Source :- SIRAJLIVE NEWS

തിരുവനന്തപുരം| വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. 2026-27 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടറും പ്രകാശനം ചെയ്തു.

പ്രവേശനോത്സവത്തില്‍ തന്റെ കുട്ടിക്കാലത്തെ സ്‌കൂള്‍ ഓര്‍മ്മകളും മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കുവെച്ചു. ഇവിടെയിരിക്കുമ്പോള്‍ തന്റെ കുട്ടിക്കാലമാണ് മനസിലേക്ക് വരുന്നത്. സ്‌കൂളിലും കോളജിലുമായി പഠിച്ച 12 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തന്റെ വീട്ടില്‍ നിന്നും ആരും വന്നിട്ടില്ല. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോള്‍ വീട്ടില്‍നിന്ന് ആളെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താന്‍ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടാവുകയാണെന്നും ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയില്‍ മാതാവിന് വലിയ പങ്ക് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും തമ്മില്‍ മികച്ച സൗഹൃദം ഉണ്ടാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം നവോന്മേഷത്തോടെ മുന്നേറണം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അറിവുകള്‍ വേഗത്തില്‍ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി മനുഷ്യബുദ്ധിയേക്കാള്‍ വേഗത്തില്‍ വളരുകയാണ്. മുമ്പ് മനുഷ്യന്‍ കണ്ടുപിടിച്ച കഠാരയോ തോക്കോ ബോംബോ പ്രവര്‍ത്തിക്കാന്‍ ഒരു മനുഷ്യന്റെ സഹായം ആവശ്യമായിരുന്നു. എന്നാല്‍ മനുഷ്യചരിത്രത്തില്‍ ആദ്യമായി സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളിലെ യൂണിഫോം, പുസ്തക വിതരണം എന്നിവ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനും പറഞ്ഞു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ കാലം നിയോഗിച്ചത് വി ഡി സതീശനെയാണ്. കുട്ടികള്‍ പഠിക്കേണ്ടത് കാലഹരണപ്പെട്ട കാര്യങ്ങളല്ലെന്നും ഏറ്റവും അപ്‌ഡേറ്റഡ് ആയ കാര്യങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Content Highlights:
Schools across Kerala officially reopened today for the 2026-27 academic year following the summer vacation. Chief Minister VD Satheesan inaugurated the state-level Praveshanolsavam at Pattom Government Girls HSS in Thiruvananthapuram, with Education Minister N Shamsudheen presiding over the function. During his address, the Chief Minister highlighted the rapid growth of artificial intelligence and emphasized the importance of staying updated with modern technology. The Education Minister confirmed that the distribution of school uniforms and textbooks has been successfully completed across the state.