Home rss national malayalam പുതിയ വാർത്ത ലോകവിപണിയിലേക്ക് വാതിൽ തുറന്ന് വിഴിഞ്ഞം

ലോകവിപണിയിലേക്ക് വാതിൽ തുറന്ന് വിഴിഞ്ഞം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന വഴിയിലെ നിർണായക നാഴികക്കല്ലായ സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്സിം കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന തുറമുഖാധിഷ്ഠിത വ്യവസായ- ലോജിസ്റ്റിക്സ് വികസന പദ്ധതിയായ “മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ്മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമാകുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്.

ആഗോള സമുദ്ര വ്യാപാര പാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂർണ എക്സിം പ്രവർത്തനങ്ങളുടെ തുടക്കം. സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ലോകോത്തര തുറമുഖം യാഥാർഥ്യമായത്. വ്യാപാര, നിക്ഷേപ, സാമ്പത്തിക വികസനത്തിലേക്കുള്ള പ്രധാന വാതായനമായാണ് വിഴിഞ്ഞം മാറുന്നത്.

സ്‌പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് തുറമുഖം സമ്പൂർണ വാണിജ്യ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. ഇതോടെ പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബൈ എന്നീ തുറമുഖങ്ങൾ വഴി ചരക്ക് അയച്ചിരുന്നവർക്ക് വിഴിഞ്ഞത്ത് നിന്ന് നേരിട്ട് ചരക്കുകൾ അയക്കാനാകും.

യാത്രാസമയം കുറക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവിൽ വലിയ കുറവ് വരുത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ തുടങ്ങിയ മേഖലകളിൽ അതിവേഗ വളർച്ചക്ക് വഴിയൊരുങ്ങും. തിരുവനന്തപുരത്തും സമീപ ജില്ലകളിലും നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. കസ്റ്റംസ് ഡ്യൂട്ടി, ജി എസ് ടി, പോർട്ട് ചാർജുകൾ തുടങ്ങിയവയിലൂടെ സർക്കാർ വരുമാനത്തിലും വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ മുരളീധരൻ, സി പി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഡോ. ശശി തരൂർ എം പി, എം വിൻസെന്റ് എം എൽ എ, മേയർ വി വി രാജേഷ് തുടങ്ങിയവർ ആശംസ അർപ്പിക്കും.

Content Highlights:
Vizhinjam International Seaport officially commenced its full export-import (EXIM) operations as the Chief Minister flagged off the first container cargo. Union Minister Sarbananda Sonowal attended the event alongside state ministers and dignitaries. The government also unveiled “Mission Samudra” to boost maritime and logistics development across Kerala.