Source :- SIRAJLIVE NEWS
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യു പിയില്‍ നടപ്പാക്കിയ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ് നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. മകന്‍ ആയുഷ് മാലികിനെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തില്‍ ചേര്‍ത്തുവെന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ദേവരാജ് സിംഗിന്റെ പരാതിയെ തുടര്‍ന്ന് 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ചാന്ദ്‌നി ഖുറേഷിയെന്ന യുവതിയെയും പിതാവ് ഇസ്‌ലാം ഖുറേഷിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ചാന്ദ്‌നി ഖുറേഷിയുമായുള്ള ആയുഷ് മാലികിന്റെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച മതപുരോഹിതനും ചാന്ദ്‌നി ഖുറേഷിയുടെ ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ആയുഷ് മാലികിനെ പിതാവ് വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ആയുഷ് മാലികിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുഹൃത്ത് അലഹാബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോർപസ് ഹരജി നല്‍കിയതോടെ ഉത്തര്‍പ്രദേശ് പോലീസിന്റെയും ആയുഷ് മാലികിന്റെ പിതാവിന്റെയും കള്ളക്കഥകള്‍ പൊളിഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ആയുഷ് മാലിക് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതും ചാന്ദ്‌നി ഖുറേഷിയെ വിവാഹം ചെയ്തതും സ്വയിഷ്ടപ്രകാരമാണെന്നും 2014 മുതല്‍ ഇസ്‌ലാം മത വിശ്വാസിയാണെന്നും തന്റെ പേര് മുഹമ്മദ് അലി എന്നാണെന്നും കോടതിയെ ബോധ്യപ്പെടുത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് ജസ്റ്റിസ് സന്ദീപ് ജയിന്‍ ആയുഷ് മാലികിനെ വിട്ടയക്കാന്‍ ഉത്തരവിട്ടു. 31 വയസ്സുള്ള ആയുഷ് മാലികിന് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാനും ഇഷ്ടമുള്ളിടത്ത് സഞ്ചരിക്കാനും താമസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും കുടുംബങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ തീരുമാനങ്ങളെ തടയാനാകില്ലെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.
എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശ് പോലീസ് അരിശം തീര്‍ക്കാനായി സംസ്ഥാനത്തെ ഏതാനും മുസ്‌ലിം നാമധാരികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കോടതി വിധിയില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകരായ കരിഷ്മ അസീസ്, നിഖത് അലി, വസീം അക്്റം ത്യാഗി എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുസ്‌ലിം നാമധാരികളായ മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ കലക്ടറേറ്റ് വളപ്പിലെ മസ്ജിദ് യു പി പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയതിനെതിരെ പ്രതികരിച്ച ബി ബി സിയുടെ മുന്‍ റിപോര്‍ട്ടറും യൂട്യൂബറുമായ ഹുദ സാരിവാലയെ പോലീസ് അറസ്റ്റ് ചെയ്തത് ഒരാഴ്ച മുമ്പാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹുദ സാരിവാലയെ അറസ്റ്റ് ചെയ്തത്. 115 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു മാറ്റിയത് ജില്ലാ കോടതി വിധിയെ തുടര്‍ന്നായിരുന്നു. പള്ളി നിര്‍മാണം അനധികൃതമാണെന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വികാസ് ത്യാഗി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതി പള്ളി ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും പള്ളി കമ്മിറ്റിക്ക് 6.14 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സഹാറന്‍പൂരില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഹുദ സാരിവാലയുടെ അറസ്റ്റിന് രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി പോലീസ് രണ്ട് യുവ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചത്. 4 പി എം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ശഹീന്‍ ഖാന്‍, നഫീസ എന്നിവരെയാണ് സാകേത് സ്റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി ആക്രമിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും പങ്കെടുത്ത ഒരു പരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീ സുരക്ഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ചോദ്യം ചോദിക്കുന്നതിനിടയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ വേദിയില്‍ നിന്ന് വലിച്ചിഴച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. പേര് ചോദിച്ച്, തങ്ങള്‍ മുസ്‌ലിംകളാണെന്ന് മനസ്സിലാക്കിയ പോലീസ് മര്‍ദനം ശക്തിപ്പെടുത്തിയതായി ഇരുവരും യൂട്യൂബിലൂടെ വ്യക്തമാക്കുകയുണ്ടായി.
കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “അഖ്ബാറേ മശ്‌രിഖ്’ എന്ന ഉറുദു പത്രത്തിന്റെ പത്രാധിപര്‍ നദീമുല്‍ ഹഖ് എം പിക്കെതിരെ ഇ ഡി കഴിഞ്ഞ ദിവസം കേസെടുക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പിമാരും എം എല്‍ എമാരും കൂട്ടത്തോടെ ബി ജെ പി പക്ഷത്തേക്ക് കാലുമാറിയപ്പോള്‍ മമതാ ബാനര്‍ജിയോടൊപ്പം ഉറച്ചുനിന്ന രാജ്യസഭാ അംഗമായ നദീമുല്‍ ഹഖിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ എന്നതോടൊപ്പം മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ പത്രം പ്രസിദ്ധീകരിച്ചു എന്ന കുറ്റവും ചുമത്തുകയുണ്ടായി. നദീമുല്‍ ഹഖിന്റെ കൊല്‍ക്കത്ത, റാഞ്ചി, ഡല്‍ഹി തുടങ്ങി ഏഴ് ഇടങ്ങളിലെ സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തി. “അഖ്ബാറേ മശ്്രിഖ്’ പത്രത്തിന്റെ പ്രസിദ്ധീകരണ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് 56കാരനായ നദീമുല്‍ ഹഖ്. പത്രം തുടങ്ങിയിട്ട് 40 വര്‍ഷമായി. ബിധാന്‍നഗര്‍ പോലീസ് കമ്മീഷണര്‍ക്ക് ഇ ഡി സമര്‍പ്പിച്ച എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ നദീമുല്‍ ഹഖിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
രണ്ടാഴ്ചക്കുള്ളില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സ്വീകരിച്ച ഈ നടപടികള്‍ യാദൃച്ഛികമാണെന്ന് കരുതാനാകില്ല. രാജ്യത്തെ മുസ്‌ലിം നാമധാരികളായ മാധ്യമ പ്രവര്‍ത്തകരെ ബി ജെ പി സര്‍ക്കാര്‍ ഭയക്കുകയാണ്. അവരെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ പഴുതുകള്‍ തേടുകയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഭാരതീയ ജനതാ പാര്‍ട്ടിയെയും ഹിന്ദുത്വ ശക്തികളെയും പിന്തുണക്കുന്നവയാണെന്ന വസ്തുത നിലനില്‍ക്കെ മുസ്‌ലിം പേരുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുള്ള ഈ നിലപാട് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ എടുത്തണിയുന്ന മറ്റൊരു ഇരുണ്ട കിരീടമാണ്.
2026ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്. റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍ എസ് എഫ്) റിപോര്‍ട്ടില്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിയമപാലകരില്‍ നിന്നും ജുഡീഷ്യല്‍ മേഖലയില്‍ നിന്നും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ സുരക്ഷാ നിയമം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ തലക്കു മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ലസിന്റെ വാളാണെന്നും ആര്‍ എസ് എഫിന്റെ റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
20 കോടി മുസ്‌ലിംകളുള്ള ഇന്ത്യയില്‍ ന്യൂസ് റൂമുകളില്‍ മുസ്‌ലിം പ്രാതിനിധ്യം നന്നേ കുറവാണ്. ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ റിപോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ മുസ്‌ലിം നാമധാരികളായ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം മൂന്ന് ശതമാനമാണ്. ഹിന്ദുത്വവാദികള്‍ ഈ മൂന്ന് ശതമാനത്തെപ്പോലും ഭയപ്പെടുകയാണ്. കഴിഞ്ഞ നവംബറില്‍ യു പിയിലെ ഉപതിരഞ്ഞെടുപ്പിനിടയില്‍ ബി ജെ പി. എം എല്‍ എ ഡോ. ശലഭ് മണി ത്രിപാഠി മുറാദാബാദിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മുസ്‌ലിം നാമധാരികളായ മാധ്യമ പ്രവര്‍ത്തകരുടെ പട്ടിക പുറത്തിറക്കുകയും ഇവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് എന്തിനാണെന്ന് വ്യക്തമാണ്. പട്ടികയിലുള്ളവരെ ബി ജെ പി നേതാവ് വിശേഷിപ്പിച്ചത് “മീഡിയ ജിഹാദികള്‍’ എന്നായിരുന്നു.
Content Highlights:
The Allahabad High Court struck down a case filed under Uttar Pradesh’s anti-conversion law, affirming an adult’s right to choose their faith and partner. Following the verdict, UP police booked several Muslim journalists for reporting on the case, raising concerns over media freedom.




