Source :- SIRAJLIVE NEWS
ഇംഫാല്‍ | മണിപ്പൂരിലെ സംഘര്‍ഷബാധിതമായ മേഖലയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ പുതിയ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കാംജോങ്, ഉഖ്‌റുല്‍, കാങ്പോക്പി എന്നീ ജില്ലകളിലാണ് കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
നാഗ ഭൂരിപക്ഷ പ്രദേശമായ കാംജോങ് ജില്ലയിലെ കുക്കി വിഭാഗത്തിന് സ്വാധീനമുള്ള ചസാദ് ഗ്രാമത്തില്‍, കഴിഞ്ഞ ദിവസം രാത്രി 22-കാരിയും അഞ്ച് കുട്ടികളുടെ മാതാവുമായ യുവതിയെ അജ്ഞാതരായ അക്രമികള്‍ വെടിവെച്ചുകൊന്നതോടെയാണ് പുതിയ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.
ഈ കൊലപാതകം കുക്കി, നാഗ സായുധ വിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിന് വഴിവെച്ചു. ഇത് ഇന്നലെ രാവിലെ വരെ നീണ്ടുനിന്നു. ഏറ്റുമുട്ടലുകളില്‍ 42-കാരനായ ഒരാള്‍ കൊല്ലപ്പെടുകയും 10 വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. തുടര്‍ അക്രമങ്ങള്‍ തടയുന്നതിനായി ഗ്രാമത്തില്‍ ബി എന്‍ എസ് എസ് സെക്ഷന്‍ 162 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചസാദ് സംഭവത്തിന് പിന്നാലെ, ശനിയാഴ്ച കാങ്പോക്പി ജില്ലയിലെ ടാപോണ്‍, മകുയി ഗ്രാമങ്ങളില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് നാഗ വില്ലേജ് ഗാര്‍ഡുകളും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍ അജിന്‍ബോ എന്ന 52-കാരനായ ഗ്രാമവാസിയെ അക്രമികള്‍ ശിരച്ഛേദം ചെയ്തതായി ‘വര്‍ക്കിംഗ് കമ്മിറ്റി ജെ ടി സി മണിപ്പൂര്‍’ എന്ന നാഗ സിവില്‍ സൊസൈറ്റി സംഘടന ആരോപിച്ചു.
കാംജോംഗ് ജില്ലയിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപമുള്ള ടാങ്ഖുല്‍ നാഗ വിഭാഗക്കാരുടെ വാസസ്ഥലമായ നിംഗ്ചൗ ഗ്രാമത്തിലും തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ പ്രവേശിച്ച് വെടിയുതിര്‍ത്തതായും, ഇതില്‍ 35-കാരനായ ങ്ചാന്‍സോ നിംഗ്ഷെന്‍, 48-കാരനായ ലെയ്ഷിഷാന്‍ ലെയ്ഷാഡാങ് എന്നിവര്‍ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന ഗ്രാമത്തിലെത്തി. വെടിവെപ്പിന് ശേഷം അക്രമികള്‍ മ്യാന്‍മറിലേക്ക് രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
ഉഖ്റുലില്‍, ശനിയാഴ്ച ചെപു യാവോലെന്‍ ഗ്രാമത്തിന് സമീപം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവെപ്പില്‍ സന്ദീപ് റായ് എന്ന 40-കാരന്‍ കൊല്ലപ്പെട്ടു. താന്‍ ഓടിച്ചിരുന്ന കാറിനുള്ളില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. കാങ്പോക്പി ജില്ലയിലെ മകുയി അഷാങ്, ടാപോണ്‍ എന്നിവിടങ്ങളില്‍ സായുധ സംഘങ്ങള്‍ തമ്മില്‍ ശക്തമായ വെടിവെപ്പ് നടന്നതായും റിപോര്‍ട്ടുണ്ട്.
എല്ലാവരും സമാധാനവും സംയമനവും പാലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ്, സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍േദശിച്ചു. സാഹചര്യം നിയന്ത്രിക്കാനും സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കാനും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കാങ്പോക്പി, കാംജോങ് ജില്ലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ കുക്കി, നാഗ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 40-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights:
Fresh clashes erupted in Manipur, pushing the death toll to nine amid ongoing regional violence. Security forces have intensified operations across sensitive areas to restore order. Authorities continue to monitor the volatile situation closely.




