Source :- SIRAJLIVE NEWS
പതിനെട്ടാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന വസൂരി രോഗം ബാധിക്കുന്ന പത്തിൽ മൂന്ന് പേരും മരണപ്പെടുമായിരുന്നു. രക്ഷപ്പെടുന്നവരുടെ മുഖത്തും ശരീരത്തിലും വലിയ പാടുകൾ അവശേഷിക്കും. ഇക്കാലത്ത് ഇംഗ്ലണ്ടിലെ എഡ്വേർഡ് ജെന്നർ എന്ന ഡോക്ടർ തന്റെ ഗ്രാമത്തിലെ ആളുകളെ നിരീക്ഷിച്ചപ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. പശുക്കളെ വളർത്തുകയും അവയുടെ പാൽ കറക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് വസൂരി രോഗം വരുന്നതേയില്ല. കൗപോക്സ് (പശുവിൻ വസൂരി) എന്ന വളരെ ചെറിയൊരു പനി മാത്രമാണ് വന്നിരുന്നത്. അതാകട്ടെ പെട്ടെന്ന് മാറുകയും ചെയ്യുന്നു. പശുവിൻ വസൂരി വന്നവർക്ക് എന്തുകൊണ്ട് മാരകമായ മനുഷ്യ വസൂരി വരുന്നില്ല എന്ന് ജെന്നർ ചിന്തിച്ചു. പശുവിൻ വസൂരി ഉണ്ടാക്കുന്ന രോഗാണുക്കൾ മനുഷ്യന്റെ ശരീരത്തിൽ കയറുമ്പോൾ, അത് വലിയ വസൂരിക്കെതിരെ പോരാടാനുള്ള ശക്തി ശരീരത്തിന് നൽകുന്നുണ്ടെന്ന് അദ്ദേഹം ഊഹിച്ചു. ഇത് ശരിയാണോ എന്ന് പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.
സാറാ എന്ന പാൽക്കാരിക്ക് പശുവിൽ നിന്ന് ബാധിച്ച ചെറിയ വസൂരിപ്പുണ്ണിലെ ദ്രാവകം (രോഗാണുക്കൾ) ഡോ. ജെന്നർ ചെറിയൊരു സൂചികൊണ്ട് തന്റെ തോട്ടക്കാരന്റെ മകനായ ജെയിംസ് ഫിപ്സ് എന്ന എട്ട് വയസ്സുകാരന്റെ കൈയിൽ പുരട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജെയിംസിന് ചെറിയ പനി വന്നെങ്കിലും വേഗം സുഖം പ്രാപിച്ചു. രണ്ട് മാസങ്ങൾക്ക് ശേഷം ജെന്നർ ആ കുട്ടിയുടെ ശരീരത്തിലേക്ക് മാരകമായ മനുഷ്യ വസൂരിയുടെ രോഗാണുക്കളെ കടത്തിവിട്ടു. ദിവസങ്ങൾ കടന്നുപോയി… ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയിരുന്ന ആ മാരക രോഗം കുട്ടിയെ സ്പർശിച്ചതേയില്ല.
പശുവിൻ വസൂരിയുടെ അംശം ജെയിംസിന്റെ ശരീരത്തിൽ കയറിയപ്പോൾ, അവന്റെ പ്രതിരോധ സംവിധാനം ശക്തമാകുകയും അത് വലിയ വസൂരിയെ തടയുകയും ചെയ്തു എന്ന് ഡോക്ടർ മനസ്സിലാക്കി. ലാറ്റിൻ ഭാഷയിൽ പശുവിന് “വാക്ക’ (Vacca) എന്നാണ് പറയുക. പശുവുമായുള്ള ബന്ധത്തിൽ നിന്ന് കണ്ടെത്തിയതുകൊണ്ട് എഡ്വേർഡ് ജെന്നർ ഈ ചികിത്സക്ക് “വാക്സിനേഷൻ’ (Vaccination) എന്ന് പേരിട്ടു. ലോകത്തിലെ ആദ്യത്തെ വാക്സിൻ ആയിരുന്നു അത്. ഈ ചരിത്രപരമായ കണ്ടെത്തലിന് ശേഷം ലോകമെമ്പാടും വാക്സിനുകൾ നിർമിക്കാൻ തുടങ്ങി.
