Source :- DESHABHIMANI NEWS
ഹൈദരാബാദ്
മികച്ച ജയത്തോടെ ക്വാർട്ടറിന് ഒരുങ്ങാനിറങ്ങിയ കേരളത്തെ സമനിലയിൽ കുരുക്കി തമിഴ്‌നാട്. ആദ്യപകുതിയിൽ നായകൻ റൊമേരിയോ ജസുരാജിലൂടെ മുന്നിലെത്തിയ അയൽക്കാരെ കളിയവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ നിജോ ഗിൽബർട്ട് നേടിയ ഗോളിലാണ് കേരളം സമനിലയിൽ തളച്ചത്. ഈ സീസണിൽ കേരളം വഴങ്ങുന്ന ആദ്യ സമനിലയാണ്. അഞ്ച് കളിയിൽ നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിന്റ് നേടിയാണ് മുൻചാമ്പ്യൻമാർ അവസാന എട്ടിലെത്തിയത്. മൂന്ന് സമനില മാത്രമുള്ള തമിഴ്‌നാട് പുറത്തായി.
ഗ്രൂപ്പിലെ ഒന്നാംസ്ഥാനം നേരത്തേതന്നെ ഉറപ്പിച്ചതിനാൽ ആറ് മാറ്റങ്ങളുമായാണ് പരിശീലകൻ ബിബി തോമസ് ടീമിനെ ഒരുക്കിയത്. വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മലിന് പകരം മുഹമ്മദ് അസ്‌ഹർ ഗോൾ വല കാക്കാനെത്തി. എം മനോജ്, നസീബ് റഹ്മാൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് റിയാസ്, മുഹമ്മദ് അർഷഫ് എന്നിവർക്ക് പകരം മുഹമ്മദ് അസ്‌ലം, മുഹമ്മദ് റോഷാൽ, ഇ സജീഷ്, ആദിൽ അമൽ, സൽമാൻ കള്ളിയത്ത് എന്നിവർ ആദ്യ പതിനൊന്നിലെത്തി. മുന്നേറ്റതാരം മുഹമ്മദ് അജ്‌സലിന് തുടർച്ചയായ രണ്ടാംമത്സരത്തിലും വിശ്രമം നൽകി.
ടീമിൽ വരുത്തിയ മാറ്റം കേരളത്തിന്റെ കളിയൊഴുക്കിനെ ബാധിച്ചു. ഭാവനാപൂർണമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കേരളത്തെ വിറപ്പിച്ചുകൊണ്ടാണ് തമിഴ്‌നാട് കളിതുടങ്ങിയത്. രണ്ടാംമിനിറ്റിൽ വലതുമൂലയിൽനിന്ന് ജസുരാജ് ബോക്‌സിലേക്ക് നൽകിയ ക്രോസിൽ ശ്രീരം ഭൂപതി തലവച്ചെങ്കിലും പുറത്തേക്കുപോയി. പിന്നാലെ ദീപക് ഭക്തന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. തമിഴ്‌നാട് ആക്രമണം കടുപ്പിച്ചതോടെ 24–-ാംമിനിറ്റിൽ ഗോളെത്തി. വലതുമൂലയിൽനിന്ന് റോഷാലിനെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ ജസുരാജ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത കനത്ത ഷോട്ടിൽ തമിഴ്‌നാട് മുന്നിലെത്തി. ആദ്യപകുതിയുടെ അവസാനം മുഹമ്മദ് മുഷറഫിന്റെ ഷോട്ട് ബാറിന് തൊട്ടുമുകളിലൂടെ പറന്നതും ആദിൽ അമലിന്റെ പാസ് സ്വീകരിച്ച് സജീഷ് നടത്തിയ മുന്നേറ്റവും ഒഴിച്ചുനിർത്തിയാൽ കേരളം തീർത്തും നിറം മങ്ങി.
രണ്ടാംപകുതിയിൽ നിജോ, നസീബ്, വി അർജുൻ, മുഹമ്മദ് റിയാസ് എന്നിവർ എത്തിയതോടെയാണ് കേരളം ട്രാക്കിലായത്. നിജോയും റിയാസും വിങ്ങുകളിൽ സ്ഥാനംപിടിച്ചതോടെ തമിഴ്‌നാട് വിറച്ചു. 88–-ാംമിനിറ്റിൽ അസ്‌ലം ഇടതുവിങ്ങിൽനിന്ന് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച നിജോ അനായാസം ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ കേരളം ലീഡിനടുത്തെത്തി. നിജോയുടെ എണ്ണംപറഞ്ഞ ക്രോസിൽ ക്രിസ്റ്റി ഡേവിസ് കൃത്യമായി തലവച്ചെങ്കിലും ഗോളി മുത്തുരാജ ടൂർണമെന്റിലെ മികച്ച രക്ഷപ്പെടുത്തലിലൂടെ തമിഴ്‌നാടിന്റെ തോൽവി ഒഴിവാക്കി.
ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മൂന്ന് കളിയും സമനിലയായി. മേഘാലയ–-ഒഡിഷ, ഗോവ–-ഡൽഹി ഗോൾരഹിതമായിരുന്നു. അഞ്ച് കളിയിൽ 13 പോയിന്റുമായി കേരളമാണ് ഒന്നാമത്. മേഘാലയ (8), ഡൽഹി (7), ഒഡിഷ (5) എന്നിവരും ക്വാർട്ടറിലെത്തി. തമിഴ്‌നാടും ഗോവയും പുറത്തായി.
സന്തോഷ് ട്രോഫിയിൽ ഇന്ന് കളിയില്ല
ക്വാർട്ടർ ഫെെനൽ
പശ്‌ചിമ ബംഗാൾ x ഒഡിഷ (വ്യാഴം പകൽ 2.30)
മണിപ്പുർ x ഡൽഹി (വ്യാഴം രാത്രി 7.30)
കേരളം x ജമ്മു കശ്‌മീർ (വെള്ളി പകൽ 2.30)
മേഘാലയ x സർവീസസ് (വെള്ളി രാത്രി 7.30)
എല്ലാ മത്സരങ്ങളും ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ എസ്‌എസ്‌ഇഎൻ (SSEN) ആപ്പിൽ തത്സമയം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