Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

റിപ്പോർട്ടർ ടി.വിയുടെ ഡിജിറ്റൽ ഡെസ്കിൽ മാധ്യമപ്രവർത്തകരെ പുറത്താക്കി അവരുടെ കസേരകളിൽ പൊലീസ് കയറിയിരുന്ന നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വീണാ ജോർജ്. കേരളത്തിൽ അടിയന്തരാവസ്ഥാ കാലത്തോട് സാമ്യമുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വീണാ ജോർജ് ആരോപിച്ചു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ കള്ളവാർത്തകളിലൂടെയും നിരന്തരമായ വേട്ടയാടലുകളിലൂടെയും ഏറ്റവുമധികം ആക്രമിക്കപ്പെട്ട വ്യക്തിയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെന്നും വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരള സർക്കാർ ഒരു മാധ്യമത്തിന്റെയും സംപ്രേഷണമോ അച്ചടിയോ തടസ്സപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമപ്രവർത്തകരെ ബന്ദികളാക്കുകയും സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നടപടികൾ തികച്ചും അന്യായമാണെന്നും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.
റിപ്പോർട്ടർ ടി.വിയിൽ നടന്ന നടപടിക്ക് ആരുടെ നിർദ്ദേശമാണ് ഉണ്ടായിരുന്നതെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനത്തിൽ നടന്ന പൊലീസ് നടപടിയെക്കുറിച്ച് വിശദമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

