Home rss national malayalam പുതിയ വാർത്ത വിദ്വേഷ പ്രചാരകര്‍ക്ക് കുടപിടിക്കുന്ന ഭരണകൂടം

വിദ്വേഷ പ്രചാരകര്‍ക്ക് കുടപിടിക്കുന്ന ഭരണകൂടം

5
0

Source :- SIRAJLIVE NEWS

ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന ഗുരുതര വെല്ലുവിളിയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് അസ്സോസിയേഷന്‍ ഫോര്‍ പ്രൊട്ടക്്ഷന്‍ ഓഫ് സിവില്‍ റൈറ്റ് (എ പി സി ആർ) പുറത്തുവിട്ട പുതിയ പഠന റിപോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസത്തിനിടെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ രാജ്യത്ത് 83 വിദ്വേഷ പ്രസംഗങ്ങളും 322 വിദ്വേഷ കുറ്റകൃത്യങ്ങളും നടന്നതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 54 മനുഷ്യ ജീവനുകളാണ് ഈ വിദ്വേഷ പ്രചാരണങ്ങള്‍ മൂലം പൊലിഞ്ഞത്.

നേരത്തേ തെരുവുകളിലും സാമൂഹിക മാധ്യമങ്ങളിലും ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുങ്ങിനിന്നിരുന്ന വിദ്വേഷപ്രസംഗങ്ങള്‍ ഇന്ന് മുഖ്യധാര രാഷ്ട്രീയത്തിന്റെയും ചില പൊതുവേദികളുടെയും അവിഭാജ്യഘടങ്ങളായി മാറിയിരിക്കുകയാണ്. എ പി സി ആർ പഠനവിധേയമാക്കിയ വിദ്വേഷപ്രസംഗങ്ങളില്‍ 33 എണ്ണവും രാഷ്ട്രീയ നേതാക്കളോ ഉത്തരവാദപ്പെട്ട പൊതുപദവികള്‍ വഹിക്കുന്നവരോ ആണ് നടത്തിയതെന്ന വസ്തുത സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാല് മുഖ്യമന്ത്രിമാര്‍ എന്നിവരുടെ പേരുകളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 37 പ്രസംഗങ്ങളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. വോട്ട് ബേങ്ക് രാഷട്രീയത്തിനും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുമായി സാമുദായിക ധ്രുവീകരണം ഒരായുധമായി ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലാണ് രാജ്യത്ത് ഈ പ്രവണത വര്‍ധിച്ചതെന്നത് “ഇന്ത്യ ഹേറ്റ് ലാബ്'(ഐ എച്ച് എല്‍) വിലയിരുത്തുന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന ആഗോള സ്വതന്ത്ര ഗവേഷണ ഗ്രൂപ്പാണ് ഐ എച്ച് എല്‍. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ, രാജ്യത്തുള്ള പൗരന്മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും അപരവത്കരിക്കാനും തുനിയുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള തുറന്ന വെല്ലുവിളിയാണ്.
കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. ഒരു വിഭാഗത്തെ നിരന്തരം ശത്രുപക്ഷത്ത് നിര്‍ത്തുകയും അവരുടെ വിശ്വാസത്തെയും ജീവിത രീതിയെയും ദേശക്കൂറിനെയും സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുമ്പോള്‍ ക്രമേണ അത് സാമൂഹിക ബഹിഷ്‌കരണത്തിനും ആക്രമണത്തിനും വഴിയൊരുക്കുക സ്വാഭാവികം. ആദ്യം വാക്കുകളിലൂടെ പ്രചരിക്കുന്ന വിദ്വേഷം പിന്നീട് ആള്‍ക്കൂട്ട മുദ്രാവാക്യമായി മാറുന്നു. ഒടുവില്‍ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മനുഷ്യജീവനുകള്‍ക്കുമെതിരായ അക്രമങ്ങളില്‍ കലാശിക്കുന്നു.

