Home rss business malayalam ‘മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി അഭിനയിക്കേണ്ട കാര്യമില്ല’; നെഗറ്റീവ് കമന്റുകളിൽ നിലപാട് വ്യക്തമാക്കി രശ്മിക

‘മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി അഭിനയിക്കേണ്ട കാര്യമില്ല’; നെഗറ്റീവ് കമന്റുകളിൽ നിലപാട് വ്യക്തമാക്കി രശ്മിക

6
0

Source :- EVARTHA NEWS

തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിതത്തിൽ അഭിനയിക്കേണ്ട ആവശ്യമില്ലെന്നും താൻ എങ്ങനെയാണോ അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് ഇഷ്ടപ്പെടുന്നതെന്നും രശ്മിക പറഞ്ഞു. പുതിയ ചിത്രം ‘രണബാലി’യുടെ പ്രമോഷന്റെ ഭാഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

ആരൊക്കെ എന്തൊക്കെ നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവർക്ക് എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ നൽകാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ തന്റെ സമീപനത്തെ ചിലർ ഓവർ ആക്ടിങ് എന്നോ മറ്റെന്തെങ്കിലും തരത്തിലോ വിശേഷിപ്പിച്ചേക്കാം. അതിൽ തനിക്ക് പ്രശ്നമില്ലെന്നും നടി വ്യക്തമാക്കി.

എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലെന്നും രശ്മിക പറഞ്ഞു. എന്നാൽ താൻ എങ്ങനെയാണോ അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് ഇഷ്ടപ്പെടുന്നത്. അതാണ് യഥാർഥ താനെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക വ്യക്തമാക്കി.

താൻ ഈ രീതിയിൽ സന്തോഷവതിയാണെന്നും കുടുംബവും സുഹൃത്തുക്കളും ആരാധകരും സന്തോഷത്തിലാണെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘രണബാലി’. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ വ്യത്യസ്തവും തീവ്രവുമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്ന 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് സിനിമ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അക്കാലത്തെ ഇന്ത്യയിലെ യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.