Source :- SIRAJLIVE NEWS
അരീക്കോട് (മലപ്പുറം) | കാല്‍പ്പന്തില്‍ പുതിയ അധ്യായങ്ങള്‍ തീര്‍ത്ത മൈത്ര കൊറളിയാടന്‍ അസീമിന്റെ (45) മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ പ്രിയപ്പെട്ടവര്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരനായ അസീം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. പഠനകാലം മുതല്‍ക്കെ ഫുട്ബോളിനെ നെഞ്ചേറ്റിയ അസീം പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ്.
എം ഇ എസ് മമ്പാട് കോളജിലൂടെ കാലിക്കറ്റ് സര്‍വകലാശാല ടീമിലും തുടര്‍ന്ന് മലപ്പുറം ജില്ലാ ടീമിലും പന്ത് തട്ടിയാണ് അസീം കരിയറിന് തുടക്കമിട്ടത്. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വി പി സത്യന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ബേങ്ക് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത് കരിയറിലെ വഴിത്തിരിവായി. സത്യന്റെ കര്‍ശനമായ പരിശീലന ശൈലി അസീം എന്ന ആക്രമണ ഫുട്ബോളറെ വാര്‍ത്തെടുത്തു. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ അസീം നിറഞ്ഞാടി. 2006-07 ഗവര്‍ണേഴ്സ് കപ്പിലെ ടോപ് സ്‌കോറര്‍ പട്ടം അദ്ദേഹത്തിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗിന് ലഭിച്ച അംഗീകാരമായിരുന്നു.
അണ്ടര്‍ 21 കേരള ടീമിന്റെ ഭാഗമായിരുന്ന അസീം മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞിരുന്നു. 2005ല്‍ വാസ്‌കോ ഗോവക്ക് വേണ്ടിയാണ് അസീം ആദ്യമായി ക്ലബ് മത്സരത്തില്‍ മാറ്റുരക്കുന്നത്. 2006ല്‍ സാല്‍ഗോക്കര്‍ ഗോവയുടെയും 2007- 2009 സീസണില്‍ മുംബൈ എഫ് സിയുടെയും ഭാഗമായി. 2009-10 സീസണില്‍ മഹീന്ദ്ര യുനൈറ്റഡിനായി കളത്തിലിറങ്ങി. 2010-11 സീസണില്‍ ഈസ്റ്റ് ബംഗാളില്‍. സന്തോഷ് ട്രോഫിയില്‍ 2010ല്‍ മഹാരാഷ്ട്രക്കും 2013ല്‍ തമിഴ്‌നാടിനും വേണ്ടി ബൂട്ടണിഞ്ഞു.
ഒമ്പത് സീസണുകളില്‍ ഐ ലീഗില്‍ കളിച്ച അസീം ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്‍ഡ് കപ്പ്, ഐ എഫ് എ ഷീല്‍ഡ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ വിവിധ ക്ലബുകളെ പ്രതിനിധാനം ചെയ്തു. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മാത്രമല്ല സെവന്‍സ് മൈതാനങ്ങളിലെയും അസീമിന്റെ കളിമികവ് കാണികള്‍ക്ക് വിരുന്നൊരുക്കി.
16 വര്‍ഷമായി കസ്റ്റംസിന്റെ വിവിധ യൂനിറ്റുകളില്‍ ജോലി ചെയ്തു വരികയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് രാത്രിയോടെ വീട്ടിലെത്തിച്ച മയ്യിത്ത് മൈത്ര ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആയിരങ്ങളാണ് അന്ത്യകര്‍മത്തിനായി എത്തിയത്. എസ് വൈ എസ് പുത്തലം യൂനിറ്റ് അംഗമായിരുന്നു.
Content Highlights:
Areacode native Aseem, who dedicated his entire childhood and youth to football, has passed away. His demise leaves a deep void in Malappuram’s sports community. Fans and locals mourn the loss of the legendary local football figure.



