Source :- SIRAJLIVE NEWS
ശിശുക്ഷേമ സമിതിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സ്‌കൂള്‍ കുട്ടികളുടെ ലിപ്സ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ ക്യാമ്പയിന്‍. പെണ്‍കുട്ടികളില്‍ കുടല്‍ ക്യാന്‍സര്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ലിപ്സ്റ്റിക്കിലും ഫേസ് ക്രീമിലും ഐലൈനറിലും അടങ്ങിയ മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ മാരക രാസവസ്തുക്കളാണ് ഇതിനൊരു കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായ അളവിനേക്കാള്‍ മെര്‍ക്കുറി കണ്ടെത്തുകയും ചെയ്തു. ഇതാണ് ശിശുക്ഷേമ സമിതിയെ ഇത്തരമൊരു ക്യാമ്പയിനിന് പ്രേരിപ്പിച്ചത്. കൊല്ലം ജില്ലയിലാണ് ‘ലിപ്സ്റ്റിക്ഫ്രീ ക്യാമ്പസ്’ എന്ന് പേരിട്ട ക്യാമ്പയിനിന് തുടക്കം. താമസിയാതെ തന്നെ ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന പല ലിപ്സ്റ്റിക്കുകളും ഗുണനിലവാരം കുറഞ്ഞതും മാരക രോഗങ്ങള്‍ക്കിടയാക്കുന്നതുമാണ്. കൃത്യമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ പാലിക്കാതെ കൂടിയ തോതില്‍ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ ഉത്പന്നങ്ങള്‍ കുട്ടികള്‍ക്കാണ് കൂടുതല്‍ ഹാനികരം. മുതിര്‍ന്നവരേക്കാള്‍ വളരെ മൃദുവാണ് കുട്ടികളുടെ ചര്‍മം. കുട്ടികളുടെ ചര്‍മത്തിലെ കോശങ്ങളുടെ പാളികള്‍ വളരെ നേര്‍ത്തതായതിനാല്‍ കെമിക്കലുകളെ പെട്ടെന്ന് ആഗിരണം ചെയ്യുകയും ശരീരത്തിനുള്ളിലേക്ക് വേഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. കുട്ടികള്‍ ആഹാരം കഴിക്കുമ്പോള്‍ ഈ കെമിക്കലുകള്‍ നേരിട്ട് ഉള്ളിലേക്ക് എത്തുകയും ചെയ്യും. മസ്തിഷ്‌ക വികാസത്തെയും നാഡീവ്യൂഹത്തെയും ഇത് ദോഷകരമായി ബാധിക്കുകയും ദഹനപ്രശ്നങ്ങള്‍, ക്യാന്‍സര്‍ തുടങ്ങി ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യും.
നേരത്തേ മുതിര്‍ന്ന സ്ത്രീകളാണ് ലിപ്സ്റ്റിക് ഉള്‍പ്പെടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ജന്മദിനാഘോഷം, കലോത്സവങ്ങള്‍, വിവാഹച്ചടങ്ങുകള്‍ തുടങ്ങിയ വേളകളില്‍ മാത്രമായിരുന്നു കുട്ടികളുടെ ഉപയോഗം. ഇന്ന് പക്ഷേ സമയഭേദമില്ലാതെ കുട്ടികളും വ്യാപകമായി ഉപയോഗിക്കുന്നു. മാതാപിതാക്കള്‍ ചെറിയ കുട്ടികളെ ലിപ്സ്റ്റിക് പുരട്ടി സുന്ദരികളാക്കി റീലുകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് വ്യാപകം. പല രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ആരോഗ്യത്തേക്കാള്‍ പ്രാധാന്യം സോഷ്യല്‍ മീഡിയയിലെ ലൈക്കുകള്‍ക്കാണ്. ഇന്‍സ്റ്റഗ്രാം റീല്‍സിനും യൂട്യൂബ് ഷോര്‍ട്സിനും വേണ്ടി കുട്ടികളെ മുതിര്‍ന്നവരെ പോലെ അണിയിച്ചൊരുക്കുന്ന പ്രവണത, കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ഈ കെമിക്കലുകളോട് ആസക്തി വര്‍ധിക്കാന്‍ ഇടയാക്കും. എല്‍ പി സ്‌കൂളിലടക്കം നല്ലൊരു പറ്റം വിദ്യാര്‍ഥിനികള്‍ ലിപ്സ്റ്റിക് പുരട്ടി ചുണ്ടുകള്‍ ചുവപ്പിച്ചാണ് ക്ലാസ്സിലെത്തുന്നത്. പീരിയഡുകളുടെ ഇടവേളകളില്‍ സ്‌കൂള്‍ ബാഗുകളില്‍ ഒളിപ്പിച്ചു വെച്ച ലിപ്സ്റ്റിക്കുകള്‍ വിദ്യാര്‍ഥിനികള്‍ പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെടാറുണ്ടെന്നും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, പഠനത്തിലുള്ള ശ്രദ്ധയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കും.
