Home LATEST NEWS malyalam പുതിയ വാർത്ത യാത്രാക്ലേശവും പട്ടിണിയും; ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ സേവനം പ്രവാസികളെ വലയ്ക്കുന്നു

യാത്രാക്ലേശവും പട്ടിണിയും; ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ സേവനം പ്രവാസികളെ വലയ്ക്കുന്നു

4
0

Source :- SIRAJLIVE NEWS

അബുദാബി |  അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ (എംബസി) താല്‍ക്കാലികമായി നേരിട്ട് നല്‍കിവരുന്ന പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ തേടിയെത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ കടുത്ത യാത്രാദുരിതത്തിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വലയുന്നു. പുതിയ സേവന ദാതാക്കളായ അല്‍ഹിന്ദിന്റെ അപേക്ഷാ കേന്ദ്രങ്ങള്‍ തുറക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ കാരണം വൈകുന്നതിനാലാണ് എംബസി നേരിട്ട് സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍, അബുദാബി നഗരത്തില്‍ നിന്നും വളരെ ദൂരെ, തികച്ചും ഒറ്റപ്പെട്ട ഒരു മേഖലയിലാണ് (ഡിപ്ലോമാറ്റിക് ഡിസ്ട്രിക്റ്റ്) ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത് എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ കടമ്പയായി മാറിയിരിക്കുകയാണ്.

പോക്കറ്റ് ചോര്‍ത്തി ടാക്‌സി നിരക്കുകള്‍

എംബസി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളോ ബസ് സര്‍വീസുകളോ നിലവിലില്ല. നഗര ഹൃദയത്തില്‍ നിന്നും പാസ്പോര്‍ട്ട്, വിസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എംബസിയില്‍ പോകേണ്ടവര്‍ 50 ദിര്‍ഹമിന് മുകളില്‍ ചെലവഴിച്ച് ടാക്‌സി വിളിച്ച് പോകേണ്ട അവസ്ഥയാണിപ്പോള്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഈ തുക വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ദുരിതം അവിടെയും തീരുന്നില്ല. എംബസിയിലെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞ ശേഷം തിരികെ താമസസ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ടാക്‌സികള്‍ ലഭ്യമാവുക എന്നത് ഈ പ്രദേശത്ത് വളരെ അപൂര്‍വമാണ്. മണിക്കൂറുകളോളം കടുത്ത ചൂടില്‍ റോഡില്‍ കാത്തുനിന്നാല്‍ മാത്രമാണ് പലപ്പോഴും ഒരു ടാക്‌സി പോലും ഒത്തുകിട്ടുന്നത്. തിരികെ വരാനും വീണ്ടും വലിയ തുക ടാക്‌സി കൂലിയായി നല്‍കേണ്ടി വരുന്നു.

ഭക്ഷണവും വെള്ളവുമില്ലാത്ത ഒറ്റപ്പെട്ട മേഖ

പൂര്‍ണ്ണമായും ഔദ്യോഗിക കാര്യാലയങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഒറ്റപ്പെട്ട ഏരിയയായതിനാല്‍ എംബസിക്ക് സമീപപ്രദേശങ്ങളില്‍ ഹോട്ടലുകളോ കഫ്റ്റീരിയകളോ ബക്കാലകളോ (പലചരക്ക് കടകള്‍) ഇല്ല. ദൂരസ്ഥലങ്ങളില്‍ നിന്നും കടുത്ത ചൂടില്‍ പട്ടിണി കിടന്ന് എത്തുന്നവര്‍ക്ക് ഒരു കുപ്പി വെള്ളം പോലും വാങ്ങാന്‍ ഇവിടെ സൗകര്യമില്ലാത്തത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന ജനങ്ങള്‍ക്ക് ഇത് ഇരട്ടി പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

പ്രായോഗിക പരിഹാരങ്ങളുമായി പ്രവാസികള്‍

പുതിയ അപേക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണ്ണതോതില്‍ സജ്ജമാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍, അതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ അബുദാബി നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ അല്ലെങ്കില്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍
എന്നിവിടങ്ങളില്‍ കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി താല്‍ക്കാലിക കൗണ്ടറുകള്‍ സജ്ജമാക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും ആവശ്യത്തിന് ബസ് സര്‍വീസുകളുള്ളതുമായ ഈ കേന്ദ്രങ്ങളില്‍ സംവിധാനമൊരുക്കിയാല്‍ യാത്രാക്ലേശം ഒഴിവാകും. മാത്രമല്ല, നഗരമധ്യമായതിനാല്‍ ആവശ്യത്തിന് ഹോട്ടലുകളും കഫ്റ്റീരിയകളും മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇത് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സഹായിക്കും. ഈ വിഷയത്തില്‍ എംബസി അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി കൂട്ടായ്മകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

#AbuDhabi #IndianEmbassy #NRIIssues #ConsularServices #UAEProvasis #GulfNews

Content Highlights: Ordinary expatriates in Abu Dhabi are facing severe travel difficulties and a lack of basic facilities due to the temporary direct consular services at the Indian Embassy. The isolated location lacks public transport and food stalls, forcing workers to spend heavily on taxis. Expatriates demand temporary service counters at the India Social and Cultural Centre or Indian School in the city center.