Source :- SIRAJLIVE NEWS
കോഴിക്കോട്| സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുത്തല്‍ പ്രക്രിയയ്ക്ക് ഉതകുന്ന നിലയിലുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയര്‍ത്താനുള്ള ചര്‍ച്ചകളുണ്ടായി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് വര്‍ഗീയതക്കെതിരെ പൊരുതുക സാധ്യമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി മുഖവിലയ്ക്ക് എടുത്തുവേണം ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും ഗോവിന്ദന്‍ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല. എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ആരാധാനാലയങ്ങള്‍ വിശ്വാസികളുടേത് മാത്രമാക്കി മാറ്റണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നതായി എംവി ഗോവിന്ദന്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ വര്‍ഗീയവാദികളുടെ നിയന്ത്രണത്തിലാകരുത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പോലും ആര്‍എസ്എസ് ശാഖയും ബിജെപി ക്ലാസുകളുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാവണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടി വിദ്യാഭ്യാസം അധുനിക വിദ്യ ഉള്‍പ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണം. ഇതിനായി ആപ്പ് സംവിധാനം കൊണ്ടുവരും. നവ മാധ്യമ രംഗത്ത് താഴേ തലം വരെ ഇടപെടണം. പൊതുവായ ആവശ്യങ്ങളെ ഫലപ്രദമായി മനസ്സിലാക്കാന്‍ ഗവേഷണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എകെജി പഠന ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ അത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആക്കി പരിവര്‍ത്തനം ചെയ്യിപ്പിക്കണം എന്നുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights:
CPM State Secretary MV Govindan stated that healthy discussions and self-criticism occurred at the extended state committee meeting. He emphasized opposing communalism by engaging believers and resisting RSS control over temples. The party plans to introduce a mobile app for party education.