പ്രായമായവര്‍ക്ക് പോലും ഗുണകരമല്ല ലിപ്സ്റ്റിക് ഉള്‍പ്പെടെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സ്ത്രീകളില്‍ വന്ധ്യത, സ്തനാര്‍ബുദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിച്ചതില്‍ ഈ ഉത്പന്നങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാഹ്യമായ താത്കാലിക ഭംഗിക്കു വേണ്ടി ആന്തരികാവയവങ്ങളുടെ ആരോഗ്യം പണയം വെക്കുന്നത് വിവേകശൂന്യമാണെന്ന് സ്ത്രീസമൂഹം തിരിച്ചറിവ് നേടുകയും ഹാനികരമായ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് പകരം പ്രകൃതിദത്തമായ ബദലുകളിലേക്ക് മാറുകയും ചെയ്യേണ്ടതുണ്ട്.
സൗന്ദര്യം മനുഷ്യന്റെ സ്വാഭാവിക ആഗ്രഹമാണ്. ലിപ്സ്റ്റിക്കോ മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളോ ഉപയോഗിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യവും. അതേസമയം ആരോഗ്യം ബലികഴിച്ചുള്ള സൗന്ദര്യ വര്‍ധന മാര്‍ഗങ്ങള്‍ അഭികാമ്യമല്ലെന്ന് മാത്രമല്ല, ആത്മഹത്യാപരവുമാണ്. അതിനെതിരെ ബോധവത്കരണം നടത്തേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും ആരോഗ്യവകുപ്പിന്റെയും ശിശുക്ഷേമ സമിതി പോലുള്ള ഔദ്യോഗിക സംവിധാനങ്ങളുടെയും ഒഴിച്ചു കൂടാനാകാത്ത ബാധ്യതയുമാണ്. ശിശുക്ഷേമ സമിതിയുടെ ശ്ലാഘനീയമായ ഈ പ്രവര്‍ത്തനത്തിന് സമൂഹത്തിന്റെ എല്ലാ തട്ടില്‍ നിന്നും പിന്തുണയുണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രക്ഷിതാക്കളും ഇതുമായി സഹകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്കായി ചെറുപ്രായത്തില്‍ തന്നെ മെയ്ക്കപ്പ് സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പ്രവണത രക്ഷിതാക്കള്‍ അവസാനിപ്പിക്കുകയും വേണം.
പൊതുജനാരോഗ്യ രംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. പ്രതിരോധ കുത്തിവെപ്പിലും സാംക്രമിക രോഗത്തിനെതിരായ പ്രതിരോധത്തിലും കേരളത്തിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ തന്നെ പ്രശംസിക്കപ്പെടുകയുണ്ടായി. മാരകമായ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കാര്യത്തിലും അനിവാര്യമാണ് ഈ ജാഗ്രത. ആശുപത്രികളില്‍ മാത്രം നടക്കേണ്ട കാര്യമല്ല ആരോഗ്യപ്രവര്‍ത്തനം. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അതിന്റെ ഭാഗമാണ്. ഭൗതികമായ രൂപഭംഗിക്കു പിന്നാലെ ഓടി ജീവന്‍ അപകടത്തിലാക്കുന്ന ഉപഭോഗ സംസ്‌കാരത്തില്‍ നിന്ന് പുതിയ തലമുറ മോചിതമാകണം. സൗന്ദര്യത്തേക്കാള്‍ പ്രധാനമാണ് കുട്ടികളുടെ ആരോഗ്യം. കുഞ്ഞുങ്ങളുടെ സ്വാഭാവിക നിഷ്‌കളങ്കതയാണ് ഏറ്റവും വലിയ സൗന്ദര്യം.







