Home rss national malayalam പുതിയ വാർത്ത സി എസ് ഐ ആർ- യു ജി സി നെറ്റിന് അപേക്ഷിക്കാം

സി എസ് ഐ ആർ- യു ജി സി നെറ്റിന് അപേക്ഷിക്കാം

4
0

Source :- SIRAJLIVE NEWS

ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും ഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച കരിയർ പടുത്തുയർത്താൻ അവസരമൊരുക്കുന്ന കേന്ദ്ര യോഗ്യതാ പരീക്ഷയായ ജോയിന്റ് സി എസ് ഐ ആർ- യു ജി സി നെറ്റ് ഡിസംബർ 2026 സെഷനിലേക്ക് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഫെലോഷിപ്പോടെയുള്ള പിഎച്ച് ഡി (ജെ ആർ എഫ്), കോളജ്/ സർവകലാശാല അസ്സിസ്റ്റന്റ് പ്രൊഫസർ യോഗ്യത, നേരിട്ടുള്ള പിഎച്ച് ഡി പ്രവേശനം എന്നിക്ക് വഴിതുറക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയതല പരീക്ഷയാണിത്.

ശാസ്ത്ര- സാങ്കേതിക രംഗത്തെ ഗവേഷണ മികവ് വർധിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രഗത്ഭരായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ പരീക്ഷ നടത്തുന്നത്.

പരീക്ഷാ തീയതി

അടുത്ത ഡിസംബർ 14 മുതൽ 19 വരെയുള്ള തീയതികളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലുള്ള പരീക്ഷ നടക്കുന്നത്. ദിവസേന രണ്ട് ഷിഫ്റ്റുകളിലായാണ് (രാവിലെ ഒന്പത് മുതൽ- 12 വരെ, ഉച്ചക്ക് ശേഷം മൂന്ന് മുതൽ വൈകിട്ട് ആറ് വരെ) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാ വിഷയങ്ങൾ

കെമിക്കൽ സയൻസസ്, എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ് ആൻഡ് ബയോ -ടെക്‌നോളജി, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ അഞ്ച് പ്രധാന ശാസ്ത്ര വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

പരീക്ഷയിലെ പ്രധാന മാറ്റം (ലൈഫ് സയൻസസ് & ബയോടെക്‌നോളജി)

ഇത്തവണത്തെ പരീക്ഷയിലെ ഏറ്റവും വലിയ സവിശേഷത, ഡിപാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി നടത്തുന്ന ഡി ബി ടി- ബി ഇ ടി പരീക്ഷയെ സി എസ് ഐ ആർ ലൈഫ് സയൻസസ് പരീക്ഷയുമായി സംയോജിപ്പിച്ചു എന്നതാണ്. ഇനി മുതൽ രണ്ട് മേഖലകളിലെ വിദ്യാർഥികൾക്കുമായി “ലൈഫ് സയൻസസ് ആൻഡ് ബയോ- ടെക്‌നോളജി’ എന്ന ഒറ്റ വിഷയം മാത്രമായിരിക്കും ഉണ്ടാകുക.

അപേക്ഷാ ഫീസ് അടയ്ക്കാം

അപേക്ഷാ ഫീസായി ജനറൽ വിഭാഗക്കാർ 1,150 രൂപയും ജനറൽ- ഇ ഡബ്ല്യു എസ്/ ഒ ബി സി- എൻ സി എൽ വിഭാഗക്കാർ ക്ക് 600 രൂപയും എസ് സി/ എസ് ടി/ പി ഡബ്ല്യു ഡി/ പി ഡബ്ല്യു ബി ഡി/ മൂന്നാം ലിംഗക്കാർ 325 രൂപയും അടയ്ക്കണം.

അപേക്ഷയും ഫീസ് സ്വീകരിക്കലും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം അഞ്ചിന് രാത്രി 11.50 വരെ അപേക്ഷ നൽകാനും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. 500 രൂപ പിഴയോടെ അടുത്ത മാസം ആറ് മുതൽ ഒന്പത് വരെ അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അടുത്ത മാസം പത്ത് മുതൽ 12 വരെ അവസരമുണ്ടാകും. ഡിസംബർ 19, 22, 27 തീയതികളിലാണ് പരീക്ഷ നടക്കുന്നത്.

