Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ബെയ്റൂട്ടിലെ ദാഹിയയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ, വടക്കൻ ഇസ്രയേലിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ വഴിയാണ് ഇറാൻ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇസ്രയേൽ ആക്രമണം നടപ്പിലാക്കിയാൽ, തിരിച്ചടിയായി വടക്കൻ ഇസ്രയേലിലെയും അധിനിവേശ പ്രദേശങ്ങളിലെയും സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ സൂചന നൽകി. സൈനിക താവളങ്ങൾക്ക് സമീപം താമസിക്കുന്നവർ ജീവഹാനി ഒഴിവാക്കാൻ ഉടൻ മാറിത്താമസിക്കണമെന്നാണ് ഇറാന്റെ കമാൻഡർ നൽകിയ നിർദ്ദേശം.

ലെബനനിലെ ഇസ്രയേൽ നടപടികളിൽ പ്രതിഷേധിച്ച് അമേരിക്കയുമായി നടത്തിവന്നിരുന്ന പരോക്ഷ സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. മധ്യസ്ഥർ മുഖേനയുള്ള രേഖകളുടെ കൈമാറ്റവും താൽക്കാലികമായി അവസാനിപ്പിച്ചതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ ആവർത്തിച്ച് ലംഘിക്കുന്നതും ആക്രമണം തുടരുന്നതുമാണ് ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കൊമ്പുകോർക്കൽ പശ്ചിമേഷ്യയെ വലിയൊരു യുദ്ധഭീതിയിലേക്കാണ് ഇപ്പോൾ തള്ളിവിട്ടിരിക്കുന്നത്.