Home rss national malayalam പുതിയ വാർത്ത യു പി ഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തരുത്

യു പി ഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തരുത്

5
0

Source :- SIRAJLIVE NEWS

യു പി ഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ഫീസ് (മര്‍ച്ചന്റ്ഡിസ്‌കൗണ്ട് റേറ്റ്) ഏര്‍പ്പെടുത്താനുള്ള നീക്കം ദീപാവലി ഉത്സവ സീസണ്‍ കഴിയുന്നത് വരെ നീട്ടിവെച്ച നടപടി ആശ്വാസകരമാണ്. വ്യവസായ സ്ഥാപനങ്ങളും വ്യാപാര സംഘടനകളും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാല്‍ ഇതുകൊണ്ടായില്ല. രാജ്യത്തെ കോടിക്കണക്കിനു സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ബാധിക്കുന്ന മര്‍ച്ചന്റ്ഡിസ്‌കൗണ്ട് റേറ്റ് തീരുമാനം പൂര്‍ണമായും ഉപേക്ഷിച്ച് സൗജന്യ ഇടപാട് രീതി തുടരേണ്ടത് ആവശ്യമാണ്.

നാഷനല്‍ പേയ്‌മെന്റ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരം വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനമാണ് ഫീസ് ഈടാക്കുക. ഇതനുസരിച്ച് 2,000 രൂപയുടെ ഇടപാടിന് എട്ട് രൂപയും 10,000 രൂപയുടെ ഇടപാടിന് 40 രൂപയും ഫീസ് നല്‍കണം. സ്‌കൂള്‍- കോളജ് ഫീസുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, പെട്രോള്‍ പമ്പുകള്‍, വൈദ്യുതി- വെള്ളം ബില്ലുകള്‍, ഓഹരി വിപണി, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് ഓരോ ഇടപാടിനും അഞ്ച് രൂപയാണ് ഫീസ് ഈടാക്കുക. യു പി ഐ ഇടപാടുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ വ്യാപാരികള്‍ ഉപയോഗിക്കുന്ന സൗണ്ട്‌ബോക്‌സ് ഉപകരണങ്ങള്‍ക്ക് പേയ്‌മെന്റ്ആപ്പ് കമ്പനികള്‍ പ്രതിമാസ വാടക ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ ഫീസ് അടിച്ചേല്‍പ്പിക്കുന്നത്.

രാജ്യത്ത് ഗ്രാമീണ മേഖലയിലടക്കം വ്യാപകമാണ് ഇന്ന് യു പി ഐ ഇടപാടുകള്‍. ഇടപാടിന്റെ വേഗതയും സൗകര്യവും മാത്രമല്ല, ചെലവില്ലാതെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ വിജയത്തിനും വ്യാപനത്തിനും കാരണം. പണം കൈയിലില്ലാത്തതു കൊണ്ട് ഇടപാട് നടത്താനാകാത്ത അവസ്ഥ പരിഹരിക്കാനും ചെറിയ തുകകളുടെ കൈമാറ്റം എളുപ്പമാക്കാനും ഈ സംവിധാനം സഹായകമായി. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം ജനജീവിതത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ യു പി ഐക്ക് വലിയ പങ്കുണ്ട്. ഇത്തരമൊരു സംവിധാനത്തിനു ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ ഈ സംവിധാനത്തോട് പുറംതിരിയുകയും അത് ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുകയും ചെയ്യും.

യു പി ഐ ഫീസ് ഈടാക്കുന്നത് ഉപഭോക്താക്കളില്‍ നിന്നല്ല, വ്യാപാരികളില്‍ നിന്നാണെന്ന് അധികൃതരും ബേങ്കുകാരും വാദിച്ചേക്കാം. ഇതുപക്ഷേ കടലാസില്‍ മാത്രം ഒതുങ്ങാനാണ് സാധ്യത. കച്ചവടത്തിന്റെ ദൈനംദിന ചെലവ് വര്‍ധിക്കുമ്പോള്‍, ഈ അധികബാധ്യത ലാഭവിഹിതത്തില്‍ നിന്ന് വിട്ടുകൊടുക്കാന്‍ ഏത് വ്യാപാരിയും മടിക്കും. ഇത് ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിലയില്‍ ഉള്‍പ്പെടുത്തി പരോക്ഷമായി ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് വ്യാപാരികള്‍ ശ്രമിക്കുക.

