Home rss national malayalam പുതിയ വാർത്ത മരുഭൂമിയിൽ പൂത്ത പ്രണയപ്പൂക്കൾ

മരുഭൂമിയിൽ പൂത്ത പ്രണയപ്പൂക്കൾ

5
0

Source :- SIRAJLIVE NEWS

മലയാള സാഹിത്യത്തിൽ പ്രണയത്തെ ഇതിവൃത്തമാക്കി ഒട്ടനവധി കൃതികൾ പിറവിയെടുത്തിട്ടുണ്ടെങ്കിലും, ലൗകികമായ ശാരീരിക മോഹങ്ങൾക്കപ്പുറം ഇസ്്ലാമിക ആത്മീയതയുടെയും ത്യാഗത്തിന്റെയും പരിശുദ്ധമായ സുഗന്ധം പരത്തി വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വേറിട്ടൊരു സൃഷ്ടിയാണ് റാഷിദ് സബാൻ രചിച്ച “അലി ഫാത്തിമ’. കേവലമൊരു നശ്വരമായ പ്രണയത്തിനപ്പുറം അല്ലാഹുവിലുള്ള അടിയുറച്ച ഈമാനും തഖ്‌വയും അടിസ്ഥാനമാക്കി രണ്ട് പരിശുദ്ധ ആത്മാവുകൾ തമ്മിലുള്ള അദൃശ്യമായ ബന്ധത്തെയും അതിലടങ്ങിയിരിക്കുന്ന ദൈവികതയെയും വളരെ ലളിതവും മനോഹരവുമായ ഭാഷയിൽ കൃതി അടയാളപ്പെടുത്തുന്നു. ആകർഷകമായ പുറംചട്ടയും മനസ്സിന് ശാന്തതയും ആത്മീയ അനുഭൂതിയും നൽകുന്ന ഉള്ളടക്കവും ആധുനിക സാഹിത്യലോകത്ത് ഇസ്്ലാമിക ദാമ്പത്യ സങ്കൽപ്പങ്ങൾക്ക് ഒരു ഉദാത്ത മാതൃക നൽകുന്നു.

പരിശുദ്ധ മദീനയിലെ ശാന്തമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ തിരുനബി(സ)യുടെ തണലിൽ വളർന്ന അലിയുടെയും(റ) ഫാത്തിമയുടെയും(റ) ഒന്പത് സംവത്സരങ്ങൾ നീണ്ടുനിന്ന തീവ്രമായ കാത്തിരിപ്പിന്റെയും ആത്മബന്ധത്തിന്റെയും വികാരനിർഭരമായ ചരിത്രമാണിത്. അലിയുടെ ജീവിതത്തിൽ കനത്തുനിന്ന കാർമേഘങ്ങളെ ഫാത്തിമയുടെ ഒരു ചെറുപുഞ്ചിരിക്ക് എങ്ങനെ മായ്ച്ചുകളയാൻ കഴിഞ്ഞുവെന്ന് ഈ കൃതിയിലൂടെ മനസ്സിലാക്കാം. ഭക്തിയെ പ്രണയത്തിന്റെയും വിശ്വസ്തതയുടെയും ഇന്ധനമാക്കി മാറ്റിയ ഈ മാതൃകാ ദാമ്പത്യത്തിന്റെ നേർക്കാഴ്ച, വായനക്കാരനെ ആ പഴയ ഈമാനിന്റെയും പ്രകാശത്തിന്റെയും മദീനാ തെരുവുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

“ബാല്യകാല സഖി’ മുതൽ “കാലത്തോട്’ വരെയുള്ള ഏഴ് അധ്യായങ്ങളിലൂടെ ബാല്യകാലത്തെ നിഷ്കളങ്ക സൗഹൃദം ആഴമേറിയ ദീനീ സ്നേഹത്തിലേക്കും ത്യാഗപൂർണമായ ജീവിതത്തിലേക്കും വഴിമാറുന്നത് ഗ്രന്ഥകാരൻ ഹൃദ്യമായി വിവരിക്കുന്നു. ഖലീൽ ജിബ്രാന്റെ “വിരഹത്തിന്റെ നിമിഷം വരുന്നതുവരെ പ്രണയത്തിന് തന്റെ ആഴം അറിയില്ല’ എന്ന വരികളെ അന്വർഥമാക്കുംവിധം, വിരഹത്തിലും ഓർമകളിലും അല്ലാഹുവിനെ സാക്ഷിയാക്കി ഇഷ്ടം നിലനിർത്താമെന്ന് കഥാപാത്രങ്ങളുടെ ജീവിതം തെളിയിക്കുന്നു.

ദൈവിക മാർഗത്തിൽ ജീവിക്കുമ്പോൾ പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും പുഞ്ചിരിയോടെ നേരിടാനും പ്രിയപ്പെട്ടവന് നൽകുന്നതിൽ സന്തോഷം കണ്ടെത്താനും അലിക്കും ഫാത്തിമക്കും സാധിക്കുന്നു. സ്വാർഥതയിലേക്ക് ചുരുങ്ങുന്ന ആധുനിക ലോകത്ത്, പരസ്പര ബഹുമാനത്തിലും വിട്ടുവീഴ്ചയിലും അധിഷ്ഠിതമായ യഥാർഥ കുടുംബജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ലളിതമായ മലയാളത്തിൽ, മിതത്വവും ഇസ്്ലാമിക മര്യാദകളും പുലർത്തി രചിച്ച ഈ കൃതി മനസ്സിൽ നന്മയും സ്നേഹവും നിറയ്ക്കുന്നു. ഓരോ വായനക്കാരനും തീർച്ചയായും വാങ്ങി വായിക്കേണ്ട ഈ പുസ്തകം നമ്മുടെ വ്യക്തിജീവിതത്തെയും ദാമ്പത്യ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന മനോഹരമായൊരു വഴികാട്ടിയാണ്. പ്രസാധകർ: എസ്ര ബുക്സ് പബ്ലിക്കേഷൻ. വില 179 രൂപ.

Content Highlights:
The book Ali Fathima by Rashid Saban portrays the deep spiritual love and sacrifice between Ali and Fathima in Medina. It highlights Islamic devotion, patience, and mutual respect as core pillars of marriage. Published by Ezra Books for Rs 179, it serves as an inspiring guide for readers.