Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. എന്നാൽ ഒരുമിച്ച് അഭിനയിക്കാനുള്ള നിരവധി അവസരങ്ങൾ ഇരുവരും നിരന്തരം നിരസിക്കുന്നത് ‘സൈഫീന’ ആരാധകരെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്.

ഇപ്പോഴിതാ, കരീനയ്ക്കൊപ്പം അഭിനയിക്കാൻ താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും, ഭാവിയിൽ ഇരുവരെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ സാധിക്കുമോ എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാൻ.’വെറൈറ്റി ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിലെ അമിതമായ കംഫർട്ട് (ആശ്വാസം) ആണ് കരീനയ്ക്കൊപ്പം അഭിനയിക്കാത്തതിന് പിന്നിലെ പ്രധാന കാരണമെന്ന് സെയ്ഫ് പറയുന്നു.

സിനിമയിൽ മികച്ച കെമിസ്ട്രി ഉണ്ടാകണമെങ്കിൽ അവിടെ ചില അസ്വസ്ഥതകളും സംഘർഷങ്ങളും ആവശ്യമാണെന്നാണ് സെയ്ഫ് വിശ്വസിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം പങ്കാളിയുടെ കംഫർട്ടിനെക്കുറിച്ച് കൂടുതൽ ആകുലപ്പെടുന്നത് അഭിനയത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും കരീനയ്ക്കൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ല എന്ന് ഇതിനർത്ഥമില്ലെന്നും താരം വ്യക്തമാക്കി. ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ആനിസ്റ്റണും ആദം സാൻഡ്‌ലറും തകർത്തഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രമായ ‘മർഡർ മിസ്റ്ററി’ ഇതിന് ഉദാഹരണമായി സെയ്ഫ് ചൂണ്ടിക്കാണിച്ചു.

ഒരു കൊലപാതക കേസ് അന്വേഷണത്തിലൂടെ തങ്ങളുടെ ദാമ്പത്യത്തിലെ ആകാംഷ വീണ്ടെടുക്കുന്ന ഭർത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന അത്തരം ഏതെങ്കിലും വ്യത്യസ്തമായ തിരക്കഥകൾ ലഭിച്ചാൽ തീർച്ചയായും ഒരുമിച്ച് അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂതകാലത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഏറെ ജാഗ്രതയോടെ മാത്രമേ അത്തരം പ്രോജക്ടുകളെ സമീപിക്കൂ. കരീനയെന്ന നടിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, പ്രതിഭാധനയായ അവളോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഒരു ബഹുമതിയാണെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.

2008-ൽ പുറത്തിറങ്ങിയ ‘തഷാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സെയ്ഫും കരീനയും പ്രണയത്തിലാകുന്നത്. തുടർന്ന് 2012 ഒക്ടോബർ 16-നായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് ഏറെ ആഘോഷിച്ച ഈ പ്രണയ ദാമ്പത്യത്തിൽ ഇവർക്ക് തൈമൂർ അലി ഖാൻ (2016), ജഹാംഗീർ അലി ഖാൻ (2021) എന്നിങ്ങനെ രണ്ട് ആൺമക്കളുമുണ്ട്.