Source :- SIRAJLIVE NEWS
ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങളുടെ പ്രചാരണ തന്ത്രങ്ങളും പൊതുധനത്തിന്റെ വിനിയോഗവും കടുത്ത വിചാരണയും സുതാര്യതയും ആവശ്യപ്പെടുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ട നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഭരണകൂട പ്രചാരണങ്ങളും വ്യക്തിപൂജയും കേവലം ഭരണപരമായ ചെലവഴിക്കലല്ല, മറിച്ച് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിത്തറയിളക്കുന്നതും രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്തതുമാണ്.
വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനും ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാനും കോടികള്‍ ഒഴുക്കുമ്പോള്‍, അവിടെ തിരിച്ചുവിടപ്പെടുന്നത് രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുകളാണ്.
പാര്‍ലിമെന്റില്‍ സമാജ് വാദി പാര്‍ട്ടി എം പി ഇഖ്റ ഹസന്‍ ഉന്നയിച്ച ചോദ്യത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി എല്‍ മുരുകന്‍ നല്‍കിയ ഔദ്യോഗിക മറുപടി ചിലത് വെളിപ്പെടുത്തുന്നു. 2014-15 മുതല്‍ 2024-25 വരെയുള്ള 11 സാമ്പത്തിക വര്‍ഷങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ച 5,987.46 കോടി രൂപ എന്നത് പ്രതിദിനം 1.5 കോടി രൂപ വച്ച് പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയതിന്റെ കണക്കാണ്. മുമ്പ് പല ഘട്ടങ്ങളിലും പരസ്യ പ്രചാരണങ്ങളില്‍ സ്വന്തം ചിത്രം പതിപ്പിക്കുന്ന രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുകയും തങ്ങള്‍ സേവനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്ത ഭരണാധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് പാര്‍ലിമെന്റില്‍ നല്‍കിയ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭരണകൂടത്തിന്റെ ഈ പ്രചാരണ വ്യഗ്രത കേവലം പ്രതിച്ഛായാ നിര്‍മിതിയില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ സാമ്പത്തികമായി നിലക്കുനിര്‍ത്തി നിര്‍ബന്ധിത അനുസരണയുള്ളവരാക്കി മാറ്റുന്ന അപകടകരമായ അധികാരതന്ത്രം കൂടിയാണ്. ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഈ തന്ത്രം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലേക്കും അതിവേഗം വ്യാപിച്ചു. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ഗൂഗിളിനും യൂട്യൂബിനുമായി 120.13 കോടിയിലധികം രൂപയും മെറ്റയ്ക്ക് (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) 24.45 കോടി രൂപയും നല്‍കി. ഡിജിറ്റല്‍ ഇടങ്ങളിലെ ആല്‍ഗോരിതങ്ങളെപ്പോലും ഭരണകൂട അനുകൂല തരംഗങ്ങളാക്കി മാറ്റാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കപ്പെടുന്നുവെന്നര്‍ഥം.
മോദി സര്‍ക്കാര്‍ നടത്തുന്ന പ്രതിച്ഛായാ നിര്‍മിതിയെപോലും വെല്ലുന്ന രീതിയിലാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പരസ്യ ചെലവഴിക്കലുകള്‍.
എട്ട് വര്‍ഷത്തെ ഭരണത്തിനിടെ “ബ്രാന്‍ഡ് യോഗി’ സൃഷ്ടിക്കാനായി യു പി സര്‍ക്കാര്‍ ചെലവഴിച്ചത് 6,811.94 കോടി രൂപയാണ്, പ്രതിദിനം 2.32 കോടി രൂപയെന്ന നിരക്കില്‍. 11 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാറിന്റെ ആകെ ചെലവിനെയും (5,987.46 കോടി) മറികടക്കുന്ന തുകയാണ് സംസ്ഥാനതലത്തില്‍ ഒരു മുഖ്യമന്ത്രി സ്വന്തം മുഖം പ്രചരിപ്പിക്കാനായി മാറ്റിവെച്ചിരിക്കുന്നത്. 2017-18ല്‍ 294.86 കോടിയില്‍ തുടങ്ങി 2022-23ല്‍ 1420.03 കോടിയായും 2024-25ല്‍ 1391.18 കോടിയായും ഉയര്‍ന്ന ഈ ബജറ്റ്, ഉത്തര്‍പ്രദേശ് അഭിമുഖീകരിക്കുന്ന കടുത്ത തൊഴിലില്ലായ്മയോടും തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യ സംവിധാനങ്ങളോടും കാണിക്കുന്ന അനാസ്ഥയാണ്. സാധാരണക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഫണ്ടില്ലെന്ന് പറയുമ്പോഴാണ് പ്രതിദിനം രണ്ടരക്കോടിയോളം രൂപ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പുകഴ്ത്തലുകള്‍ക്കായി എറിഞ്ഞുകൊടുക്കുന്നത്.
