Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മുല്ലപ്പെരിയാർ അണക്കെട്ടിലെ അധികജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന ആവശ്യവുമായി കമ്പം എംഎൽഎ ജഗനാഥ് മിശ്ര (ടിവികെ) രംഗത്ത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് തുറന്നുവിടുന്ന വെള്ളം തമിഴ്നാട്ടിലെ കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിൽ ലഭ്യമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി അണക്കെട്ടിലെത്തി അവിടെ നിന്ന് അറബിക്കടലിലേക്ക് പതിക്കുകയാണെന്നും, ഇത് തമിഴ്നാടിന് വലിയ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും മുല്ലപ്പെരിയാർ വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ടിവികെ പ്രധാന ചർച്ചാ വിഷയമാക്കിയിരുന്നു.
മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ ജനങ്ങൾ തങ്ങൾക്ക് സഹോദരന്മാരെപ്പോലെയാണെന്നും, ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും ജഗനാഥ് മിശ്ര പറഞ്ഞു.
“പഴയതുപോലെയല്ല കാര്യങ്ങൾ. കേരളത്തിലെ കോൺഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. അതിനാൽ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുമെന്നാണ് വിശ്വാസം,” അദ്ദേഹം കൂട്ടിച്ചേർത്തു. തേനി ജില്ലയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് മുല്ലപ്പെരിയാർ എന്നതിനാൽ ഈ ആവശ്യം സർക്കാരുകൾ ഗൗരവമായി പരിഗണിക്കുമെന്നാണ് ടിവികെയുടെ പ്രതീക്ഷ.


