Home rss national malayalam പുതിയ വാർത്ത ‘യു എ ഇ ഏറെ വളര്‍ന്നു, എങ്കിലും രാജ്യം ഇപ്പോഴും അങ്ങയെപ്പോലെ തന്നെയാണ്’; ശൈഖ് സായിദിനെ...

‘യു എ ഇ ഏറെ വളര്‍ന്നു, എങ്കിലും രാജ്യം ഇപ്പോഴും അങ്ങയെപ്പോലെ തന്നെയാണ്’; ശൈഖ് സായിദിനെ സ്മരിച്ച് ശൈഖ് മുഹമ്മദിന്റെ ഹൃദയസ്പര്‍ശിയായ കത്ത്

5
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. തന്റെ ജീവിതത്തിലെ നാല് പതിറ്റാണ്ട് കാലം ഗുരുവും നേതാവും പ്രചോദനവുമായിരുന്ന മഹദ് വ്യക്തിത്വത്തിന് ആദരമര്‍പ്പിച്ചാണ് ശൈഖ് മുഹമ്മദ് കത്തെഴുതിയത്. ശൈഖ് സായിദിന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയെ അദ്ദേഹം കത്തിലൂടെ ഓര്‍ത്തെടുക്കുന്നു.

‘ജീവിതത്തിലെ നാല് പതിറ്റാണ്ടുകാലം എന്റെ ഗുരുവര്യനും നേതാവും പ്രചോദനവുമായിരുന്നയാള്‍ക്കുള്ള കത്ത്. എന്റെ പിതാവിനും യു എ ഇ ജനതയുടെ പിതാവിനും നേതാക്കളുടെയും ഭരണാധികാരികളുടെയും അനാഥരുടെയും പാവപ്പെട്ടവരുടെയും പിതാവിനുമുള്ള കത്ത്’ എന്ന് വിശേഷിപ്പിച്ചാണ് ശൈഖ് മുഹമ്മദ് കുറിപ്പ് ആരംഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുകയും വിടപറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായാത്ത സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്ന നേതാവാണ് ശൈഖ് സായിദെന്ന് അദ്ദേഹം കുറിച്ചു. ‘എന്റെ പ്രിയ പിതാവ് സായിദ്, അങ്ങേക്കുള്ള എന്റെ സന്ദേശമിതാണ്: യു എ ഇ ഇന്ന് ഒരുപാട് വളര്‍ന്നു, എങ്കിലും ഈ രാജ്യം ഇപ്പോഴും അങ്ങയെപ്പോലെ തന്നെയാണ്.’

വിഭവങ്ങള്‍ പരിമിതമായിരുന്ന ആദ്യകാലത്ത് സ്‌കൂളുകളും സര്‍വകലാശാലകളും റോഡുകളും ആശുപത്രികളും നിര്‍മിക്കാന്‍ ശൈഖ് സായിദ് കാട്ടിയ ഇച്ഛാശക്തി കത്തില്‍ അനുസ്മരിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്ത് അവിടുത്തെ ജനങ്ങളെ സേവിക്കാനുള്ളതാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് വികസന മുന്നേറ്റത്തിന് അടിത്തറയിട്ടത്. എല്ലാ ആശങ്കകളെയും വെല്ലുവിളികളെയും അതിജീവിച്ച് യൂണിയന്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഐക്യബോധത്തിന് സാധിച്ചു. ആ ഐക്യമാണ് ഇന്നും രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്.

നേതൃത്വം എന്നാല്‍ ജനങ്ങളെ സേവിക്കലാണെന്നും പുരോഗതി ഒരിക്കലും മാനുഷിക മൂല്യങ്ങളെ ബലികഴിച്ചുകൊണ്ടാവരുതെന്നും ശൈഖ് സായിദില്‍ നിന്നാണ് പഠിച്ചതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യു എ ഇ ഇന്ന് ആഗോളതലത്തില്‍ സ്വാധീനമുള്ള ശക്തമായ രാഷ്ട്രമായി വളര്‍ന്നപ്പോഴും അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ശൈഖ് സായിദിന്റെ പൈതൃകത്തില്‍ തന്നെ വേരൂന്നി നില്‍ക്കുന്നുവെന്ന് അദ്ദേഹം സ്മരിച്ചു.

ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സ്’ ന്റെ അറബിക് പതിപ്പ് ഒക്ടോബര്‍ ഒന്ന് മുതല്‍ യു എ ഇയിലെ പ്രമുഖ പുസ്തകശാലകളില്‍ ലഭ്യമാകും. ‘ലൈഫ് ലെസ്സന്‍സ്’ പരമ്പരയുടെ രണ്ടാം ഭാഗമായ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബര്‍ 15-ന് പുറത്തിറങ്ങും.

Content Highlights:
UAE Vice President Sheikh Mohammed bin Rashid Al Maktoum penned a moving tribute to the late Sheikh Zayed bin Sultan Al Nahyan. He emphasized that despite the nation’s rapid growth and modern progress, the spirit and core values of the founder remain unchanged at the heart of the United Arab Emirates.