Source :- SIRAJLIVE NEWS
ന്യൂഡൽഹി | മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും പരിഗണിക്കുന്നതിനായി പാർലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഈ മാസം 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസത്തേക്ക് പ്രത്യേക സമ്മേളനം ചേരുന്നതിനാണ് ആലോചിക്കുന്നത്. നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് വർഷകാല സമ്മേളനം തുടർച്ചയായി തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കം.
വർഷകാല സമ്മേളനം 13ന് അവസാനിക്കുമെങ്കിലും അനിശ്ചിതകാലത്തേക്ക് സഭ പിരിച്ചുവിടാതെ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസ്സാക്കാനായി പ്രത്യേക സെഷൻ വിളിച്ചുചേർക്കാനുള്ള നോട്ടീസ് പുറപ്പെടുവിക്കാനാണ് ആലോചിക്കുന്നത്. ബില്ലുകൾ പരിഗണിക്കുന്നതും പാർലിമെന്റ്സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിനും വേണ്ടി കേന്ദ്ര പാർലിമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. റിജിജു പാർലിമെന്റ് ഓഫീസിൽ വെച്ച് രാഹുൽ ഗാന്ധിയെ കാണുകയും വിവാദ നിയമനിർമാണത്തിൽ പ്രതിപക്ഷ നിലപാട് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 50 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തിരുന്നു. മണ്ഡല പുനർനിർണയത്തിൽ സമവായത്തിലെത്താൻ കേന്ദ്രം പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ടെങ്കിലും നിർദിഷ്ട ഭേദഗതിയിൽ തങ്ങളുടെ ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രമേ ബില്ലിനെ പിന്തുണക്കുന്ന കാര്യം പരിഗണിക്കൂവെന്ന് രാഹുൽ വ്യക്തമാക്കിയതായാണ് വിവരം.
തിരക്കിട്ട നീക്കം
ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കേന്ദ്ര സർക്കാർ വിവിധ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുന്നത് തുടരുകയാണ്. ശരദ് പവാർ വിഭാഗം എൻ സി പി ഉൾപ്പെടെയുള്ളവരുമായി ഇതിനകം ധാരണയിലെത്തിയതായാണ് വിവരം. ആവശ്യമായ അംഗസംഖ്യ ലഭിച്ചാൽ ഉടൻ പാർലിമെന്റിൽ ബില്ലെത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ലോക്‌സഭ, നിയമസഭാ മണ്ഡലങ്ങളിൽ 33 ശതമാനം സംവരണം നടപ്പാക്കുന്നതിന് പുതിയ സെൻസസിനായി കാത്തിരിക്കേണ്ട ആവശ്യകത നീക്കം ചെയ്യുന്ന ബില്ലും മണ്ഡല പുനർനിർണയ ബില്ലുമാണ് കേന്ദ്ര സർക്കാർ 131ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. ഏപ്രിലിൽ നടന്ന മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ നീക്കം പരാജയപ്പെട്ടിരുന്നു. ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എക്ക് പാർലിമെന്റിന്റെ ഇരുസഭകളിലും ആവശ്യമായ അംഗസംഖ്യ ഉണ്ടായിരുന്നില്ല. അതിനുശേഷം വന്ന രാഷ്ട്രീയമാറ്റങ്ങൾ എൻ ഡി എ ക്യാമ്പിൽ പ്രത്യേക ഭൂരിപക്ഷത്തിലേക്കുള്ള വിടവ് കുറച്ചു. തൃണമൂൽ കോൺഗ്രസ്സ്, ശിവസേന ഉദ്ദവ് വിഭാഗങ്ങളിൽ നിന്ന് കൂറുമാറിയവർ എൻ ഡി എക്കൊപ്പം ചേർന്നതോടെ ചില പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചാൽ ബില്ല് പാസ്സാക്കാനാകുമെന്ന സ്ഥിതിയിലേക്ക് സർക്കാർ എത്തി. ഇതിനായി എൻ സി പി ശരദ് പവാർ വിഭാഗം, ഡി എം കെ എന്നീ കക്ഷികളെയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
Content Highlights:
The Central Government plans a special three-day Parliament session from August 16 to 18 to consider Delimitation and Women’s Reservation Amendment bills. Parliamentary Affairs Minister Kiren Rijiju met opposition leader Rahul Gandhi to negotiate consensus. NDA seeks a two-thirds majority.