വാക്സിൻ
മനുഷ്യരാശിയെ മാരകമായ പല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച കണ്ടെത്തലുകളിൽ ഒന്നാണ് വാക്സിനുകൾ (Vaccines). ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി വർധിപ്പിച്ച്, രോഗാണുക്കൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുന്ന ഒരു ജൈവ മിശ്രിതമാണിത്.
വാക്സിൻ പ്രവർത്തിക്കുന്നത് ?
ശരീരത്തിൽ രോഗകാരികളായ വൈറസുകളോ ബാക്ടീരിയകളോ പ്രവേശിക്കുമ്പോൾ, പ്രതിരോധ വ്യവസ്ഥ അവയെ തിരിച്ചറിഞ്ഞ് ആന്റിബോഡികൾ നിർമിക്കുന്നു. വാക്സിനുകൾ ഇതേ തത്ത്വത്തിലാണ് പ്രവർത്തിക്കുന്നത്. വാക്സിനുകളിലൂടെ നിർജീവമാക്കപ്പെട്ടതോ വീര്യം കുറച്ചതോ ആയ രോഗാണുക്കളെയാണ് ശരീരത്തിലേക്ക് കടത്തിവിടുന്നത്. ഇവക്ക് ശരീരത്തിൽ രോഗമുണ്ടാക്കാൻ കഴിയില്ല.
ഈ രോഗാണുക്കളെ കാണുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണരുകയും അവയ്ക്കെതിരെ പോരാടാൻ ആവശ്യമായ ആന്റിബോഡികൾ നിർമിക്കുകയും ചെയ്യുന്നു. ഭാവിയിൽ യഥാർഥ രോഗാണുക്കൾ ശരീരത്തെ ആക്രമിച്ചാൽ, പ്രതിരോധ വ്യവസ്ഥ അവയെ വേഗത്തിൽ തിരിച്ചറിയുകയും മുന്പ് നിർമിച്ച ആന്റിബോഡികൾ ഉപയോഗിച്ച് രോഗത്തെ തടയുകയും ചെയ്യുന്നു.
രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം
പോളിയോ, മലമ്പനി, മസ്തിഷ്കജ്വരം, ഹെപ്പറ്റൈറ്റിസ്, കൊവിഡ്-19 തുടങ്ങിയ മാരകരോഗങ്ങളിൽ നിന്ന് വാക്സിനുകൾ സംരക്ഷണം നൽകുന്നു.
വാക്സിനേഷനിലൂടെ വസൂരി എന്ന മാരക രോഗത്തെ പൂർണമായി തുടച്ചുനീക്കാൻ കഴിഞ്ഞു. പോളിയോ രോഗവും ഇന്ന് നിർമാർജനത്തിന്റെ പാതയിലാണ്. ഒരു സമൂഹത്തിലെ ഭൂരിഭാഗം ആളുകളും വാക്സിൻ എടുക്കുമ്പോൾ, രോഗാണുക്കൾക്ക് പടരാൻ ഇടമില്ലാതെയാകും. ഇത് വാക്സിൻ എടുക്കാൻ കഴിയാത്ത രോഗികൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നു.
ആരോഗ്യമുള്ള സമൂഹത്തിന്റെ നിർമിതിക്ക് വാക്സിനുകൾ അനിവാര്യമാണ്.
Content Highlights:
English physician Edward Jenner invented the world’s first vaccine by observing cowpox immunity against smallpox. Vaccines work by introducing weakened pathogens, enabling immune system antibodies to block real infections. This breakthrough successfully eradicated deadly diseases like smallpox.



