Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സി എം ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവര്‍ക്ക് എതിരെയും അന്വേഷണം ആരംഭിച്ചതായി ഇ ഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണക്കെതിരായ ആരോപണത്തില്‍ നടന്ന റെയ്ഡുകള്‍ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ പല പ്രമുഖരുടേയും പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

സി എം ആര്‍ എല്‍ കേസുമായി ബന്ധപ്പെട്ട് 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. വിവിധ ഇടങ്ങളിലെ പരിശോധനയില്‍ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വിവിധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടേതാണ്.

ഡല്‍ഹിയില്‍ നിന്നു കേരളത്തിലെത്തിയിട്ടും ഇ ഡി റെയ്ഡില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മൗനം തുടരുകയാണ്. നേരത്തെ ഡല്‍ഹിയിലും ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. റെയ്ഡിന് പിന്നില്‍ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്‌ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസില്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവരും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ഇന്ന് രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് തിരിക്കും. രാവിലെ 9.30 സാദിഖ് അലി തങ്ങളെ പാണക്കാട്ടെ വീട്ടില്‍ സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.