വാക്കുകള്‍ വിതക്കുന്ന വിഷം പ്രവൃത്തി പദത്തില്‍ വരുന്നതിന്റെ നേര്‍ചിത്രമാണ് 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റിപോര്‍ട്ട് ചെയ്യപ്പെട്ട 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍. കൊല്ലപ്പെട്ട 54 പേരില്‍ 21 പേരുടെ മരണത്തിനിടയാക്കിയത് പോലീസിന്റെയോ സൈന്യത്തിന്റെയോ നടപടികളാണെന്നതാണ് റിപോര്‍ട്ടിലെ ഗൗരവകരമായ മറ്റൊരു കണ്ടെത്തല്‍. നിയമവാഴ്ച ഉറപ്പാക്കുകയും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് കുടപിടിക്കുകയോ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയോ ചെയ്യുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുകയും അതേസമയം, ഇരകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന പ്രവണത “മതേതര’ കക്ഷികള്‍ ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് സാധാരണയായി മാറിയിരിക്കുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പലതവണ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് സുപ്രീം കോടതി. 2022 ഒക്‌ടോബറില്‍ ഷഹീന്‍ അബ്ദുല്ല കേസില്‍, വിദ്വേഷ പരാമര്‍ശങ്ങളില്‍ പരാതിക്കായി കാത്തുനില്‍ക്കാതെ സ്വമേധയാ കേസെടുക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലീസിനോട് ആവശ്യപ്പെടുകയുണ്ടായി. 2023 ഏപ്രില്‍ 28ന് ജസ്റ്റിസ്‌ കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്‌നയും അടങ്ങുന്ന ബഞ്ച് ഈ നിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുകയും ചെയ്തു. കോടതി ഉത്തരവുകള്‍ പക്ഷേ കടലാസില്‍ ഒതുങ്ങുകയും പ്രസംഗങ്ങളില്‍ പൂര്‍വോപരി വിദ്വേഷത്തിന്റെ അഗ്നി ആളിക്കത്തുകയും ചെയ്യുകയാണ് ഇപ്പോഴും. 2026ലെ 83 വിദ്വഷ പ്രസംഗങ്ങളില്‍ എഫ് ഐ ആര്‍ തയ്യാറാക്കിയത് ആറെണ്ണത്തിലും അറസ്റ്റുണ്ടായത് ഒരെണ്ണത്തിലും മാത്രമാണെന്ന വസ്തുത ഇക്കാര്യത്തില്‍ പോലീസുദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും ഭരണകൂടവിധേയത്വവും വെളിപ്പെടുത്തുന്നുണ്ട്.
വൈവിധ്യവും നാനാത്വത്തില്‍ ഏകത്വവുമാണ് ഇന്ത്യന്‍ സാമൂഹിക ഘടനയുടെ അടിത്തറ. വ്യത്യസ്്ത മതവിശ്വാസികളും സംസ്‌കാരങ്ങളും പരസ്പര ബഹുമാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച പാരമ്പര്യമാണ് ഗതകാല ഇന്ത്യയുടേത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില വിഭാഗങ്ങള്‍ ആസൂത്രിതമായി നടപ്പാക്കിവരുന്ന വിദ്വേഷപ്രചാരണങ്ങള്‍, സാധാരണക്കാരുടെ മനസ്സുകളില്‍ പോലും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും പകയുടെയും വിത്ത് പാകിത്തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മത- സാംസ്‌കാരിക വൈവിധ്യത്തെ ഇല്ലാതാക്കി ഏകശിലാത്മകമായ മതസമൂഹത്തെ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ സങ്കൽപ്പത്തിന് വിരുദ്ധമാണ്. മതപരവും രാഷട്രീയവുമായ ഭൂരിപക്ഷം ന്യൂനപക്ഷ അവകാശങ്ങളെ മറികടക്കാനും ഹനിക്കാനുമുള്ള അധികാരമായി മാറുന്നത് ആപത്താണ്. ഭൂരിപക്ഷത്തിന്റെ ഭരണസംവിധാനം മാത്രമല്ല ജനാധിപത്യം; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും സുരക്ഷക്കും തുല്യപ്രാധാന്യം നല്‍കുന്ന സംവിധാനമാണതെന്നത് ഭരണനേതൃത്വങ്ങള്‍ വിസ്മരിക്കരുത്.