Source :- SIRAJLIVE NEWS
ദുബൈ | സഊദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍, ദുബൈക്കും റിയാദിനുമിടയിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്കായി ടിക്കറ്റ് വില്‍പന ആരംഭിച്ചു. ജൂണ്‍ 18 മുതല്‍ യു എ ഇ യാത്രക്കാര്‍ക്ക് സഊദി തലസ്ഥാനത്തേക്ക് നേരിട്ട് പറക്കാന്‍ പുതിയൊരു മികച്ച ഓപ്ഷന്‍ കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും (ഡി എക്സ് ബി) റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (ആര്‍ യു എച്ച്) ഇടയിലാണ് സര്‍വീസ് നടത്തുക. വൈകിട്ട് 6:30ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 7:20ന് റിയാദിലെത്തും. റിയാദില്‍ നിന്ന് ഉച്ചക്ക് 2:05ന് റിയാദില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് ദുബൈയിലെത്തും.
യാത്രക്കാര്‍ക്ക് റിയാദ് എയര്‍ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, മറ്റ് ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. പ്രാദേശിക വിമാനക്കമ്പനികള്‍ ഗള്‍ഫ് റൂട്ടുകള്‍ വിപുലീകരിക്കുന്ന സാഹചര്യത്തില്‍, പുതിയ പ്രതിദിന സര്‍വീസ് യു എ ഇയും സഊദി അറേബ്യയും തമ്മിലുള്ള വ്യോമബന്ധം കൂടുതല്‍ ശക്തമാക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസ്സ്, വിനോദസഞ്ചാര യാത്രക്കാരുടെ ആവശ്യങ്ങളെ ഈ സര്‍വീസ് പിന്തുണക്കുമെന്ന് റിയാദ് എയര്‍ വ്യക്തമാക്കി. ഇതോടൊപ്പം ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റിയാദ് വഴി ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവടങ്ങളിലേക്കും ഏഷ്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും തുടര്‍യാത്ര നടത്താനും സാധിക്കും.
അത്യാധുനിക ഡ്രീംലൈനര്‍
നാല് ക്ലാസുകളുള്ള അത്യാധുനിക ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളാണ് ദുബൈ റൂട്ടില്‍ റിയാദ് എയര്‍ സര്‍വീസിനായി ഉപയോഗിക്കുക. ബിസിനസ്സ് എലൈറ്റ്, ബിസിനസ്സ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിവയാണ് ലഭ്യമാകുന്ന ക്ലാസുകള്‍. ബിസിനസ്സ് എലൈറ്റ്, ബിസിനസ്സ് ക്ലാസുകളില്‍ 1-2-1 ലേഔട്ടില്‍ പൂര്‍ണമായും നിവര്‍ത്താന്‍ കഴിയുന്ന ഫ്‌ളാറ്റ് ബെഡ് സീറ്റുകളുണ്ടാകും. പ്രീമിയം ഇക്കോണമിയില്‍ 2-3-2 ലേഔട്ടില്‍ സ്വകാര്യത നല്‍കുന്ന ഹെഡ്‌റെസ്റ്റുകളും കൂടുതല്‍ സ്റ്റോറേജ് സൗകര്യങ്ങളുമുണ്ടാകും. ഇക്കോണമി ക്ലാസ് 3-3-3 കോണ്‍ഫിഗറേഷനിലായിരിക്കും. എല്ലാ ക്യാബിനുകളിലും ബ്ലൂടൂത്ത് ഓഡിയോ കണക്ടിവിറ്റി, യു എസ് ബി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.







