Source :- SIRAJLIVE NEWS
ദബൈ | യു എ ഇയിലെ അബുദാബി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ സ്തനാർബുദ ചികിത്സയിൽ ലോകത്താദ്യമായി ഒരു സുപ്രധാന മെഡിക്കൽ നേട്ടം കൈവരിച്ചു. രോഗാവസ്ഥ കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന അടുത്ത തലമുറ സ്തനാർബുദ ചികിത്സയാണ് ഇവിടെ വിജയകരമായി നടപ്പിലാക്കിയത്. സ്തനാർബുദ സാധ്യത വളരെ നേരത്തെ തിരിച്ചറിഞ്ഞ് നാൽപ്പതുകളിലുള്ള ഒരു സ്ത്രീയ്ക്കാണ് ‘കാമിസെസ്ട്രന്റ്’ (Camizestrant) എന്ന അത്യാധുനിക മരുന്ന് ക്ലിനിക്കൽ ക്രമീകരണത്തിൽ ലോകത്താദ്യമായി നൽകിയത്. പരമ്പരാഗത ചികിത്സകളോട് രോഗിയുടെ ശരീരം പ്രതിരോധം കാണിക്കാൻ തുടങ്ങുന്നുവെന്ന് സ്കാനിംഗിലൂടെ കണ്ടെത്തുന്നതിന് മുൻപ് തന്നെ തിരിച്ചറിഞ്ഞാണ് ഡോക്ടർമാർ ഈ പുതിയ ചികിത്സ ആരംഭിച്ചത്.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ (ഡി ഒ എച്ച്) മേൽനോട്ടത്തിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. കൃത്യമായ മെഡിക്കൽ പരിചരണത്തിലും ക്യാൻസർ ചികിത്സയിലും അബുദാബിയുടെ വളർച്ച വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ഹോർമോൺ റിസപ്റ്റർ-പോസിറ്റീവ്, എച്ച് ഇ ആർ 2-നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട അഡ്വാൻസ്ഡ് സ്തനാർബുദമാണ് രോഗിക്കുണ്ടായിരുന്നത്. സാധാരണയായി ഇത്തരം രോഗികളിൽ ഹോർമോൺ തെറാപ്പി ഫലപ്രദമാകാറുണ്ടെങ്കിലും, ചിലരിൽ കാലക്രമേണ രോഗം ചികിത്സയെ പ്രതിരോധിക്കാൻ തുടങ്ങാറുണ്ട്.
ഈ രോഗിയിൽ സിടിഡിഎൻഎ (ctDNA) മോണിറ്ററിംഗ് എന്ന രക്തപരിശോധനയിലൂടെയാണ് ഇ എസ് ആർ 1 (ESR1) ജീൻ മ്യൂട്ടേഷൻ ഡോക്ടർമാർ കണ്ടെത്തിയത്. ഹോർമോൺ തെറാപ്പിയെ പ്രതിരോധിച്ചുകൊണ്ട് ക്യാൻസർ കോശങ്ങൾ വളരാൻ ഈ മ്യൂട്ടേഷൻ കാരണമാകുന്നു. രോഗനിർണ്ണയ സമയത്ത് അഞ്ച് ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമാണ് ഇ എസ് ആർ 1 മ്യൂട്ടേഷൻ കാണാറുള്ളത്. എന്നാൽ ഹോർമോൺ ബ്ലോക്കറുകളും സിഡികെ 4/6 ഇൻഹിബിറ്ററുകളും ഉപയോഗിച്ചുള്ള ചികിത്സയ്ക്കിടയിൽ ഏകദേശം 40 ശതമാനം രോഗികളിലും ഇത് വികസിക്കാറുണ്ട്.
സ്കാനിംഗിലൂടെയോ മറ്റ് ലക്ഷണങ്ങളിലൂടെയോ രോഗാവസ്ഥ പുറത്തുവരുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ രക്തപരിശോധനയിലൂടെ ഈ മാറ്റം കണ്ടെത്താനായി എന്നതാണ് ഈ കേസിന്റെ പ്രത്യേകത. സാധാരണ ഇമേജിംഗ് പരിശോധനകളിൽ രോഗ പുരോഗതി കാണുന്നതിന് ഏകദേശം ആറ് മാസം മുൻപ് തന്നെ രക്തപരിശോധനകളിൽ ഈ മാറ്റങ്ങൾ ദൃശ്യമാകും. ഈ മുൻകൂട്ടിയുള്ള മുന്നറിയിപ്പ് കാരണമാണ് ഡോക്ടർമാർക്ക് രോഗിയുടെ ചികിത്സ അടുത്ത തലമുറ ഓറൽ മരുന്നായ കാമിസെസ്ട്രന്റിലേക്ക് മാറ്റാൻ സാധിച്ചത്. രോഗി നിലവിൽ സുരക്ഷിതയാണെന്നും പ്രത്യേക മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണെന്നും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ആഗോളതലത്തിൽ നടന്ന സെലീന-6 (SERENA-6) ക്ലിനിക്കൽ ട്രയലിന്റെ കണ്ടെത്തലുകളുടെ പിൻബലത്തിലാണ് ഈ പുതിയ ചികിത്സാരീതി നടപ്പിലാക്കിയത്. പരമ്പരാഗത ഹോർമോൺ തെറാപ്പി തുടരുന്നതിനേക്കാൾ, രോഗികൾക്ക് കാമിസെസ്ട്രന്റിലേക്ക് ചികിത്സ മാറ്റുന്നത് വഴി രോഗം വഷളാകാനുള്ള സാധ്യതയോ മരണസാധ്യതയോ 56 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. പരമ്പരാഗത ചികിത്സയിൽ 9.2 മാസം മാത്രമാണ് രോഗം നിയന്ത്രണവിധേയമായിരുന്നതെങ്കിൽ, കാമിസെസ്ട്രന്റ് ഉപയോഗിച്ചവരിൽ ഇത് 16 മാസമായി നീണ്ടുനിന്നതായും ട്രയലിൽ കണ്ടെത്തി. ഈ നേട്ടത്തോടെ യു എ ഇ ലുള്ള രോഗികൾക്ക് വിദേശയാത്ര നടത്താതെ തന്നെ ഇത്തരം അത്യാധുനിക ക്യാൻസർ ചികിത്സകൾ സ്വന്തം നാട്ടിൽ ലഭ്യമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights
Burjeel Cancer Institute in Abu Dhabi achieved a global milestone by becoming the first to administer Camizestrant, a next-generation breast cancer treatment. Detected early via ctDNA blood monitoring, the therapy reduces disease progression or death risk by 56% compared to conventional options.







