Source :- SIRAJLIVE NEWS
സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പുനലൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ തുടക്കം കുറിച്ച പദ്ധതി ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. രാത്രിയില്‍ വിദഗ്ധ ചികിത്സ ആവശ്യം വന്നാല്‍ ഡോക്ടര്‍മാരെ വിളിച്ചു വരുത്തുന്ന ഓണ്‍കോള്‍ സംവിധാനവുമുണ്ടാകും.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിയിട്ടുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയില്‍ ഇപ്പോഴും ചില വിടവുകളുണ്ട്. വിശിഷ്യാ ജില്ലാ, താലൂക്ക് ആശുപത്രികളില്‍. ഇവിടങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെങ്കിലും പകലില്‍ ഏതാനും മണിക്കൂറില്‍ പരിമിതമാണ്. മറ്റു സമയങ്ങളില്‍ കാഷ്വാലിറ്റികളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയോ മെഡിക്കല്‍ ഓഫീസര്‍മാരുടെയോ സേവനം മാത്രമാണ് ഭൂരിഭാഗം ജില്ലാ- താലൂക്ക് ആശുപത്രികളില്‍ ലഭ്യമാകുന്നത്. രാത്രി കാലങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം, അപകടങ്ങള്‍, പ്രസവ കേസുകള്‍ തുടങ്ങിയവക്ക് ആദ്യമണിക്കൂറുകളില്‍ വിദഗ്ധ ഉപദേശം ലഭിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും. ഈ സമയങ്ങളില്‍ ഇവരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ രോഗികളെ പലപ്പോഴും മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യേണ്ടി വരുന്നു. ആരോഗ്യ പരിപാലന സംവിധാനത്തില്‍ ജില്ലാ, താലൂക്ക് ആശുപത്രികള്‍ ദ്വിതീയതലത്തിലും (സെക്കന്‍ഡറി കെയര്‍) മെഡിക്കല്‍ കോളജുകള്‍ തൃതീയതലത്തിലും (ടെര്‍ഷ്യറി കെയര്‍) ആണ് ഉള്‍പ്പെടുന്നത്. കേവല രോഗചികിത്സക്കുള്ള ഇടങ്ങളല്ല; അത്യാധുനിക ആരോഗ്യ ഗവേഷണങ്ങള്‍ക്കും സങ്കീര്‍ണവും ഗുരുതരവുമായ രോഗചികിത്സക്കുമുള്ള കേന്ദ്രങ്ങളാണ് “ടെര്‍ഷ്യറി കെയറു’കള്‍. എന്നാല്‍ ദ്വിതീയ തലത്തിലെ സ്‌പെഷ്യലിസ്റ്റ് സേവനത്തിന്റെ പോരായ്മ കാരണം ഒരു റഫറല്‍ കേന്ദ്രമായി ചുരുങ്ങുകയാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ മുഴുസമയവും വിദഗ്ധ സേവനം ലഭ്യമായാല്‍ ദ്വിതീയ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും ഇത് മെഡിക്കല്‍ കോളജുകളുടെ അമിതഭാരം കുറയ്ക്കുകയും ചെയ്യും. അതോടെ ഡോക്ടര്‍മാര്‍ക്ക് ഗവേഷണങ്ങളിലും സങ്കീര്‍ണ കേസുകളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമാകും.
സാധാരണക്കാരായ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. രാത്രികാലങ്ങളിലുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കാറുണ്ട്. ജില്ലാ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ അവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അടിയന്തര കേസുകളില്‍ ചില സ്വകാര്യ ആശുപത്രികള്‍ കഴുത്തറപ്പന്‍ ഫീസും ചികിത്സാ ചെലവുമാണ് ഈടാക്കാറുള്ളത്. ജില്ലാ- താലൂക്ക് ആശുപത്രികളില്‍ രാത്രികാലങ്ങളില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത് ഇവര്‍ക്ക് വലിയ ആശ്വാസമാകും. “ചികിത്സാ ചെലവുകള്‍ കാരണം ആരും ദരിദ്രരാകരുത്’ എന്നതാണല്ലോ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന തത്ത്വം.
അതേസമയം ആറ് മാസത്തിനുള്ളില്‍ പദ്ധതി പ്രായോഗികമാക്കുന്നതിന് ചില തടസ്സങ്ങളുണ്ട്. നിലവില്‍ തന്നെ സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും വിദഗ്ധ ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആവശ്യത്തിന് നിയമനങ്ങള്‍ നടക്കുന്നുമില്ല. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയാക്കേണ്ടി വരും. ഡോക്ടര്‍മാര്‍ മാത്രം പോരാ, രാത്രി സമയങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നാല്‍ അനസ്‌തേഷ്യ വിദഗ്ധര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കണം. ഡയഗ്‌നോസ്റ്റിക് (ലാബ്, എക്‌സ്റേ, സ്‌കാനിംഗ്) സജ്ജീകരണങ്ങളും ബ്ലഡ് ബേങ്കും അനിവാര്യം. ഡോക്ടര്‍മാരുടെ ജോലിഭാരം അമിതമാകാത്ത വിധം ഷിഫ്റ്റ് ക്രമീകരണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപനം കേവലം ഉത്തരവിലും പത്രത്താളുകളിലും ഒതുങ്ങും.
ജില്ലാ- താലൂക്ക് ആശുപത്രികളിലെ പരിഷ്‌കരണ നടപടികള്‍ കൊണ്ട് മാത്രമായില്ല, കേരളം പൊതുജനാരോഗ്യ രംഗത്ത് കൈവരിച്ച നേട്ടവും മാതൃകയും നിലനിര്‍ത്തണമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രം തൊട്ടുള്ള ചികിത്സ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ വിഭവങ്ങളും മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കണം. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും ഉപകരണങ്ങള്‍ വാങ്ങുന്നതിലും ആരോഗ്യവകുപ്പ് കാണിക്കുന്ന ശ്രദ്ധ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിലും കാണിക്കേണ്ടതുണ്ട്. കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച ഉപകരണങ്ങള്‍ വിദഗ്ധ ടെക്‌നീഷ്യന്മാരുടെ അഭാവത്തില്‍ കേടാവുന്ന സാഹചര്യവും ഒഴിവാക്കണം.
ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ മുഴുസമയവും വിദഗ്ധ ചികിത്സ ലഭ്യമാക്കല്‍ പുതിയൊരു ഭരണപരിഷ്‌കരണം മാത്രമല്ല, ആരോഗ്യ മേഖലയില്‍ തുല്യത ഉറപ്പാക്കുന്ന നടപടി കൂടിയാണ്. സമ്പന്നര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ദൂരെയുള്ള വിദഗ്ധ കേന്ദ്രങ്ങളിലും ചികിത്സ തേടാനാകുമ്പോള്‍ സാധാരണക്കാരന് ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന അവസ്ഥ വരരുത്. അവര്‍ക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ചുരുങ്ങിയ പക്ഷം സ്വന്തം ജില്ലയില്‍ തന്നെയെങ്കിലും വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്വം. സൗജന്യ പദ്ധതിയല്ല ആരോഗ്യ സംരക്ഷണം, പൗരന്റെ മൗലികാവകാശമാണ്.




