Home rss national malayalam പുതിയ വാർത്ത മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിലെ വീടുകളുടെ ഗുണഭോക്തൃപട്ടിക അന്തിമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിലെ വീടുകളുടെ ഗുണഭോക്തൃപട്ടിക അന്തിമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകള്‍ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കാബിനറ്റ് സബ് കമ്മിറ്റി തീരുമാനിച്ചു. വീടുകളുടെ നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം നവംബര്‍ 15നകവും പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

മന്ത്രിമാരായ എ പി അനില്‍കുമാര്‍, ടി സിദ്ദിഖ്, കെ എം ഷാജി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിര്‍മാണം പൂര്‍ത്തിയാകുന്ന വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരികരിക്കാന്‍ യോഗം വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ദുരന്ത ബാധിതര്‍ക്കുള്ള രണ്ടാം ഘട്ട വീടുകള്‍ കൈമാറാന്‍ വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദുരന്ത ബാധിതര്‍ ടൗണ്‍ഷിപ്പില്‍ എത്തിയാണ് പ്രതിഷേധിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചമട്ടായിരുന്നു. സെപ്റ്റംബര്‍ അവസാനം വീടുകള്‍ കൈമാറുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നറുക്കെടുപ്പ് പോലും നടത്തിയിട്ടില്ല. ഇതോടെയാണ് അതിജീവിതര്‍ പ്രതിഷേധവുമായി എത്തിയത്.

ദുരന്തബാധിതര്‍ക്ക് നിലവില്‍ നല്‍കിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരുമെന്നും സബ്കമ്മിറ്റി അറിയിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക വേഗത്തില്‍ കൈമാറും. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

Content Highlights:
The Cabinet Sub-Committee decided to consult local self-governing bodies to finalize the beneficiary list for the Mundakkai-Chooralmala landslide rehabilitation township. House construction will conclude by October 31. The District Collector was instructed to conduct a draw to allocate homes.