Home LATEST NEWS malyalam പുതിയ വാർത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ അപരരോ?

ഇതര സംസ്ഥാന തൊഴിലാളികള്‍ അപരരോ?

5
0

Source :- SIRAJLIVE NEWS

കേരളീയ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹികഘടനയുടെയും ചാലക ശക്തിയായി മാറിയ ഇതര സംസ്ഥാന തൊഴിലാളികളെയും അവരിലൂടെയുള്ള പണമൊഴുക്കിനെയും സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ “റിവേഴ്‌സ് റെമിറ്റന്‍സ്’ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ലളിതമായ സമവാക്യങ്ങള്‍ വെച്ചോ, ഇടുങ്ങിയ പ്രാദേശികവാദ ചിന്തകളിലോ അളന്നു തീര്‍ക്കാവുന്നതല്ല മനുഷ്യന്റെ അധ്വാനവും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ വിനിമയവും. വിദേശ രാജ്യങ്ങളില്‍ ചോരനീരാക്കി പണിയെടുത്തുണ്ടാക്കുന്ന റെമിറ്റന്‍സ് (ബാഹ്യവരുമാനം) കൊണ്ട് അതിജീവനത്തിന്റെ അധ്യായം രചിച്ച ഒരു സംസ്ഥാനം സ്വന്തം മണ്ണില്‍ വന്ന് അധ്വാനിക്കുന്ന മനുഷ്യരുടെ കൂലിയെ ചോര്‍ച്ചയായി കണക്കാക്കുന്നത് ചരിത്രപരമായ വിരോധാഭാസമാണ്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതക്കും ആഗോളതലത്തില്‍ മലയാളി കൈവരിച്ച പ്രവാസി സ്വത്വത്തിനും നിരക്കാത്തതായിപ്പോയി ഈ പ്രസ്താവന.

ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത സാമ്പത്തിക വ്യവസ്ഥയാണ് നിലവില്‍ കേരളത്തിന്റേത്. നിര്‍മാണ മേഖല, ചെറുകിട വ്യവസായങ്ങള്‍, കൃഷി, ഹോട്ടലുകള്‍, മത്സ്യബന്ധനം തുടങ്ങി സര്‍വത്ര തൊഴില്‍ മേഖലകളിലും പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം ധാരാളമുണ്ട്. കേരളീയ യുവാക്കള്‍ വിദേശ തൊഴിലവസരങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും നീങ്ങിയതോടെ രൂപപ്പെട്ട തൊഴിലാളി ക്ഷാമം നികത്തിയത് അവരാണ്. മറ്റിടങ്ങളില്‍ പോയി അധ്വാനിക്കുന്ന തൊഴിലാളികള്‍ അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കുടുംബങ്ങള്‍ക്ക് അയക്കുന്നത് പുതിയ കാര്യമല്ല. സാമ്പത്തിക ശാസ്ത്രത്തില്‍ സ്വാഭാവിക പ്രക്രിയയാണിത്. ഇത് ഓരോവ്യക്തിയുടെയും അവകാശമാണ്. അതിനെ സാമ്പത്തിക നഷ്ടത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്നത് ചിന്താശൂന്യവും. സ്വന്തം അധ്വാനത്തിന്റെ ഫലമാണ് അവര്‍ അയക്കുന്നത്. സര്‍ക്കാറിന്റെ ഔദാര്യമോ, സൗജന്യമോ അല്ല. അധ്വാനത്തിന്റെ മൂല്യവും വേതനത്തിന്റെ അവകാശവും അതിരുകള്‍ക്കപ്പുറത്താണ്.

ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി ജോലി ചെയ്ത് അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തിയത്. ഏതെങ്കിലുമൊരു ഗള്‍ഫ് നാട്ടിലെ ഭരണാധികാരി “മലയാളികള്‍ ഇവിടുത്തെ പണം കേരളത്തിലേക്ക് ഒഴുക്കുന്നു. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക് അത് ഭീഷണിയാണെ’ന്നു പ്രസ്താവിച്ചാല്‍ എന്തായിരിക്കും കേരളീയ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതികരണം? വംശീയമെന്നോ, വിവേചനപരമെന്നോ കുറ്റപ്പെടുത്തിയായിരിക്കില്ലേ നാം അതിനെ പ്രതിരോധിക്കുന്നത്? ഗള്‍ഫ് നാടുകളില്‍ അറബികള്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്ന ജോലികള്‍ ചെയ്യാന്‍ മലയാളി തയ്യാറായതു കൊണ്ടാണ് അവിടെ നമുക്ക് ഇടം ലഭിച്ചത്. സമാന സാഹചര്യമാണ് കേരളത്തിലും നിലനില്‍ക്കുന്നത്. ഉയര്‍ന്ന സാക്ഷരതയും ജീവിതനിലവാരവും കാരണം മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലി കുറഞ്ഞ കൂലിക്ക് ചെയ്യാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തയ്യാറാകുന്നു. കേരളത്തിന്റെ വികസനമുരടിപ്പ് ഒഴിവാകുന്നത് ഇതുകൊണ്ടാണ്. ഇവര്‍ പെട്ടെന്നൊരു ദിവസം കേരളം വിട്ടാല്‍ സംസ്ഥാനത്തെ നിര്‍മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും സ്തംഭിക്കും. ഇത് വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടം അവര്‍ നാട്ടിലേക്ക് അയക്കുന്നതിനേക്കാള്‍ പതിന്മടങ്ങായിരിക്കും.