അപേക്ഷിക്കേണ്ട രീതി

നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.in വഴി ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. സൈറ്റിൽ പ്രവേശിച്ച് പുതിയ രജിസ്‌ട്രേഷൻ നടത്തി ആപ്ലിക്കേഷൻ നമ്പറും പാസ്സ്്വേഡും നേടിയ ശേഷം വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പരീക്ഷാ കേന്ദ്രങ്ങളും നൽകുക. തുടർന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് എന്നിവ നിശ്ചിത വലുപ്പത്തിൽ അപ്്ലോഡ് ചെയ്ത് ഓൺലൈനായി ഫീസ് അടയ്ക്കുക. അപേക്ഷ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന “കൺഫർമേഷൻപേജ്’ ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ csirnet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

പരീക്ഷാ രീതിയും ക്വസ്റ്റ്യൻ പാറ്റേണും

കമ്പ്യൂട്ടർ അധിഷ്ഠിതമായി ഇടവേളകളില്ലാതെ തുടർച്ചയായി മൂന്ന് മണിക്കൂർ (180 മിനുട്ട്) ദൈർഘ്യത്തിലാണ് പരീക്ഷ നടക്കുന്നത്. ആകെ 200 മാർക്കിന്റെ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകും.

അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഓരോ വിഷയം തിരഞ്ഞെടുക്കുന്നവർക്കും ചോദ്യപേപ്പറിൽ പാർട്ട് എ, പാർട്ട് ബി, പാർട്ട് സി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. എല്ലാ വിഷയങ്ങൾക്കും പൊതുവായിട്ടുള്ള പാർട്ട് “എ’യിൽ ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, ന്യൂമറിക്കൽ എബിലിറ്റി, പരമ്പരകൾ, പസിലുകൾ തുടങ്ങിയ ജനറൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതാത് വിഷയങ്ങളുടെ സിലബസിനെ ആസ്പദമാക്കിയുള്ള സാധാരണ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പാർട്ട് “ബി’ യിലും ശാസ്ത്രീയ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും വിശകലന ശേഷിയും പരിശോധിക്കുന്ന ഉയർന്ന തലത്തിലുള്ള അപഗ്രഥന ചോദ്യങ്ങൾ പാർട്ട് “സി’യിലും ഉണ്ടായിരിക്കും.

വിഷയങ്ങളും ചോദ്യങ്ങളുടെ ഘടനയും

വിവിധ വിഷയങ്ങളിലെ ചോദ്യങ്ങളുടെ ഘടനയും നെഗറ്റീവ് മാർക്കിംഗും താഴെ പറയുന്ന പ്രകാരമാണ്:
കെമിക്കൽ സയൻസസ്: പാർട്ട് എ (20ൽ 15), പാർട്ട് ബി (40ൽ 35), പാർട്ട് സി (60ൽ 25) എന്നിങ്ങനെ ആകെ 75 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം (എല്ലാ പാർട്ടിനും 25 ശതമാനം നെഗറ്റീവ് മാർക്ക്).

എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്: പാർട്ട് എ (20ൽ 15), പാർട്ട് ബി (50ൽ 35), പാർട്ട് സി (80ൽ 25) എന്നിങ്ങനെ ആകെ 75 ചോദ്യങ്ങൾ (പാർട്ട് എ, ബി: 25 ശതമാനം, പാർട്ട് സി 33 ശതമാനം നെഗറ്റീവ് മാർക്ക്).

ലൈഫ് സയൻസസ് ആൻഡ് ബയോ ടെക്‌നോളജി: പാർട്ട് എ (20ൽ 15), പാർട്ട് ബി (50ൽ 35), പാർട്ട് സി (75ൽ 25) എന്നിങ്ങനെ ആകെ 75 ചോദ്യങ്ങൾ (എല്ലാ പാർട്ടിനും 25 ശതമാനം നെഗറ്റീവ് മാർക്ക്).

മാത്തമറ്റിക്കൽ സയൻസസ്: പാർട്ട് എ (20ൽ 15), പാർട്ട് ബി (40ൽ 25), പാർട്ട് സി (60ൽ 20) എന്നിങ്ങനെ ആകെ 60 ചോദ്യങ്ങൾ (പാർട്ട് എ, ബി 25 ശതമാനം നെഗറ്റീവ് മാർക്ക്, പാർട്ട് സിയിൽ നെഗറ്റീവ് മാർക്ക് ഇല്ല).

ഫിസിക്കൽ സയൻസസ്: പാർട്ട് എ (20ൽ 15), പാർട്ട് ബി (25ൽ 20), പാർട്ട് സി (30ൽ 20) എന്നിങ്ങനെ ആകെ 55 ചോദ്യങ്ങൾ (എല്ലാ പാർട്ടിനും 25 ശതമാനം നെഗറ്റീവ് മാർക്ക്).

വിദ്യാർഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

പരീക്ഷ എഴുതുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ ആദ്യത്തെ നിശ്ചിത എണ്ണം ചോദ്യങ്ങൾ മാത്രമേ മൂല്യനിർണ്ണയത്തിന് പരിഗണിക്കുകയുള്ളൂ. കൂടാതെ, മാത്തമറ്റിക്കൽ സയൻസ് പാർട്ട് സിയുടെ പ്രത്യേകത. ചില ചോദ്യങ്ങൾക്ക് ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ ഉണ്ടാകാം.

