Home rss national malayalam പുതിയ വാർത്ത സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം; ഉപനേതൃപദവിയിലെ തർക്കം ചർച്ചയായേക്കും

സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം; ഉപനേതൃപദവിയിലെ തർക്കം ചർച്ചയായേക്കും

5
0

Source :- SIRAJLIVE NEWS

ഡൽഹി| സി പി എം പോളിറ്റ് ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് പിബി യോഗം ചേരുന്നത്. കേരളത്തിലും ബംഗാളിലും പാർട്ടിയുടെ സംഘടനാ തലത്തിൽ തിരുത്തൽ നടപടികൾക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

കേരളത്തിലെ എൽഡിഎഫിനുള്ളിൽ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കിയ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തർക്കം പിബി യോഗത്തിൽ ചർച്ചയായേക്കും. അണികൾക്ക് തെറ്റുപറ്റിയെന്നും നേതൃത്വത്തിന് വീഴ്ചയില്ലെന്ന തരത്തിലുള്ള പിണറായി വിജയൻ വിമർശനത്തിൽ ദേശീയ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള ഘടകത്തിന് കേന്ദ്ര നേതൃത്വം നേരത്തെ നിർദേശം നൽകിയിരുന്നു. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നും മുന്നണി മര്യാദകൾ കർശനമായി പാലിക്കണമെന്നുമായിരുന്നു നിര്‍ദേശം.സിപിഎം എംഎൽഎ തന്നെ പ്രതിപക്ഷ ഉപനേതാവാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയും ചില നേതാക്കളുടെ പ്രതികരണങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സിപിഐയെ കൂടി വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. തൽക്കാലം ഉപനേതൃപദവി ഒഴിച്ചിടുക, അല്ലെങ്കിൽ ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച തുടരുക തുടങ്ങിയ ഫോർമുലകൾ ഉയർന്നേക്കും. ഔദ്യോഗിക നിർദേശം ലഭിച്ചാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനുപുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും പിബി യോഗം വിലയിരുത്തും.

Content Highlights:
The two-day CPM Politburo meeting begins today in Delhi ahead of the extended state committee meeting in Kozhikode. Key discussions will focus on organizational corrections in Kerala and Bengal, internal LDF disagreements, and preparations for upcoming assembly elections.