Source :- DESHABHIMANI NEWS
ഹൈദരാബാദ്
പ്രതിരോധവമ്പുമായെത്തിയ ഡൽഹിയെ മൂന്ന് ഗോളിന് മുക്കി സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാംജയത്തോടെ ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനവും മുൻ ചാമ്പ്യൻമാർ ഉറപ്പിച്ചു. ആദ്യപകുതിയിൽ നസീബ് റഹ്മാൻ, ജോസഫ് ജസ്റ്റിൻ, ടി ഷിജിൻ എന്നിവരാണ് ഗോളടിച്ചത്. കളം നിറഞ്ഞുകളിച്ച നിജോ ഗിൽബർട്ടാണ് മൂന്ന് ഗോളിനും വഴിമരുന്നിട്ടത്.
കഴിഞ്ഞകളിയിൽനിന്ന് രണ്ട് മാറ്റവുമായാണ് കേരളം ഇറങ്ങിയത്. മുന്നേറ്റത്തിൽ മുഹമ്മദ് അജ്‌സലിന് പകരം ടി ഷിജിനും മുഹമ്മദ് റോഷാലിന് പകരം നിജോയും ആദ്യ പതിനൊന്നിലെത്തി. നിജോ എത്തിയതോടെ വിങ്ങുകളിൽനിന്ന് അണമുറിയാതെ മുന്നേറ്റത്തിലേക്ക് പന്തെത്തി.
ഡൽഹി മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഭാരന്യു ബൻസാലിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. മറുപടിയായി നിജോയുടെ കോർണർ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് തുടർന്നുള്ള ആക്രമണങ്ങളുടെ സൂചനയായിരുന്നു. വൈകാതെ കേരളം മുന്നിലെത്തി. പതിനാറാംമിനിറ്റിൽ ഷിജിനിൽനിന്ന് സ്വീകരിച്ച പന്ത് നിജോ മനോഹരമായി നസീബിന് മറിച്ചുകൊടുത്തു. പ്രതിരോധനിരയെ കാഴ്‌ചക്കാരാക്കി നസീബ് അനായാസം ലക്ഷ്യംകണ്ടു. ഇടതുവിങ്ങിലൂടെ മുന്നേറിയ റിയാസിനെ വീഴ്‌ത്തിയതിന് 31–-ാംമിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ കേരളം ലീഡുയർത്തി. നിജോയുടെ അളന്നുകുറിച്ച കിക്കിൽ തലവയ്‌ക്കേണ്ട പണിമാത്രമെ ജോസഫ് ജസ്റ്റിനുണ്ടായിരുന്നുള്ളൂ. ഒമ്പത് മിനിറ്റിനുള്ളിൽ വീണ്ടും വെടിപൊട്ടിച്ചു. ബോക്‌സിൽനിന്ന് മനോജ് നൽകിയ പന്തുമായി കുതിച്ച നിജോ ഷിജിന് കൃത്യമായി മറിച്ചുകൊടുത്തു. മുന്നേറ്റക്കാരൻ അനായാസം ലക്ഷ്യം കണ്ടു. നസീബാണ് കളിയിലെ താരം. നാളെ തമിഴ്‌നാടുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം.
ഗ്രൂപ്പ് ബിയിൽ കേരളത്തിനുപിന്നാലെ മേഘാലയയും ക്വാർട്ടറിലേക്ക് മുന്നേറി. നിർണായകമത്സരത്തിൽ ഗോവയെ ഒരു ഗോളിന് മറികടന്നാണ് കുതിപ്പ്.
മറ്റൊരു കളിയിൽ തമിഴ്‌നാടിനെ 1–-1ന് സമനിലയിൽ തളച്ച ഒഡിഷ പ്രതീക്ഷ നിലനിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