1970കളില്‍ ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഉയര്‍ത്തിയ “മണ്ണിന്റെ മക്കള്‍’ വാദത്തെ ഓര്‍മപ്പെടുത്തുന്നു മുഖ്യമന്ത്രിയുടെ “റിവേഴ്‌സ് റെമിറ്റന്‍സ്’ പരാമര്‍ശം. മുംബൈയിലെ ബേങ്കുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന ദക്ഷിണേന്ത്യക്കാര്‍ വിശിഷ്യാ മലയാളികളും തമിഴരും മറാത്തികളുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുകയും മഹാരാഷ്ട്രയുടെ പണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുകയും ചെയ്യുന്നുവെന്നായിരുന്നു അന്ന് ശിവസേനയുടെ ആരോപണം. മുംബൈയില്‍ അക്കാലത്ത് മലയാളികള്‍ക്ക് ശിവസേന ചാര്‍ത്തിയ “അപരന്‍’ പദവിയാണ് കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ പ്രസ്താവനയിലൂടെ ചാര്‍ത്തുന്നത്.

ഇവർ സമ്പാദിക്കുന്ന പണം മുഴുവന്‍ പുറത്തേക്ക് പോവുകയാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്. 30- 35 ലക്ഷം വരുന്ന ഇവര്‍ തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, യാത്ര തുടങ്ങിയ ദൈനംദിന ജീവിതത്തിനായി വലിയൊരു തുക കേരളത്തില്‍ തന്നെയാണ് ചെലവിടുന്നത്. അവര്‍ വാങ്ങുന്ന ഓരോ ഉത്പന്നത്തിന്റെയും ജി എസ് ടി ഇനത്തില്‍ വലിയൊരു തുക സംസ്ഥാന ഖജനാവിലേക്ക് നികുതിയായി എത്തുന്നുണ്ട്. കേരളത്തിലെ ആഭ്യന്തര വിപണി സജീവമായി നിലനിര്‍ത്തുന്നതില്‍ ഇവരുടെ പങ്ക് ചെറുതല്ല. വിപണിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ ഒരു കൊടുക്കല്‍- വാങ്ങല്‍ പ്രക്രിയയാണ് നടക്കുന്നത്. കേരളത്തിന് സാമ്പത്തിക പ്രയാസമുണ്ടായിരിക്കാം. അത് വരച്ചുകാണിക്കേണ്ടത് ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കിയല്ല. അവര്‍ക്ക് മേല്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ സാമ്പത്തിക ചെലവിടലില്‍ ഇടപെടുകയോ ചെയ്യേണ്ടെന്നല്ല. പക്ഷേ, അധിക്ഷേപത്തിന് തുല്യമായ വാക്കുകള്‍ അപലപനീയമാണ്.

മനുഷ്യാവകാശങ്ങള്‍ക്കും തൊഴിലാളികളുടെ വിയര്‍പ്പിനും മുന്‍ഗണന നല്‍കിയ രാഷ്ട്രീയപാരമ്പര്യമാണ് സംസ്ഥാനത്തിന്റേത്. ഇതേ കേരളത്തില്‍ അധ്വാനിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകുന്നത് നാടിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ല. ഇതര സംസ്ഥാന തൊഴിലാളികളെ കേവലമൊരു സാമ്പത്തിക ഘടകമായി കാണാതെ അവരെ മനുഷ്യരായി ഉള്‍ക്കൊള്ളാനുള്ള സാമാന്യബോധം നേതാക്കള്‍ക്കുണ്ടാകണം. സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ, കഠിനാധ്വാനം ചെയ്യുന്ന അവരുടെ അന്തസ്സും സാമൂഹികസുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്.

Content Highlights: The Chief Minister V D Satheesan sparked controversy by terming the money sent home by migrant workers as reverse remittance. These laborers are essential to Kerala’s economy, filling crucial manpower gaps in fields like construction. Labeling their hard-earned wages as a drain overlooks their contributions via local spending and taxes.