ഓരോ ഉത്പന്നത്തിനും സേവനത്തിനും നിസ്സാരമെന്നു തോന്നിക്കുന്ന വിലവര്‍ധന ഉണ്ടായാല്‍ പോലും സാധാരണക്കാരന്റെ മാസബജറ്റിനെ അത് ബാധിക്കും. ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്ന് നിയമപരമായോ ഭരണപരമായോ ഉത്തരവുണ്ടായാല്‍ പോലും വിപണിയിലെ പരോക്ഷമായ ഈ ചെലവ് കൈമാറ്റം തടയുക അസാധ്യമാണ്. അഥവാ ഫീസ് കച്ചവടക്കാര്‍ വഹിക്കുന്ന സ്ഥിതിയാണെങ്കില്‍ തന്നെയും കോര്‍പറേറ്റുകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും അത് തങ്ങളുടെ വലിയ തോതിലുള്ള വിറ്റുവരവില്‍ ക്രമീകരിക്കാന്‍ സാധിക്കും.

ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിടക്കാര്‍ക്ക് ഇങ്ങനെ ക്രമീകരിക്കാനാകില്ല. ഉത്പന്നവില വര്‍ധിപ്പിക്കുക മാത്രമാണ് അവരുടെ മുമ്പിലുള്ള മാര്‍ഗം. ഇത് ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിനും വിപണിയിലെ മത്സരക്ഷമത കുറയുന്നതിനും ഇടയാക്കും. ഫീസ് ഭാരം ഒഴിവാക്കാന്‍ ചെറുകിട വ്യാപാരികള്‍ യു പി ഐ. ക്യൂ ആര്‍ കോഡുകള്‍ ഒഴിവാക്കുകയും “ക്യാഷ് ഓണ്‍ലി’ രീതിയിലേക്ക് മടങ്ങുകയുമായിരിക്കും അനന്തരഫലം. ഇത് ഡിജിറ്റല്‍ ഇടപാട് മേഖലക്ക് തിരിച്ചടിയാകും.

യു പി ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ അതിന്റെ പ്രധാന ഉപഭോക്താക്കള്‍ വന്‍കിട വിദേശ സാങ്കേതിക കമ്പനികളും പേയ്‌മെന്റ് ഗേറ്റുവേകളുമാണ്. ഇന്ത്യയിലെ യു പി ഐ വിപണിയുടെ ഭൂരിഭാഗവും കൈയാളുന്നത് അമേരിക്ക പോലുള്ള വിദേശ ആപ്പുകളാണ്. ഫീസ് നിലവില്‍ വരുന്നതോടെ ഇത്തരം കമ്പനികള്‍ക്ക് ശതകോടികളുടെ അധികവരുമാനമാണ് ലഭിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും സാധാരണക്കാര്‍ക്ക് ഉപകാരപ്രദവുമായ ഒരു പൊതുസേവന സംവിധാനത്തെ വന്‍കിട വിദേശ ബിസിനസ്സുകാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള മാര്‍ഗമാക്കുന്നത് ഒട്ടും ന്യായീകരിക്കാനാകില്ല. ഇന്ത്യയുടെ പൊതുനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, വിദേശ വാണിജ്യ കമ്പനികളുടെ താത്പര്യത്തേക്കാള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

രാജ്യത്തെ കോടിക്കണക്കിനു സാധാരക്കാരെ വരെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് ആകര്‍ഷിപ്പിച്ചതില്‍ യു പി ഐക്ക് വലിയ പങ്കുണ്ട്. തെരുവോരക്കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാര ശൃംഖലകള്‍ വരെയുള്ള വിപണി ശൃംഖലയില്‍ യു പി ഐ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ പണം കൈയില്‍ കരുതാതെ യാത്ര ചെയ്യുന്നതും ബസ്, ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് മുതല്‍ പലചരക്കു സാധനങ്ങള്‍ വരെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്ക് ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതും സാധാരണ കാഴ്ചയാണ്.

സാമ്പത്തിക സുതാര്യതയും സൗകര്യവും ഉറപ്പ് നല്‍കി ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിച്ച ശേഷം ഫീസ് ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ ഈ സംവിധാനത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെ ദുര്‍ബലപ്പെടുത്തലാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭിക്കുമ്പോഴാണ് സമ്പദ് വ്യവസ്ഥ ആരോഗ്യകരമാകുന്നത്. ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സുതാര്യതക്കും വളര്‍ച്ചക്കും യു പി ഐ സൗജന്യമായി നിലനിര്‍ത്തുക തന്നെ വേണം. ഈ സംവിധാനം നിലനിര്‍ത്താനാവശ്യമായ ചെലവുകള്‍ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ കെട്ടിവെക്കാതെ പൊതുഫണ്ടില്‍ നിന്ന് നല്‍കുകയാണ് വേണ്ടത്. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

Content Highlights:
The decision to postpone UPI transaction fees until after Diwali brings temporary relief to small businesses and consumers. However, imposing a Merchant Discount Rate could disrupt digital economy growth and push small traders back to cash transactions. Authorities should ensure UPI remains fully free.