ജനങ്ങളുടെ മുമ്പില്‍ വികസന ചിത്രങ്ങള്‍ വരച്ചുകാട്ടാന്‍ കോടികള്‍ ഒഴുക്കുമ്പോഴും, ഭരണകൂടങ്ങളുടെ ധനകാര്യ സുതാര്യത എത്രത്തോളം ദാരുണമാണെന്ന് സി എ ജി പുറത്തുവിട്ട റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 15 കേന്ദ്ര മന്ത്രാലയങ്ങളിലായി 33,973 യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാതെ 54,282.32 കോടി രൂപയുടെ സാമ്പത്തിക വിടവാണ് സി എ ജി കണ്ടെത്തിയത്. ഭവനനിര്‍മാണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ അനുവദിച്ച തുക കൃത്യമായ ആവശ്യത്തിനാണോ ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാത്തത് കടുത്ത സംശയങ്ങള്‍ക്ക് വഴിവെക്കുന്നു.
പൊതുധനത്തിന്റെ ഈ വിനിയോഗം ആഭ്യന്തര മാധ്യമ പ്രചാരണങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഭരണാധികാരികളുടെ വന്‍കിട വിദേശ പര്യടനങ്ങളിലെ ഭീമമായ ചെലവുകളിലും പ്രകടമാണ്. 2026ല്‍ മാത്രം നടന്ന വിവിധ വിദേശ സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍, മലേഷ്യയില്‍ രണ്ട് ദിവസത്തേക്ക് 5.57 കോടിയും ഇസ്‌റാഈലില്‍ 11.92 കോടിയും സീഷെല്‍സില്‍ 8.22 കോടിയും ചെലവഴിച്ചതായി കാണാം. യു എ ഇ, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നിവിടങ്ങളിലേക്ക് നടത്തിയ ബഹുരാഷ്ട്ര സന്ദര്‍ശനത്തില്‍ നോര്‍വേയില്‍ മാത്രം 17.46 കോടിയും ഇറ്റലിയില്‍ 4.23 കോടിയും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയാണ് യാത്രാ ചെലവുകള്‍ക്കായി ഖജനാവില്‍ നിന്ന് നീക്കിവെച്ചത്. സ്ലോവാക് റിപബ്ലിക്, ഇന്തോനേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഓരോ യാത്രക്കും അഞ്ച് മുതല്‍ എട്ട് കോടി രൂപ വരെ വീതമാണ് ചെലവായത്. സി എ ജി കണ്ടെത്തിയ വിടവുകളോടൊപ്പം ഇത്തരം ആഡംബര യാത്രകളും ചേര്‍ത്തുവെക്കുമ്പോള്‍ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ശക്തമാകുന്നു.
കൂടാതെ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴിയുള്ള ഫണ്ട് വിനിയോഗത്തിലും മുന്‍ഗണനകള്‍ പൂര്‍ണമായും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. 2025-26 വര്‍ഷത്തില്‍ നീക്കിവെച്ച ബജറ്റ് വിഹിതത്തില്‍ ഭൂരിഭാഗവും പരസ്യങ്ങള്‍ക്കും വിഷ്വല്‍ പബ്ലിസിറ്റിക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം, ഫീല്‍ഡ് പബ്ലിസിറ്റി, കമ്മ്യൂണിറ്റി റേഡിയോ, പ്രാദേശിക മാധ്യമങ്ങള്‍, വിവര വിതരണ പ്രസിദ്ധീകരണങ്ങള്‍ എന്നിവക്ക് വളരെ ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്.
വിവരങ്ങള്‍ ജനങ്ങളിലേക്ക് ആധികാരികമായി എത്തിക്കുന്ന പരമ്പരാഗത മാര്‍ഗങ്ങളെ അവഗണിച്ച് മാസ് മീഡിയാ ക്യാമ്പയിനുകളിലൂടെ ബിംബവത്കരണം നടത്താനാണ് മുന്‍ഗണന നല്‍കുന്നതെന്നതിന് ഇത് തെളിവാണ്. വിവരാവകാശ നിയമപ്രകാരം പരസ്യങ്ങള്‍ ആര്‍ക്കൊക്കെ നല്‍കിയെന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സമീപനവുമുണ്ട്. ഖജനാവില്‍ നിന്ന് കോടികള്‍ ഒഴുക്കി നിര്‍മിച്ചെടുക്കുന്ന ഈ കൃത്രിമ ചിത്രങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞുപോകുന്നത് രാജ്യത്തിന്റെ സുതാര്യമായ സാമ്പത്തിക ക്രമീകരണങ്ങളുടെ ആവശ്യകതയാണ്.
Content Highlights:
Official data reveals Modi government spent 5987 crore rupees on ads over 11 years, while UP government spent 6811 crore in eight years. Meanwhile, CAG found unsubmitted utilization certificates worth over 54000 crore rupees across 15 ministries, raising questions on governance transparency.