എല്ലാ ശരിയുത്തരങ്ങളും കൃത്യമായി അടയാളപ്പെടുത്തിയാൽ മാത്രമേ ഈ ഭാഗത്ത് മാർക്ക് ലഭിക്കൂ എങ്കിലും, ഇതിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷാ കേന്ദ്രങ്ങൾ (കേരളത്തിൽ)

കേരളത്തിലെ പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ/ ചെങ്ങന്നൂർ, കോട്ടയം, എറണാകുളം/ മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.

ഫെലോഷിപ്പ് വിവരങ്ങൾ

കാറ്റഗറി 1 (ജെ ആർ എഫ്) നേടുന്ന ഗവേഷകർക്ക് ആദ്യ രണ്ട് വർഷങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പായി പ്രതിമാസം 37,000 രൂപ സാമ്പത്തിക സഹായം ലഭിക്കും. ഗവേഷണ വിലയിരുത്തലിന് ശേഷം തുടർവർഷങ്ങളിൽ ഇത് സീനിയർ റിസർച്ച് ഫെലോഷിപ്പായി (എസ് ആർ എഫ്) ഉയർത്തി പ്രതിമാസം 42,000 രൂപ വീതം നൽകും. ഇതിനുപുറമേ, പ്രതിവർഷം 20,000 രൂപ കൺടിൻജൻസി ഗ്രാന്റും ഗവേഷകർക്ക് ലഭ്യമാണ്.

യോഗ്യത

ബിരുദാനന്തര ബിരുദതലത്തിൽ ജനറൽ/ ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്കും ഒ ബി സി- എൻ സി എൽ/ എസ് സി/ എസ് ടി/ പി ഡബ്ല്യു ഡി/ മൂന്നാം ലിംഗക്കാർക്ക് 50 ശതമാനം മാർക്കും വേണം. ഫൈനൽ ഇയർ വിദ്യാർഥികൾക്ക് “റിസൾട്ട് അവെയ്റ്റഡ്’ വ്യവസ്ഥയിലും 75 ശതമാനം മാർക്കോടെ നാല് വർഷ ബാച്ചിലേഴ്‌സ് ബിരുദം (ബി ഇ, ബി ടെക്, ബി ഫാം, എം ബി ബി എസ്) പൂർത്തിയാക്കിയവർക്ക് ജെ ആർ എഫ്, പിഎച്ച് ഡി പ്രവേശനത്തിന് നേരിട്ടും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കും യു ജി സി കാലാകാലങ്ങളിൽ തീരുമാനിക്കുന്ന മറ്റ് വിഭാഗങ്ങൾക്കും യോഗ്യതാ മാർക്കിൽ അല്ലെങ്കിൽ തത്തുല്യ ഗ്രേഡിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കും. ജെ ആർ എഫ് അപേക്ഷകർക്ക് പരമാവധി പ്രായപരിധി 30 വയസ്സാണ് (സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും അഞ്ച് വർഷത്തെ ഇളവുണ്ട്). അസ്സിസ്റ്റന്റ് പ്രൊഫസർ യോഗ്യതക്കും പിഎച്ച് ഡി പ്രവേശനത്തിനും പ്രായപരിധിയില്ല.

മൂന്ന് തലത്തിലുള്ള യോഗ്യതകൾ

പരീക്ഷയിലെ ഉയർന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാമത്തെ വിഭാഗത്തിൽ (കാറ്റഗറി 1) വരുന്നവർക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പും (ജെ ആർ എഫ്) അസ്സിസ്റ്റന്റ് പ്രൊഫസർ യോഗ്യതയും നേരിട്ടുള്ള പിഎച്ച് ഡി പ്രവേശനവും ലഭിക്കും. രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവർക്ക് (കാറ്റഗറി 2) ഫെലോഷിപ്പ് ഇല്ലാതെ അസ്സിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനും പിഎച്ച് ഡി പ്രവേശനം നേടാനും യോഗ്യതയുണ്ടായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) മുൻനിർത്തി വിവിധ സർവകലാശാലകളിലെ പിഎച്ച് ഡി പ്രവേശനത്തിന് മാത്രമായി അർഹത നേടുന്ന മൂന്നാമത്തെ വിഭാഗക്കാരുടെ (കാറ്റഗറി 3) സ്‌കോർ കാർഡിന് ഒരു വർഷത്തെ കാലാവധിയാണുണ്ടായിരിക്കുക.

Content Highlights: NTA has invited applications for the Joint CSIR-UGC NET December 2026 exam for science postgraduates and final year students. The computer-based test will cover five major subjects including Life Sciences and Chemical Sciences. Eligible candidates can apply online through the official website by the specified deadline.