Source :- SIRAJLIVE NEWS
ന്യൂഡൽഹി | യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ (UFBU) മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് (Bank Strike) മുന്നോടിയായി, പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാനം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും വാരാന്ത്യ അവധികളായതിനാൽ തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ പൂർണ്ണമായും തടസ്സപ്പെടാതിരിക്കാൻ മുൻകൂട്ടി മുൻകരുതൽ നടപടികളുമായി സർക്കാർ രംഗത്തെത്തിയത്.
സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന പണിമുടക്ക് വാരാന്ത്യ അവധികളോട് ചേർന്ന് വരുന്നതിനാൽ ബാങ്കിങ് ആവശ്യങ്ങൾക്ക് തടസ്സം വരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (Public Sector Banks) റീജ്യനൽ റൂറൽ ബാങ്കുകളും (Regional Rural Banks) സാധാരണ പോലെ പ്രവർത്തിക്കും.
ബാങ്ക് ഉപഭോക്താക്കളുടെ ക്ഷേമത്തിനും സൗകര്യത്തിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വകുപ്പ് ആവർത്തിച്ചു. നിർദ്ദിഷ്ട പണിമുടക്കിൽ നിന്ന് പിന്മാറാൻ സർക്കാറും ബാങ്ക് മാനേജ്‌മെന്റുകളും യൂനിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ അവശ്യ ബാങ്കിങ് സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 27 ന് ബാങ്ക് ശാഖകൾ, ഓഫീസുകൾ, എ ടി എം ലിങ്ക്ഡ് ബ്രാഞ്ചുകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) അനുമതി നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ സെപ്റ്റംബർ 27 ന് ബാങ്ക് ശാഖകളും ഓഫീസുകളും പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്നതായി ആർ ബി ഐ വ്യക്തമാക്കി. ബാങ്കുകൾ ഇതുമായി ബന്ധപ്പെട്ട നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർ ബി ഐ നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlights:
Banks in India will operate normally on Sunday, September 27, 2026, to assist customers ahead of a proposed three-day nationwide strike. The United Forum of Bank Unions called for the strike from September 28 to 30. The Finance Ministry and RBI approved the operational opening of Public Sector Banks and Regional Rural Banks to prevent extended service disruptions.




