Source :- SIRAJLIVE NEWS
സ്ത്രീ രംഗപ്രവേശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലിം സംഘടനകള്‍ സ്വീകരിച്ച നിലപാട് പരിശോധിക്കാം. മുജാഹിദ് ജ്ഞാനവൃദ്ധന്മാര്‍ തങ്ങള്‍ ഈ വിഷയത്തില്‍ മാധ്യമ വേട്ടക്കാര്‍ക്കൊപ്പം തന്നെയാണെന്ന് വ്യക്തമാകുന്ന വിധമാണ് ഇടപെട്ടത്. കാന്തപുരത്തിന്റെ യാഥാസ്ഥിക കാഴ്ചപ്പാടുകള്‍ വെടിഞ്ഞ് ‘സ്ത്രീപുരോഗമന’ പക്ഷത്തേക്ക് മാറണമെന്ന് ആവശ്യപ്പെടുന്ന മുജാഹിദ് നേതാക്കള്‍ എന്തേ ഇന്ന് വരെ ഒരു മുജാഹിദ് പള്ളിയിലും ഖത്വീബ്, ഇമാം, മുഅദ്ദിന്‍ തുടങ്ങിയ ഒരു പോസ്റ്റിലും സ്ത്രീകളെ നിയമിച്ച് തുല്യ പരിഗണന നടപ്പാക്കിയില്ല? പള്ളിയില്‍ ഒരേ ഹാളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കാതെ സ്ത്രീകളെ ഇരുട്ട് മുറിയിലേക്ക് എന്തുകൊണ്ടാണ് മാറ്റിയത്? തുടങ്ങിയ ചോദ്യങ്ങളെ അഡ്രസ്സ് ചെയ്യാന്‍ അവരും തയ്യാറായിട്ടില്ല.
മുജാഹിദ് യുവ തുര്‍ക്കികള്‍ അന്തിച്ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു. തങ്ങളും പുരോഗമന വാദികളാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. മാധ്യമ വിചാരണയുടെ അകപ്പൊരുളുകള്‍ അറിഞ്ഞിട്ടും കാന്തപുരത്തോടുള്ള അരിശം കാരണം വസ്തുത മറച്ചു വെച്ചുകൊണ്ട് തന്നെ അവരും സംസാരിച്ചു. യുവ നേതാവ് ഡോ. ബാസിലിനെതിരെ തികച്ചും അനാവശ്യമായ കേസെടുത്തപ്പോഴാണ് മാധ്യമ വേട്ടയുടെ ചൂടറിഞ്ഞത്. മൗദൂദികളുടെ ചാനല്‍ ചര്‍ച്ചയില്‍ വിഷയത്തിന്റെ കാലപ്പഴക്കം 1930 വരെ എത്തിച്ചു. എല്ലാ ചാനലുകള്‍ക്കും എരിവ് കൂട്ടാനുള്ള ഇന്ധനങ്ങള്‍ വിതരണം ചെയ്തു. ഇടവിട്ട് നിരവധി കാര്‍ഡുകളും പുറത്തിറക്കി. അപ്പോഴും ഒരു ഭാഗത്ത് അമീറിന്റെ മാധ്യമ നൈതികതയെ പറ്റിയുള്ള പ്രഭാഷണം നടക്കുന്നുണ്ടായിരുന്നു. മുസ്ലിം മുഖ്യധാരാ സുന്നി സംഘടനകളും ഒരളവോളം സമുദായ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നുവെന്ന് പറയാതെ വയ്യ. ചില മാധ്യമങ്ങളുടെ വലയില്‍ ചാടാന്‍ ഞങ്ങളില്ലെന്ന് തുറന്നു പറയാന്‍ പലരും ആര്‍ജവം കാണിച്ചു. മുസ്ലിം പ്രശ്നങ്ങളില്‍ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് പലരും തുറന്നുകാട്ടി. ആര്‍ എസ് എസ് കാര്യദര്‍ശി മോഹന്‍ ഭാഗവത് സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും ജോലിക്ക് പോകേണ്ടവരല്ലെന്നും പ്രസ്താവിച്ചത് അടുത്തിടെയാണ്. അത് ഒരു സാധാരണ വാര്‍ത്ത മാത്രമായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. ആരും വടിയുമെടുത്ത് ഒരാളെയും സമീപിച്ച് താങ്കള്‍ എന്ത് പറയുന്നു എന്ന് ചോദിച്ചില്ല. ആങ്കര്‍മാരായ ഒറ്റ വനിതകളും ഒന്ന് മുരളുക പോലും ചെയ്തില്ല. മഹിളാ മോര്‍ച്ചക്കാര്‍ക്ക് പഴയ ട്രൗസറും ഷര്‍ട്ടും കിട്ടാത്തതിനാല്‍ അവര്‍ കോലം കത്തിച്ചതുമില്ല. മോഹന്‍ ഭാഗവതിന്റെ ഫോട്ടോ ലഭിക്കാത്തതിനാല്‍ ചെരിപ്പൂരി തല്ലാനും സാധിച്ചില്ല.
