Home rss business malayalam ‘രാമായണ’ത്തിന്റെ രണ്ടാം ഭാഗത്തിലും മാറ്റമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം; ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി

‘രാമായണ’ത്തിന്റെ രണ്ടാം ഭാഗത്തിലും മാറ്റമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം; ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തിയറ്ററുകളിൽ മികച്ച കളക്ഷനുമായി പ്രദർശനം തുടരുന്ന ‘രാമായണം’ സിനിമയ്‌ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി. വാത്മീകിയുടെ ഇതിഹാസത്തെ സിനിമ വളച്ചൊടിച്ചെന്നും രാവണനെ മഹത്വവൽക്കരിച്ചെന്നുമാണ് സംഘടനയുടെ ആരോപണം. രണ്ടാം ഭാഗത്തിലും സമാനമായ രീതിയിൽ ഇതിഹാസത്തെ അവതരിപ്പിച്ചാൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അണിയറപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി ഗോവ കോർഡിനേറ്റർ മനോജ് സോളങ്കി ആരോപിച്ചു. രാവണൻ, ശൂർപ്പണഖ, സീത തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രീകരണവും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് സംഘടനയുടെ നിലപാട്. സിനിമയിലൂടെ കമ്മ്യൂണിസ്റ്റ് അജണ്ട പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുക്കൾ സിനിമ കാണരുതെന്ന് ആഹ്വാനം ചെയ്ത സംഘടന, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിലെ മതപരമായ ഉള്ളടക്കം വേണ്ടത്ര പരിശോധിച്ചില്ലെന്നും ആരോപിച്ചു. ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് മതപണ്ഡിതരുമായി കൂടിയാലോചന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുമ്പ് ഹിന്ദു മതനേതാക്കളെയും പണ്ഡിതരെയും സിനിമ കാണിക്കണം. അല്ലാത്തപക്ഷം തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മനോജ് സോളങ്കി മുന്നറിയിപ്പ് നൽകി.

നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’ നവംബർ അഞ്ചിനാണ് വിവിധ ഭാഷകളിലായി റിലീസ് ചെയ്തത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും വേഷമിട്ടു. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളുടെ അവതരണമാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ വിമർശനത്തിന് ഇടയാക്കിയത്.