Source :- SIRAJLIVE NEWS
കൊച്ചി | എക്സാലോജിക്-സി എം ആര്‍ എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയുടെ ഹവാല ഇടപാടുകള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വരുമാനത്തിന് അപ്പുറമുള്ള പണമിടപാടുകള്‍ വീണ കൈകാര്യം ചെയ്തെന്ന രേഖകള്‍ ഇഡിക്ക് ലഭിച്ചു. 85 ലക്ഷം രൂപ വീണ ദുബൈയിലേക്ക് അയച്ചു. വീണയുടെ കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടിന്റെ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയെന്നാണ ഇ ഡി വെളിപ്പെടുത്തുന്നത്.
കോഴിക്കോട് നടന്ന റെയ്ഡില്‍ വീണയുടെ കൈയെഴുത്തോടുകൂടിയ രേഖകളും 3.49 ലക്ഷം ദിര്‍ഹം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. 20.05 കോടി ഇന്ത്യന്‍ രൂപ കൈമാറിയെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡുകളും വൈഫൈ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് കോളിങിന് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കാം എന്നാണ് ഇ ഡി പറയുന്നത്.
ചില വ്യക്തികളുമായുള്ള ഇടപാടുകളുടെ കണക്കുകളും വീണയുടെ കൈയെഴുത്ത് കണക്കുകളില്‍ നിന്ന് ലഭിച്ചതായാണ് സൂചന. സി എം ആര്‍ എല്ലില്‍ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായാണ് ഇന്നലെ ഇ ഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിനിടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് കമ്പനിയുടെ നടത്തിപ്പ് സംബന്ധിച്ച ദുരൂഹത ഇഡിയ്ക്ക് മുന്നിലെത്തുന്നത്. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. മറ്റൊരു കമ്പനി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലത്തെ പരിശോധന വീണ ടി, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് നടന്നത്.
ഹവാല മാര്‍ഗങ്ങളിലൂടെ ദുബൈയിലേക്ക് കടത്തിയപണം സി എം ആര്‍ എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സിന് ലഭിച്ച 2.78 കോടി രൂപയ്ക്ക് പുറമെയുള്ള തുകയാണെന്നാണ് ഇഡിയുടെ വിശദീകരണം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് അതീവ രഹസ്യ സ്വഭാവമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതായി ഇഡി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സിം കാര്‍ഡ് നല്‍കിയ വ്യക്തി ഉള്‍പ്പെടെ കുറിപ്പുകളില്‍ പേരുള്ളവരുടെ കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഹവാല ചാനലുകളിലൂടെ പണം കൈമാറിയതിന്റെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് കടക്കാനുമാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം.
Content Highlights:
ED found evidence of hawala deals involving Veena T in the Exalogic-CMRL case. Raids in Kozhikode revealed documents of funds sent to Dubai using fake SIM cards for calls. Unaccounted transfers exceeded 20 crore rupees, with ED planning further actions against key contacts.