കാന്തപുരം ഉസ്താദിനെയും അദ്ദേഹത്തിന്റെ സ്ത്രീ സമുദ്ധാരണ പ്രവര്‍ത്തനങ്ങളെയും നന്നായി അറിയുന്ന ഭരണാധികാരികള്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കേണ്ട ശൈലിയിലും ഭാഷയിലുമായിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. മുമ്പ് സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ ചുംബന സമരവുമായി ചിലര്‍ മുന്നോട്ടുവന്നു. പല ഇടതുപക്ഷക്കാരും ഫെമിനിസ്റ്റുകളും അതിനെ പിന്തുണച്ചു. സമൂഹത്തില്‍ വലിയ ചര്‍ച്ചയും ബഹളങ്ങളുമുണ്ടായി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ഒരു റൂമിലിരുന്ന് ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ട ഇതുപോലുള്ള കാര്യം എന്തിനാണ് റോഡില്‍ വെച്ച് ചെയ്യുന്നത്? ഇതാണോ സമരം ചെയ്യേണ്ട രീതി? അതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സമര രംഗത്തുണ്ടായിരുന്നവരെല്ലാം സമരവും പ്രതിഷേധവും നിര്‍ത്തി വീട്ടിലേക്ക് പോയി.
ഖേദകരമെന്ന് പറയട്ടെ, ഭരണാധികാരികളുടെ ഈ വിഷയത്തിലുണ്ടായ പ്രതികരണമാണ് ചിലരെ ഒരു മഹാപണ്ഡിതന്റെ കോലം കത്തിക്കുന്നതിലേക്ക് പോലും എത്തിച്ചത് എന്ന് പറയപ്പെടുന്നുണ്ട്. ഇത്തരം തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാന്തപുരം ഉസ്താദ് അനുയായികളോട് നിര്‍ദേശം കൊടുത്തു.
കേരളത്തിലെ പ്രധാന സുന്നി സംഘടനകളെല്ലാം ഈ വിവാദം അനാവശ്യവും ചിലരുടെ ഹിഡന്‍ അജന്‍ഡയുടെ ഭാഗവുമാണെന്ന് തിരിച്ചറിഞ്ഞു. തന്റെ അനുയായികളോട് നടത്തിയ ഒരു പ്രഭാഷണത്തിന്റെ ഇരുപത് സെക്കന്‍ഡ് മാത്രമുള്ള ഒരു വാചകം മുറിച്ചെടുത്ത് കേരളത്തിന്റെ പണ്ഡിത കാരണവരെ കൊത്തി വലിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാവരും തുറന്നടിച്ചു. ഈ സമീപനം സുന്നി സംഘടനകള്‍ക്കിടയില്‍ സഹകരണത്തിന്റെ പുതിയ കവാടം തുറന്നിട്ടിരിക്കുകയാണ്.
വ്യത്യസ്ത സംഘടനാ ശരീരം നിലനില്‍ക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന ആശയദാര്‍ശങ്ങളിലും കര്‍മശാസ്ത്ര സരണിയിലും യോജിപ്പുള്ളവരാണ് സുന്നി സംഘടനകള്‍. അതുകൊണ്ട് തന്നെ അഹ്ലുസ്സുന്നയുടെ ആദര്‍ശപരമായ കാര്യങ്ങളിലും സമുദായത്തിന്റെ പൊതു നന്മക്കും വേണ്ടി ഈ സംഘടനകള്‍ യോജിച്ചു നീങ്ങിയാല്‍ അത് സമുദായത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. അങ്ങനെ സാധിച്ചാല്‍ ഈ വിവാദം ഉത്പാദിപ്പിച്ച ഏറ്റവും പോസിറ്റീവായ കാര്യവും അതായിരിക്കും.
കേരളത്തിലെ പ്രധാന പണ്ഡിത പ്രഭാഷകരെല്ലാം കാന്തപുരം ഉസ്താദിനെ പിന്തുണച്ചുവെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം പാളയം മസ്ജിദിലെ ഒരു മൗലവി ഈ വിഷയത്തില്‍ ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശം നടത്തിയതും ചിരിത്രങ്ങളെ തെറ്റായി വക്രീകരിച്ചതും വിസ്മരിക്കുന്നില്ല. ഇടതുപക്ഷത്താണെങ്കിലും നാഷനല്‍ ലീഗും ഐ എന്‍ എലും എടുത്ത നിലപാടും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണനയും സ്വാതന്ത്ര്യവും ചര്‍ച്ചചെയ്യാനും ഈ വിവാദം വഴിതുറന്നു.
പുതിയ കാലത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ ഉന്നയിച്ച പല സംശയങ്ങള്‍ക്കും നിവാരണം വരുത്താനും ഈ അവസരം ഉപകാരപ്പെട്ടു. അതോടൊപ്പം ഇവ്വിഷയകമായി വിശദമായ പഠനത്തിനും ചര്‍ച്ചക്കും അവസരമൊരുക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശരീഅത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഈ വിവാദത്തിന്റെ ഗുണവശം തന്നെയാണ്. മറ്റൊരു കാര്യം കേരളത്തിലെ ഇടതും വലതും മുന്നണികളില്‍പ്പെട്ട പല പ്രമുഖരും മാധ്യമ കെണിവലയില്‍ കുടുങ്ങിയില്ല എന്നതാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ അവരില്‍ പ്രമുഖരാണ്.
വിമര്‍ശങ്ങളെ സുന്നി പ്രസ്ഥാനം ഭയക്കുന്നില്ല. നീതിബോധത്തോടെയുള്ള ഏത് വിമര്‍ശങ്ങളെയും സ്വാഗതം ചെയ്യുന്നു. വാര്‍ത്താ മാധ്യമങ്ങളിലെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന അനേകം സുഹൃത്തുക്കളുണ്ട്. അവരെ അഭിനന്ദിക്കുന്നതോടൊപ്പം ഈ വിവാദം കൈകാര്യം ചെയ്തത് അല്‍പ്പം കടന്ന രീതിയിലായിപ്പോയി എന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.



