Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വിവിധ സ്ഥലങ്ങളില്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍ .വടക്കുകിഴക്കന്‍ അതിര്‍ത്തിയായ അരുണാചലില്‍ സമീപമാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ്, അവിടെ തുടരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ആദ്യമായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
ചൈനീസ് സൈന്യം ടാക്സിങ് മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രധാന പട്രോളിംഗ് പോയിന്റുകളിലേക്ക് ഇന്ത്യന്‍ സേനയ്ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ജൂലൈ മാസം മുതല്‍ തന്നെ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചിരുന്നതായി ഐ ടി ബി പി ഡി.ജി ശത്രുജിത് കപൂര്‍ പറഞ്ഞു. ഐ ടി ബി പി ഉദ്യോഗസ്ഥരുടെ വാര്‍ഷിക അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേ സമയം, ഈ ഏറ്റുമുട്ടലുകളില്‍ തങ്ങളുടെ ‘ശൗര്യ’ കമാന്‍ഡോകള്‍ അസാധാരണമായ രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഐ ടി ബി പി മേധാവി പറഞ്ഞു. പുതുതായി രൂപീകരിച്ച ശൗര്യ കമാന്‍ഡോകള്‍ ഇതില്‍ മാതൃകാപരമായ പങ്കുവഹിച്ചു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ വിദഗ്ധരാണ് ശൗര്യ കമാന്ഡോകളെന്നും അദ്ദേഹം പറഞ്ഞു
ചൈനയാണ് ‘ഏറ്റവും ബുദ്ധിമുട്ടേറിയ’ മുന്നണി എന്ന് സമ്മതിച്ച ഐ ടി ബി പി ഡയറക്ടര്‍ ജനറല്‍ തങ്ങളുടെ എല്ലാ അതിര്‍ത്തി യൂണിറ്റുകളിലും ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും, ഗാല്‍വാന്‍ മാതൃകയിലുള്ള സാഹചര്യങ്ങളെ നന്നായി നേരിടാന്‍ പ്രത്യേക പോരാട്ട പരിശീലന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും, ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
1962-ല്‍ രൂപീകരിച്ച ഐ ടി ബി പി, ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ത്ഥ നിയന്ത്രണരേഖയാണ് കാത്തുസൂക്ഷിക്കുന്നത്.
സമീപ മാസങ്ങളില്‍ അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളാണ് കണ്ടുവരുന്നത്.
അരുണാചല്‍ പ്രദേശില്‍ ചൈനയുടെ പുതിയ കയ്യേറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞതിന് പിറകെയാണ് സേന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
Content Highlights: ITBP DG Shatrujeet Kapoor confirmed ongoing clashes with Chinese troops along the Arunachal Pradesh border. He noted that ITBP Shaurya Commandos performed exceptionally near the LAC in the Taksing sector. Drone platoons and underground infrastructure are being deployed to manage frontier risks.




