Home rss national malayalam പുതിയ വാർത്ത ശൈഖ് അഹ് മദ് ബിന്‍ റാശിദിന് വിടചൊല്ലി ദുബൈ;മയ്യിത്ത് നമസ്‌കാരത്തില്‍ വന്‍ ജനാവലി

ശൈഖ് അഹ് മദ് ബിന്‍ റാശിദിന് വിടചൊല്ലി ദുബൈ;മയ്യിത്ത് നമസ്‌കാരത്തില്‍ വന്‍ ജനാവലി

6
0

Source :- SIRAJLIVE NEWS

ദുബൈ |  ദുബൈയുടെ ആധുനിക മുന്നേറ്റത്തില്‍ നിര്‍ണായക നാഴികക്കല്ലുകള്‍ തീര്‍ത്ത പ്രിയനേതാവ് ശൈഖ് അഹ് മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി രാജ്യം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഇളയ സഹോദരനായ ശൈഖ് അഹ് മദിന്റെ ഭൗതികശരീരം ഉമ്മുഹുറൈര്‍ ഖബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. സഅബീല്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഖബര്‍സ്ഥാനിലേക്ക് എത്തിച്ചത്.

ചൊവ്വാഴ്ച സഅബീല്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന നമസ്‌കാരത്തില്‍ പ്രിയ സഹോദരന് നിത്യശാന്തി നേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മറ്റ് വിശ്വാസികള്‍ക്കൊപ്പം അണിനിരന്നു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി റൂളറും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സെക്കന്‍ഡ് ഡെപ്യൂട്ടി റൂളര്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൗരന്മാരുമടങ്ങുന്ന വന്‍ ജനാവലി മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.

ദേശീയപതാക പുതപ്പിച്ച ഭൗതികശരീരം രാജകുടുംബാംഗങ്ങള്‍ നേരിട്ട് ചുമലിലേറ്റിയാണ് പള്ളിയിലേക്കും തുടര്‍ന്ന് ഖബര്‍സ്ഥാനിലേക്കും എത്തിച്ചത്. ഉമ്മുഹുറൈര്‍ ഖബര്‍സ്ഥാനില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശൈഖ് ഹംദാനും ശൈഖ് മക്തൂമും നേതൃത്വം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയായ ശേഷം മയ്യിത്തിന് മുന്നില്‍ പ്രത്യേക പ്രാര്‍ഥന നിര്‍വഹിച്ചു.

രാഷ്ട്രനിര്‍മാണത്തിന് അടിത്തറയിട്ട യു എ ഇയുടെ സ്ഥാപക നേതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും ദുബൈ പോലീസിന്റെയും കായിക-സാമ്പത്തിക മേഖലകളുടെയും വളര്‍ച്ചയില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്ത പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും പ്രാര്‍ഥനകളില്‍ പങ്കുചേരാനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള സ്വദേശികളും പ്രവാസികളും ഖബര്‍സ്ഥാനിലേക്ക് ഒഴുകിയെത്തി. ദുബൈ ജനതയുടെ മനസ്സുകളില്‍ ഒരിക്കലും മായാത്ത സേവനപാരമ്പര്യം ബാക്കിവെച്ചാണ് ശൈഖ് അഹ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഓര്‍മകളിലേക്ക് മടങ്ങുന്നത്.
ദുബൈയുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ശൈഖ് അഹ്മദിന്റെ വിയോഗത്തില്‍ എമിറേറ്റില്‍ പത്ത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം തുടരുകയാണ്. ഇക്കാലയളവില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
പരേതന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതിനായി മൂന്ന് ദിവസത്തെ സമയം നിശ്ചയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതല്‍ മഗ്രിബ് നമസ്‌കാരം വരെയും, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ളുഹ്ര്‍ നമസ്‌കാരം വരെയും അസ്വര്‍ നമസ്‌കാരം മുതല്‍ മഗ്രിബ് വരെയുമായിരിക്കും സഅബീല്‍ മജ്ലിസില്‍ അനുശോചനങ്ങള്‍ സ്വീകരിക്കുക.

Content Highlights: Sheikh Ahmed bin Rashid Al Maktoum was laid to rest with full official honors at Um Hurair Cemetery in Dubai. Sheikh Mohammed bin Rashid Al Maktoum alongside other royal family members and dignitaries attended the funeral prayers at Zabeel Grand Mosque. A ten-day official mourning period with flags flown at half-mast is being observed across the emirate.