസൂക്ഷിക്കുന്നവരാണ്. മാത്രമല്ല, ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തികളാണ് പ്രതിപക്ഷ ശബ്ദങ്ങള്‍. ഇത്തരം പ്രാദേശിക ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയോ പിളര്‍ത്തി ഇല്ലാതാക്കുകയോ ചെയ്യുന്നതിലൂടെ ‘ഒരു രാജ്യം ഒരു പാര്‍ട്ടി’ എന്ന ഏകാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തിലേക്കാണ് ബി ജെ പിയുടെ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ശക്തമായൊരു പ്രതിപക്ഷമില്ലാതാകുന്നത് ഫാസിസത്തിലേക്കുള്ള വഴി എളുപ്പമാക്കും. ബി ജെ പിയുടെ ഏകാധിപത്യ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണത്തിനു പിന്നില്‍ കേവല താത്കാലിക ഭരണനേട്ടം മാത്രമല്ല, ആശയപരമായ ലക്ഷ്യങ്ങളുമുണ്ട്. ആര് എസ് എസിന്റെ ദീര്‍ഘകാല സ്വപ്നമായ ‘ഹിന്ദുത്വരാഷ്ട്ര’മെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണത്. വൈവിധ്യങ്ങളെയും മതേതര സിദ്ധാന്തത്തെയും അംഗീകരിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഭരണഘടനയെ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതാനോ മതേതര ഘടനയെ തകര്‍ക്കാനോ അവര്‍ക്ക് സാധ്യമല്ല.
അതേസമയം, തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെയും പാര്‍ട്ടി പിളര്‍പ്പിന്റെയും പശ്ചാത്തലത്തില്‍ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ആത്മപരിശോധനക്ക് സന്നദ്ധമാകേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തിക്കു വഴിയൊരുക്കിയ ഘടകങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. അധികാര കേന്ദ്രീകരണം, പുതിയ നേതൃത്വത്തിന് അമിത പ്രാധാന്യം, പഴയ നേതാക്കളോടുള്ള അവഗണന, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ എന്നിവയെക്കുറിച്ച് ഉയരുന്ന പരാതികള്‍ ഗൗരവമായി കാണേണ്ടതുണ്ട്. ആഭ്യന്തര പ്രശ്നങ്ങളില്ലായിരുന്നുവെങ്കില് ഒരു ബാഹ്യശക്തിക്കും ഇടപെടാനുള്ള അവസരം കൈവരുമായിരുന്നില്ല.
ഒരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാകില്ല ബംഗാളിലെ സംഭവവികാസങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് മതേതര ജനാധിപത്യ വിശ്വാസികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണത്. മഹാരാഷ്ട്രയില്‍ നിന്ന് ബംഗാളിലൂടെ മുന്നേറുന്ന രാഷ്ട്രീയ അട്ടിമറികള്‍, പ്രതിപക്ഷ ഭരണം നിലനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമീപ ഭാവിയില്‍ സംഭവിക്കാവുന്നതാണ്. രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് മുന്നേറേണ്ടതുണ്ട്. പ്രതിപക്ഷ അനൈക്യമാണ് രാജ്യമിപ്പോള്‍ നേരിടുന്ന വലിയ വിപത്ത്.







