Home rss business malayalam ഹൂതി ആക്രമണ ഭീഷണി; സൗദിയിലെ പ്രധാന നഗരങ്ങളിൽ അടിയന്തര ജാഗ്രത

ഹൂതി ആക്രമണ ഭീഷണി; സൗദിയിലെ പ്രധാന നഗരങ്ങളിൽ അടിയന്തര ജാഗ്രത

5
0

Source :- EVARTHA NEWS

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി ശക്തമായതിനെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം. ജിദ്ദ, താഇഫ്, യാൻബു, ഖമീസ് മുശൈത്ത്, അബഹ തുടങ്ങിയ നഗരങ്ങളിലാണ് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.

സാധ്യതയുള്ള വലിയ അപകടങ്ങൾ മുന്നിൽക്കണ്ട് സൗദി സിവിൽ ഡിഫൻസ് മന്ത്രാലയം ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ കൈമാറി. ജാഗ്രത പാലിക്കാനും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

ജിദ്ദ ഉൾപ്പെടെയുള്ള ജനവാസ മേഖലകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം. ഖമീസ് മുശൈത്ത്, അബഹ, താഇഫ് നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റതായി സൈനിക സഖ്യം അറിയിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.

ആക്രമണ ഭീഷണി രൂക്ഷമായതോടെ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചു. സൗദിയുടെ തെക്കൻ അതിർത്തി നഗരങ്ങളായ നജ്‌റാൻ, ജിസാൻ എന്നിവിടങ്ങളിലും സമാനമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി യെമനിൽ നിന്ന് സൗദി അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഹൂതി ആക്രമണങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. റെഡ് സീ മേഖലയിലെ ഹൂതി സാന്നിധ്യം ശക്തമായതും ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും മേഖലയിൽ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

സൗദിയുടെ നിർണായക ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നഗരങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണ ഭീഷണി ഉയർന്നത്. പൈപ്പ്‌ലൈൻ തകരാറിലായതോടെ ആഗോള ഇന്ധന വിപണിയിൽ എണ്ണവില ഉയരുകയും വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സൗദി വ്യോമ പ്രതിരോധ സേനയുടെ ശക്തമായ ഇടപെടലിലൂടെ നിരവധി മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ തകർക്കാൻ സാധിച്ചതായാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ചില ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതാണ് ആളുകൾക്ക് പരിക്കേൽക്കാനും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാകാനും കാരണമായത്.

സുരക്ഷാ പരിശോധനകൾക്ക് ശേഷം അടിയന്തര അപകടഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് പിന്നീട് വ്യക്തമാക്കിയെങ്കിലും ജനങ്ങളോട് ജാഗ്രത തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം കടുത്ത ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയും റെഡ് സീ സമുദ്രപാതയിലെയും എണ്ണ വിതരണ ശൃംഖലകളിലെയും തടസ്സങ്ങളും ആഗോളതലത്തിൽ ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സുരക്ഷാ ഇടപെടലുകൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.