Home rss national malayalam പുതിയ വാർത്ത സമസ്തക്ക് കരുത്ത് പകര്‍ന്ന പണ്ഡിതന്‍

സമസ്തക്ക് കരുത്ത് പകര്‍ന്ന പണ്ഡിതന്‍

3
0

Source :- SIRAJLIVE NEWS

കേരളീയ മുസ്‌ലിം ജീവിതത്തില്‍ അഹ്ലുസ്സുന്നയുടെ ആശയങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന ചാലകശക്തിയായി നിലകൊണ്ട പ്രസ്ഥാനമാണ് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. 1920കള്‍ക്ക് ശേഷം പരമ്പരാഗത പാതയില്‍ നിന്നുള്ള വ്യതിചലനങ്ങളുമായി ബിദഈ പ്രസ്ഥാനങ്ങള്‍ ഐക്യസംഘത്തിന്റെ രൂപത്തില്‍ രംഗപ്രവേശം ചെയ്തപ്പോള്‍, സുന്നത്ത് ജമാഅത്തിന്റെ പവിത്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത പിറവിയെടുക്കുന്നത്. ഇന്ന് നാം കാണുന്ന മഖ്ദൂമീ പാരമ്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സമസ്തയുടെ പ്രഗത്ഭരായ പണ്ഡിത നേതൃത്വങ്ങളായിരുന്നു. ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഇസ്ലാമിക സംഘടനാ സംവിധാനങ്ങള്‍ക്കും അവയുടെ വളര്‍ച്ചക്കും പിന്നില്‍ ഈ പണ്ഡിതശ്രേഷ്ഠരുടെ ഇടപെടലുകളായിരുന്നു.

സമസ്തയുടെ ചരിത്രത്തില്‍ മൗലാനാ അബ്ദുല്‍ ബാരി ഉസ്താദിന്റെ പങ്ക് വളരെ നിര്‍ണായകമായിരുന്നു. തന്റെ അറിവും ബുദ്ധിയും സമ്പത്തും സമര്‍പ്പിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തിരികൊളുത്തിയത്. തന്റെ സമ്പാദ്യം മുഴുവന്‍ സുന്നത്ത് ജമാഅത്തിന് വേണ്ടി ചെലവഴിച്ചു. സമസ്തയുടെ സ്വന്തം പത്രമായിരുന്ന അല്‍ബയാനിന് സ്വന്തം നാട്ടില്‍ പ്രസ്സ് സ്ഥാപിച്ച് നടത്തിപ്പ് ചെലവ് സ്വയം ഏറ്റെടുത്ത് കരുത്ത് പകര്‍ന്നു. ഇന്ന് നമ്മുടെ ധാര്‍മിക ജീവിതത്തെ കാത്തുസൂക്ഷിക്കുന്ന മദ്റാസാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പലതും മൗലാനാ അബ്ദുല്‍ ബാരി മുസ്ലിയാരുടെ ചിന്തകളുടെ സാക്ഷാത്കാരമായിരുന്നു. അതിന്റെ ആദ്യപടിയായി സ്വന്തം നാട്ടില്‍ തന്നെ അദ്ദേഹം മദ്റസ സ്ഥാപിക്കുകയും ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡിന്റെ ഫണ്ടിന് വേണ്ടി ആദ്യമായി വലിയ സംഖ്യ നല്‍കി പിന്തുണ നല്‍കുകയും പിന്നീട് കൊയിലാണ്ടിയില്‍ ഒരാഴ്ച വഅ്‌ള് പറഞ്ഞ് പണം കണ്ടെത്തുകയും ചെയ്തു.

ഹിജ്‌റ 1298 ജമാദുല്‍ ആഖിര്‍ എട്ടിന് മലബാറിലെ പ്രശസ്തമായ പാരമ്പര്യ മുസ്ലിം കുടുംബത്തില്‍ പുതുപ്പറമ്പ് ദേശത്താണ് ഉസ്താദ് ജനിക്കുന്നത്. പണ്ഡിതനും സൂഫി വര്യനുമായിരുന്ന ഖാജ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു പിതാവ്. രിഫാഈ, ഖാദിരീ ത്വരീഖത്തുകളുടെ ശൈഖും പിന്തുടര്‍ച്ചക്കാരനുമായിരുന്നു ആ മഹാന്‍. ചെറുപ്പം മുതലേ പിതാവില്‍ നിന്ന് ലഭിച്ച ഉന്നതമായ ശിക്ഷണവും മാതൃകാപരമായ ജീവിതവുമാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്ലിയാരുടെ വ്യക്തിത്വ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചത്.

പിതാവില്‍ നിന്ന് തന്നെ പ്രാഥമിക അറിവുകള്‍ നേടിയ ഉസ്താദ്, തുടര്‍ന്ന് ഉന്നത പഠനത്തിനായി വിവിധ ദര്‍സുകളില്‍ സഞ്ചരിക്കുകയും സമുന്നതരായ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നുകരുകയും ചെയ്തു. അന്നത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായിരുന്ന വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ അഞ്ച് വര്‍ഷം പഠനം പൂര്‍ത്തിയാക്കി, 1898ല്‍ അദ്ദേഹം ബാഖവി ബിരുദം കരസ്ഥമാക്കി.

ബിരുദപഠനത്തിനു ശേഷമാണ് മൗലാനാ അബ്ദുല്‍ ബാരി ഉസ്താദിന്റെ നാനാമുഖ മുന്നേറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നത്. വിജ്ഞാന പ്രസരണത്തിനായി അദ്ദേഹം പ്രധാനമായും തിരഞ്ഞെടുത്തത് എഴുത്തും അധ്യാപനവുമായിരുന്നു. സ്വഹീഹു ശൈഖൈനി, ജംഉല്‍ ബാരി, അല്‍ മുതഫര്‍രിദു ഫില്‍ ഫിഖ്ഹ്, അല്‍ വസ്വീലത്തുല്‍ ഉള്മ, അല്‍ മൗലിദുല്‍ മന്‍ഖൂസ്, സിറാത്വുല്‍ ഇസ്ലാം പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്. സമകാലിക സംഭവങ്ങളില്‍ ധാരാളം ഫത്വകളും നല്‍കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, തമിഴ്, ഉറുദു, പാഴ്‌സി തുടങ്ങിയ ഭാഷകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്ന അപൂര്‍വം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ‘വാളക്കുളം മോല്യാരുപ്പാപ്പ’.

താന്‍ ആര്‍ജിച്ച വിജ്ഞാനത്തിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. പുതുപ്പറമ്പില്‍ എല്‍ പി സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് ഭൗതിക വിദ്യാഭ്യാസത്തിനും അദ്ദേഹം വഴിതുറന്നു. മതാത്മകവും ഭൗതികവുമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും. സാധാരണക്കാര്‍ക്ക് പോലും വെളിച്ചം പകരുന്നതായിരുന്നു ആ വാഗ്‌ധോരണി. പാരമ്പര്യ ആശയങ്ങളുടെ തനത് സ്വഭാവം നിലനിര്‍ത്തുന്നതിനായി സമസ്തയുടെ രൂപവത്കരണ ഘട്ടം മുതല്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1926ല്‍ സമസ്ത രൂപവത്കൃതമായത് മുതല്‍ 1945 വരെ വൈസ് പ്രസിഡന്റായും, 1945 മുതല്‍ 1965 വരെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സമസ്തയുടെ കീഴ്ഘടകങ്ങളുടെ രൂപവത്കരണത്തിലടക്കം പല നയപരമായ തീരുമാനങ്ങളിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.