Home rss national malayalam പുതിയ വാർത്ത ലക്ഷ്യം പുതുയുഗ കേരളം

ലക്ഷ്യം പുതുയുഗ കേരളം

6
0

Source :- SIRAJLIVE NEWS

യു ഡി എഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുകയാണ്. വന്‍കിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സര്‍ക്കാറിന്റെ ലക്ഷ്യം.

സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ‘ഇന്ദിരാ ഗ്യാരണ്ടികള്‍’ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പാക്കുകയും ചെയ്തു. ഇതിന് പുറമെയാണ് 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പാക്കുന്നത്. സര്‍ക്കാറിന് കൃത്യമായ വീക്ഷണവും ലക്ഷ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമങ്ങളുണ്ട്.

വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ 13 സബ്‌സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഒരു മാസം പോലും ക്ഷേമ പെന്‍ഷന്‍ മുടങ്ങരുതെന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഓണം പ്രമാണിച്ച് ആഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം നേരത്തേയാക്കി. സ്‌കോളര്‍ഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥക്ക് പരിഹാരം കണ്ടു.

സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ‘ഓപറേഷന്‍ തൂഫാന്‍’ ആരംഭിച്ചത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ലഹരി മാഫിയയുടെ അടിവേര് അറുക്കുകയെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. ചരക്ക് നീക്കം പൂര്‍ണതോതില്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ മിഷന്‍ സമുദ്രക്ക് കരുത്തേകും.

സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് സര്‍ക്കാറിന്റെ സമീപനം. പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

പ്രതിസന്ധികള്‍ക്കിടയിലും ജനജീവിതത്തിന് ആശ്വാസം നല്‍കുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് നിര്‍ത്തുന്നതിനുള്ള കര്‍മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 100 ദിവസം ഒരു ചെറിയ കാലയളവാണ്. പക്ഷേ, സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂര്‍വം കടക്കാന്‍ കഴിഞ്ഞുവെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.