Home rss national malayalam പുതിയ വാർത്ത ഇ സിയുടെ ഔദ്യോഗിക യാത്രാ ചെലവ് കിടപ്പറ രഹസ്യമോ?

ഇ സിയുടെ ഔദ്യോഗിക യാത്രാ ചെലവ് കിടപ്പറ രഹസ്യമോ?

7
0

Source :- SIRAJLIVE NEWS

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ ഔദ്യോഗിക യാത്രാ വിവരങ്ങളും ഇതിനായി ചെലവിട്ട പൊതുപണത്തിന്റെ കണക്കും പുറത്തുവിടാന്‍ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. വിവരാവകാശ നിയമ പ്രകാരം മുന്‍ രാജ്യസഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ സാകേത് ഗോഖലെ സമര്‍പ്പിച്ച ഹരജിയിലാണ്, വ്യക്തിഗത വിവരങ്ങളായതിനാല്‍ പുറത്തുവിടാനാകില്ലെന്ന് കമ്മീഷന്‍ മറുപടി നല്‍കിയത്.

വിവരാവകാശ നിയമത്തിലെ സെക്്ഷന്‍ 8(1 ജെ) ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചത്. പൊതുതാത്പര്യത്തിന്റെ ഗണത്തില്‍ പെടാത്ത വ്യക്തിഗത വിവരങ്ങളും സ്വകാര്യതയെ ബാധിക്കുന്നതുമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഇളവ് നല്‍കുന്നതാണ് ഈ വകുപ്പ്. എന്നാല്‍ ഇ സിയുടെ സ്വകാര്യ യാത്രകളുടെ വിവരമല്ല സാകേത് ഗോഖലെ ആവശ്യപ്പെട്ടത്. ഔദ്യോഗിക യാത്രകളുടേതാണ്. അദ്ദേഹം എവിടേക്കാണ് ഔദ്യോഗികമായി പോയത്, എന്തിനാണ് പോയത്, എത്രമാത്രം പണം ചെലവായി തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളെയാണ് സ്വകാര്യതയുടെ ഗണത്തില്‍ പെടുത്തി മൂടിവെക്കാന്‍ ശ്രമിക്കുന്നത്! രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പ് വരുത്താന്‍ സ്ഥാപിതമായ കമ്മീഷന്‍ തന്നെ സുതാര്യതയുടെ തത്ത്വങ്ങളെ കാറ്റില്‍ പറത്തുന്നത് പരിഹാസ്യമാണ്.

സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതു തന്നെ. ഒരു വ്യക്തിയുടെ കുടുംബ ജീവിതം, സ്വകാര്യ ബന്ധങ്ങള്‍, വ്യക്തിപരമായ ആരോഗ്യവിവരങ്ങള്‍ തുടങ്ങിയവയാണ് സ്വകാര്യതയുടെ പരിധിയില്‍ വരുന്നത്. ഒരു ഭരണഘടനാപരമായ പദവിയിലിരിക്കുന്ന വ്യക്തി തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമെന്ന നിലയില്‍ നടത്തിയ യാത്രകള്‍ എങ്ങനെയാണ് വ്യക്തിഗതവും സ്വകാര്യവുമാകുന്നത്? പൊതുപണം ഉപയോഗിച്ച് നടത്തുന്ന യാത്രാ ചെലവുകള്‍ക്ക്, അതിലെ ഓരോ രൂപക്കും പൊതുസമൂഹത്തോട് കണക്ക് ബോധിപ്പിക്കാന്‍ ബാധ്യസ്ഥരാണ് പൊതുസ്ഥാപനങ്ങളുടെ അമരത്തിലിരിക്കുന്നവര്‍. കമ്മീഷണറുടെ കിടപ്പുമുറിയിലെ സ്വകാര്യതയല്ല ഇതൊന്നും; പൊതുവിവരത്തിന്റെ പരിധിയില്‍ വരുന്നതാണ്.

പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, കോടതി ന്യായാധിപന്മാര്‍, ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഔദ്യോഗിക പദവിയിലിരിക്കുന്നവരെല്ലാം അവരുടെ ഔദ്യോഗിക യാത്രാ വിവരങ്ങളും അതിനു ചെലവിട്ട പണത്തിന്റെ കണക്കുകളും പാര്‍ലിമെന്റിലും പൊതുവേദികളിലും വെളിപ്പെടുത്താറുണ്ട്. പ്രധാനമന്ത്രിയുടെ യാത്രാ ചെലവുകള്‍ ചോദ്യോത്തര വേളയില്‍ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുന്നത് പതിവാണ്. ഭരണഘടനയുടെ ഉയര്‍ന്ന പദവിയിലിരിക്കുന്ന പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത വിശേഷാധികാരവും സംരക്ഷണവുമാണോ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അവകാശപ്പെടുന്നത്? നിയമപരമായ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉന്നത സ്ഥാനീയരാണ് തങ്ങളെന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നത് ജനാധിപത്യത്തിന് അപകടകരമാണ്.

പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും ഔദ്യോഗിക യാത്രകള്‍ക്ക് ചെലവിടുന്ന തുകയുടെ കണക്ക് അവരുടെ വ്യക്തിഗത വിവരങ്ങളല്ലെന്നും വെളിപ്പെടുത്തേണ്ടതാണെന്നും സുപ്രീം കോടതി പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷനും പുറപ്പെടുപ്പിച്ചിട്ടുണ്ട് സമാന ഉത്തരവുകള്‍. ഇതിന്റെ ലംഘനമാണ് ഇ സിയുടെ ഇപ്പോഴത്തെ നടപടി. വ്യക്തിഹത്യ, സുരക്ഷാ ഭീഷണി, വലിയ തോതിലുള്ള അപമാനം തുടങ്ങിയവ ഭയപ്പെട്ടാല്‍ മാത്രമാണ് വിവരാവകാശ നിയമത്തിലെ സെക്്ഷന്‍ 8(1 ജെ) പ്രകാരം വിവരം വെളിപ്പെടുത്താതിരിക്കാന്‍ അനുമതി നല്‍കുന്നത്. മുഖ്യ തിര. കമ്മീഷണറുടെ യാത്രാ വിവരക്കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ എന്ത് സുരക്ഷാ ഭീഷണിയാണുള്ളത്? രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ഥികളില്‍ നിന്നും മറ്റും നിയമാനുസൃത വിവരങ്ങളും കണക്കുകളും ആവശ്യപ്പെടുന്ന സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. “മറ്റുള്ളവരോട് ചോദിക്കാം, ഞങ്ങളോട് ചോദിക്കരുത്’ എന്ന കമ്മീഷന്റെ നയം ഇരട്ടത്താപ്പാണ്.

ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തനങ്ങളിലാണ് ആദ്യം ജനാധിപത്യപരമായ പരിശോധന അനുവദിക്കേണ്ടത്. ഇല്ലെങ്കില്‍ സന്ദേഹത്തിനിട വരുത്തും. വോട്ടര്‍ പട്ടിക പരിഷ്‌കരണം, പ്രത്യേക തീവ്രപരിശോധന, ഭരണകക്ഷി നേതാക്കളുടെ തിരഞ്ഞെടുപ്പ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിമുഖത, വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളിലെ കമ്മീഷന്റെ നടപടികളെയും നിലപാടുകളെയും കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളിലും പൊതുസമൂഹത്തിലും സംശയം ഉയര്‍ന്ന സാഹചര്യമാണ് നിലവില്‍. അതിനിടെ യാത്രാ ചെലവ് പുറത്തു വിടാനുള്ള വിമുഖത ഈ സംശയങ്ങള്‍ക്ക് ബലമേകും. വിവരങ്ങളും രേഖകളും മറച്ചുവെക്കുകയല്ല, പുറത്തുവിടുകയാണ് സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ശരിയായ മാര്‍ഗം.

നിഴലുകളില്‍ നിന്നുകൊണ്ടുള്ള ഭരണ നിര്‍വഹണം ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. വെളിച്ചത്തില്‍ നടത്തുന്ന കൃത്യനിര്‍വഹണമാണ് ജനാധിപത്യം. സാകേത് ഗോഖലെ ഉന്നയിച്ച ചോദ്യം അദ്ദേഹത്തിന്റെയോ തൃണമൂല്‍ പാര്‍ട്ടിയുടെയോ മാത്രം പ്രശ്‌നമല്ല. വിവരങ്ങള്‍ അറിയാനുള്ള ഇന്ത്യന്‍ ജനതയുടെ അവകാശത്തിന്റെ പ്രശ്‌നമാണ്. തങ്ങള്‍ ആര്‍ക്കും ഉത്തരം നല്‍കേണ്ടതില്ലാത്ത അധികാര ശക്തികളാണെന്ന മിഥ്യാധാരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിക്കണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ യാത്രാചെലവുകള്‍ കൃത്യമായി ജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നതാണ് മാന്യത. കണക്കില്‍ ക്രമക്കേടുകളില്ലെങ്കില്‍ എന്തിനാണ് മറച്ചുവെക്കുന്നത്?

Content Highlights:
The Election Commission refused to disclose Chief Election Commissioner Gyanesh Kumar’s travel expenses requested under RTI by Saket Gokhale, citing privacy exemptions. Critics argue official travel using public funds requires public accountability rather than secrecy.