Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 മില്യൺ യുഎസ് ഡോളർ അനുവദിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൺസർവേറ്റീവ് ആശയങ്ങൾ വിവിധ മേഖലകളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി മാറ്റിവെച്ച 25 മില്യൺ ഡോളർ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുകയെന്നാണ് വിവരം.
ട്രംപും യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകളും നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുന്നതിനിടെയാണ് യൂറോപ്പിലെ വലതുപക്ഷ ആശയങ്ങൾക്ക് പിന്തുണ നൽകുന്ന മാധ്യമങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള നീക്കം. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ട്രംപ് അനാവശ്യമായി ഇടപെടുന്നുവെന്ന വിമർശനം വിവിധ സർക്കാരുകളിൽ നിന്ന് ഉയർന്നിരുന്നു. ഇത്തരം നിലപാടുകൾ യൂറോപ്യൻ ജനങ്ങൾക്കിടയിൽ ട്രംപിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അറ്റ്‌ലാന്റിക് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫണ്ട് അനുവദിക്കുന്നതെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വ്യക്തമാക്കുന്നത്.
അതേസമയം, യൂറോപ്പിൽ വരും വർഷത്തിൽ നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഫണ്ട് അനുവദിക്കാനുള്ള നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യൂറോപ്പിലെ പോപ്പുലിസ്റ്റ് വലതുപക്ഷ പാർട്ടികളോട് ട്രംപ് പരസ്യമായി പിന്തുണ പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായവും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും.



