Source :- SIRAJLIVE NEWS
ഹൈദരബാദ്| ശക്തമായ ചുഴലിക്കാറ്റായ മുറസു ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്ത് കരതൊട്ടു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണതീരത്ത് അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകളും നിരവധി ട്രെയിനുകളും റദ്ദാക്കി.
തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് മുറസു ചുഴലിക്കാറ്റ് കടന്നുപോയത്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗത. ശക്തമായ മഴ കണക്കിലെടുത്ത് തമിഴ്നാട്ടില്‍ ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
ഇന്നലെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
തെക്കന്‍ തീരദേശ ആന്ധ്രയിലും റായലസീമ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി.
Content Highlights: Severe Cyclone Murasu made landfall near Ongole in southern Andhra Pradesh with wind speeds reaching up to 120 kmph. High alerts have been issued across Andhra Pradesh, Tamil Nadu, and Puducherry. Authorities cancelled 19 flights and several train services to ensure public safety.



